1. News

നെല്ല് സംഭരണതുക വിതരണത്തിലെ പ്രതിസന്ധി ഉടൻ പരിഹരിക്കും: കൃഷിമന്ത്രി

എലപ്പുള്ളി കൃഷിഭവനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു

Darsana J
നെല്ല് സംഭരണതുക വിതരണത്തിലെ പ്രതിസന്ധി ഉടൻ പരിഹരിക്കും: കൃഷിമന്ത്രി
നെല്ല് സംഭരണതുക വിതരണത്തിലെ പ്രതിസന്ധി ഉടൻ പരിഹരിക്കും: കൃഷിമന്ത്രി

പാലക്കാട്: ജില്ലയിൽ നെല്ല് സംഭരണതുക നൽകുന്നതിലുള്ള പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്ന് കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. എലപ്പുള്ളി കൃഷിഭവനിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം കുന്നാച്ചി കൺവെൻഷൻ സെന്ററിൽ വച്ച് മന്ത്രി നിർവഹിച്ചു. 20 ഓളം മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ച വിഷയത്തിൽ എലപ്പുള്ളി പഞ്ചായത്തിനെയും കൃഷിഭവനേയും മന്ത്രി അഭിനന്ദിച്ചു.

കൂടുതൽ വാർത്തകൾ: പാലുൽപാദനം കൂട്ടാൻ പശുക്കളുടെ ആഹാരരീതി പരിശോധിക്കും: ക്ഷീരവികസന മന്ത്രി

മന്ത്രിയുടെ വാക്കുകൾ..

കർഷകർക്ക് കാലതാമസമില്ലാതെ പൈസ ലഭ്യമാക്കാനുള്ള ഇടപെടലുകൾ ഉണ്ടാകും. നെൽകൃഷി, സംഭരണം, വിത്ത് വിതരണം എന്നിവ സംബന്ധിച്ച പ്രതിസന്ധികൾ പരിഹരിക്കുന്നതിനായി ഒരു സമിതിയെ ചുമതലപ്പെടുത്തും. അതിന്റെ റിപ്പോർട്ട് പരിശോധിച്ച് ഫലപ്രദമായ ഇടപെടലുകളും ഉണ്ടാക്കും. സംസ്ഥാനത്ത് കാർഷിക മേഖല തകരുകയല്ല വളരുകയാണ്, വിളയ്ക്കനുസരിച്ചല്ല കൃഷിയിടത്തിനനുസരിച്ച് ആസൂത്രണം ചെയ്തു വേണം കൃഷി നടത്താൻ. എന്തെല്ലാം ഇനങ്ങൾ ഏതെല്ലാം സ്ഥലങ്ങളിൽ വിളവെടുക്കാമെന്നും ഉത്പന്നങ്ങളുടെ ആവശ്യകത എത്രത്തോളമുണ്ടെന്നും മനസ്സിലാക്കി കൃഷി ചെയ്യണം.

ഉത്പന്നങ്ങൾ കെട്ടിക്കിടക്കുന്ന അവസ്ഥ ഉണ്ടാകാതെ വിപണനം നടക്കണം. കർഷകരുടെ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനും വിപണനം നടത്തുന്നതിനും സ്റ്റാളുകൾ സജ്ജീകരിച്ച് പ്രചരണം നടത്തണം. ജില്ലയിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്കായി വിൽപ്പനക്കാരെയും വാങ്ങുന്ന ആൾക്കാരെയും ഉൾപ്പെടുത്തി അടുത്ത മാസങ്ങളിൽ തന്നെ ഒരു ബിസിനസ് ടു ബിസിനസ് മീറ്റ് സംഘടിപ്പിക്കും. ഒരു കൃഷിഭവനിൽ നിന്നും ഒരു മൂല്യവർധിത ഉത്പന്നമെങ്കിലും ഉണ്ടാക്കണം എന്ന നിർദ്ദേശത്തെ തുടർന്ന് 700 ഓളം കൃഷിഭവനുകളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിച്ചു. 

ചടങ്ങിൽ പച്ചക്കറി വികസന പദ്ധതിയിൽ ഉൾപ്പെട്ട ട്രാൻസ്ജെൻഡർ കർഷക ശ്രീദേവിക്ക് ഭൂമി കൈമാറ്റ ഉടമ്പടി നൽകി. കൂടാതെ എലപ്പുള്ളി ഗ്രാമപഞ്ചായത്തിലെ മുതിർന്ന കർഷകനും കേരകേസരി അവാർഡ് ജേതാവുമായ എ. വേലായുധനെ മന്ത്രി ആദരിച്ചു. ഓർഗാനിക് ഫാമിംഗ് പദ്ധതിയിൽ ഉൾപ്പെട്ട സജൈവം ജൈവവള വിതരണത്തിന്റെ ഉദ്ഘാടനവും കർഷക കർമ്മ സേന സർട്ടിഫിക്കറ്റ് വിതരണവും നടത്തി. ആറിനം നെൽവിത്തുകളുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. കൃഷിക്കൂട്ടങ്ങളുടെ മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ കൈമാറ്റവും പ്രദർശനവും നടത്തി.

പരിപാടിയിൽ എലപ്പുള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. സുനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പത്മിനി ടീച്ചർ, മിനി മുരളി, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജെ. മഹേഷ്, ചെയർപേഴ്സൺ കെ.വി പുണ്യകുമാരി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ശരവണ കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആർ രാജകുമാരി, കൃഷി ഓഫീസർ വി.എസ് വിനോദ് കുമാർ, പാടശേഖര സമിതി അംഗങ്ങൾ, കർഷകർ, വിവിധ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

English Summary: The crisis in the distribution of paddy procurement amount will be resolved soon in palakkad

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds