കർഷക സമ്മാൻ നിധിയുടെ പന്ത്രണ്ടാമത്തെ ഗഡു വിതരണവും കാർഷിക മേഖലയിൽ സംരംഭകരുടെ സമ്മേളനവും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോഡി ഉത്ഘാടനം ചെയ്തതിന്റ തത്സമയ സംപ്രേക്ഷണം വീക്ഷിക്കാനായി സംഘടിപ്പിച്ച കർഷക സംഗമം കർഷകർക്ക് തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കാനുള്ള വേദിയായി.
ആലപ്പുഴ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം (കായംകുളം)ത്തിൽ ഒരുക്കിയ ചടങ്ങിൽ നൂതന കാർഷിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ വിവിധ കാർഷിക മേഖലയിൽ വിജയം കൈവരിച്ച തെരഞ്ഞെടുത്ത 25 കർഷകരിൽ ശ്രീ. കേ. എം. സലീം (വിള വൈവിദ്ധ്യവത്കരണം ), ശ്രീമതി രാജമ്മ ഭാസ്കരൻ (സംയോജിത കൃഷി ), ശ്രീമതി രാധാമണി (കൂൺ കൃഷി ), ശ്രീമതി മറിയാമ്മ ജോൺ (മൂല്യ വർദ്ധിത ഉത്പന്ന നിർമ്മാണം ), ശ്രീമതി ശ്രീദേവി (സ്വയം സംരംഭം) എന്നിവർ അനുഭവങ്ങൾ പങ്ക് വെച്ചു.
കാർഷിക മേഖലയിൽ നടപ്പിലാക്കുന്ന സർക്കാരിന്റെ വിവിധ പദ്ധതികൾ ഉപയോഗപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മുഖ്യാഥിതിയായ കായംകുളം മുനിസിപ്പാലിറ്റി കൗൺസിലർ ശ്രീമതി ബിനു അശോക് ഓർമ്മിപ്പിച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ കൃഷി വിജ്ഞാന കേന്ദ്രം പരിചയപ്പെടുത്തിയ കാർഷിക സാങ്കേതിക വിദ്യകളുടെ പങ്ക് കെ. വി. കെ. മേധാവി ഡോ. പി മുരളീധരൻ തന്റെ ആമുഖ പ്രഭാഷണത്തിൽ ഊന്നി പറഞ്ഞു. വിവിധ സാങ്കേതിക വിദ്യാ ഉപാധികൾ അടങ്ങിയ കിറ്റ് പങ്കെടുത്ത 65 കർഷകർക്ക് നൽകി.
കർഷകരുടെ അനുഭവസാക്ഷ്യം പങ്കെടുത്ത മറ്റു കർഷകർക്ക് കൂടുതൽ ഉണർവും ഉത്തേജനും നൽകാൻ സഹായിച്ചതായി കർഷകർ അഭിപ്രായപ്പെട്ടു. സംശയ നിവാരണ വേളയിൽ കൃഷി വിജ്ഞാന കേന്ദ്ര ത്തിലെ വിഷയ വിദഗ്ദ്ധർ കർഷകർക്ക് മറുപടി നൽകി.