1. പിഎം കിസാൻ സമ്മാൻ നിധി ആനുകൂല്യം മുടങ്ങാതെ ലഭിക്കാൻ ഗുണഭോക്താക്കൾ ഒക്ടോബർ 31നകം നടപടികൾ പൂർത്തിയാക്കണം. ഭൂമിസംബന്ധമായ രേഖകൾ കൃഷിവകുപ്പിന്റെ എയിംസ് പോർട്ടലിലൂടെ രേഖപ്പെടുത്താം. കൂടാതെ, ബാങ്ക് അക്കൗണ്ട് ആധാറുമായി ബന്ധിപ്പിക്കുകയും, ഇ-കെ.വൈ.സി പൂർത്തിയാക്കുകയും വേണം. ഇ-കെ.വൈ.സി പൂർത്തിയാക്കാൻ PMKISAN GoI എന്ന മൊബൈൽ ആപ്ലിക്കേഷനും ഉപയോഗിക്കാം. പോസ്റ്റോഫീസ്, അക്ഷയ, പോലുള്ള ജനസേവന കേന്ദ്രങ്ങൾ വഴി എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കാൻ സാധിക്കും. അതേസമയം, ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉണ്ടായിട്ടില്ലെങ്കിലും നവംബർ 27ന് 15-ാം ഗഡു വിതരണം ചെയ്യുമെന്നാണ് സൂചന.
2. മഴമറ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. വെളളാനിക്കര ഐ സി എ ആര്‍ മിത്രനികേതന്‍ കൃഷി വിജ്ഞാന്‍ കേന്ദ്രത്തില്‍ വച്ച് നവംബര്‍ 4-നാണ് പരിശീലനം നടക്കുന്നത്. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി 9400288040 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാം.
കൂടുതൽ വാർത്തകൾ: 2 ചക്രവാതച്ചുഴികൾ; കേരളത്തിൽ 8 ജില്ലകളിൽ യെല്ലോ അലർട്ട്
3. യുവാക്കളിലേക്ക് ക്ഷീരമേഖലയുടെ സാധ്യതകൾ കൈമാറ്റം ചെയ്യണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ക്ഷീര വികസന വകുപ്പിന്റെയും വെള്ളാങ്കല്ലൂർ ഗ്രാമപഞ്ചായത്തിന്റെയും ക്ഷീര സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്ഷീര സംഗമം മന്ത്രി ഉദ്ഘാടനം ചെയ്തു. ക്ഷീര മേഖലയിലെ കർഷകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തുന്നതിനും പെൻഷൻ നൽകുന്നതിനുമുള്ള പ്രവർത്തനങ്ങൾ ബ്ലോക്ക് തലത്തിൽ മികച്ച രീതിയിൽ നടത്തണമെന്നും, തീറ്റപ്പുൽ കൃഷി, അസോള കൃഷി തുടങ്ങിയവ പ്രോത്സാഹിപ്പിച്ച് കന്നുകാലികൾക്ക് പോഷക സമൃദ്ധമായ ആഹാരം ഉറപ്പുവരുത്താൻ ശ്രമിക്കണമെന്നും ചടങ്ങിൽ മന്ത്രി കൂട്ടിച്ചേർത്തു.
4. പാലക്കാട് ജില്ലയില്‍ നെല്ല് സംഭരണം പുരോഗമിക്കുന്നു. ഒക്ടോബര്‍ ആദ്യവാരത്തോടെ ആലത്തൂര്‍ താലൂക്കിൽ നിന്നാണ് സംഭരണം ആരംഭിച്ചത്, ഇതുവരെ 1791.98 മെട്രിക് ടണ്‍ നെല്ല് സംഭരിച്ചതായി പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ ജില്ലാ വികസന സമിതി യോഗത്തില്‍ അറിയിച്ചു. 11 മില്ലുകളാണ് നെല്ല് സംഭരിക്കുന്നത്. നെല്ല് സംഭരണത്തിനായി കൃഷി വകുപ്പില്‍ നിന്ന് 18 കൃഷി അസിസ്റ്റന്റുമാരെ പ്രൊക്യുര്‍മെന്റ് അസിസ്റ്റന്റായി നിയമിച്ചിട്ടുണ്ട്. ജില്ലയിലെ 49,730 കർഷകർ നെല്ല് സംഭരണത്തിനായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.