1. പിഎം കിസാൻ സമ്മാൻ നിധിയുടെ 14-ാം ഗഡുവിന് അർഹതയുണ്ടോയെന്ന് ഇപ്പോൾ അറിയാം. PM Kisanന്റെ ഔദ്യോഗിക പോർട്ടല്‍ സന്ദര്‍ശിച്ച്, 'ബെനിഫിഷ്യറി സ്റ്റാറ്റസ്' ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറോ സ്‌കീമുമായി ലിങ്ക് ചെയ്‌തിരിക്കുന്ന 10 അക്ക മൊബൈൽ നമ്പറോ നൽകണം. ശേഷം, സ്ക്രീനിൽ കാണുന്ന ക്യാപ്ച കോഡ് നൽകണം.
ഇതിനുശേഷം സ്ക്രീനിൽ സ്റ്റാറ്റസ് കാണാൻ സാധിക്കും. ഇ-കെവൈസി, യോഗ്യത, ലാൻഡ് സീഡിംഗ് എന്നിവ കൃത്യമാണോയെന്ന് പരിശോധിക്കണം.
ഈ മൂന്നെണ്ണത്തിൽ ഏതെങ്കിലും ഒന്നിന് മുന്നിൽ 'ഇല്ല'എന്ന് കാണിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് ഇൻസ്‌റ്റാൾമെന്‍റ് നഷ്ടമാകും. 'അതെ' എന്നാണെങ്കിൽ ആനുകൂല്യം ലഭിക്കും. ഫെബ്രുവരി 27 നാണ് 13-ാം ഗഡു കര്‍ഷകര്‍ക്ക് ലഭിച്ചത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നല്‍കുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ കിസാൻ സമ്മാൻ നിധി ആരംഭിച്ചത്. നിലവിൽ 4 മാസത്തിലൊരിക്കലാണ് ധനസഹായം കർഷകർക്ക് ലഭിക്കുന്നത്.
കൂടുതൽ വാർത്തകൾ: ലഘു സമ്പാദ്യ പദ്ധതികൾക്ക് ആധാറും പാൻ കാർഡും നിർബന്ധം.. കൂടുതൽ വാർത്തകൾ
2. പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ലഭിക്കുന്ന ഉല്‍പ്പന്നങ്ങളുടെ അളവിലും തൂക്കത്തിലും കൃത്യത ഉറപ്പാക്കുമെന്ന് ഭക്ഷ്യമന്ത്രി ജിആർ അനിൽ. കുമരകത്തെ സപ്ലൈകോ സൂപ്പർമാർക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉല്‍പ്പന്നങ്ങളുടെ അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും, ഉപഭോക്‌തൃ രംഗത്ത് ജനങ്ങൾക്ക് വേണ്ടിയുള്ള ഇടപെടലുകളാണ് സർക്കാർ നടപ്പിലാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. കശുവണ്ടി മേഖലയെ രാജ്യാന്തര നിലവാരത്തിൽ എത്തിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാന കശുവണ്ടി വികസന കോർപ്പറേഷന്റെ പരുത്തുംപാറയിലെ നവീകരിച്ച ഫാക്ടറി സമുച്ചയത്തിന്റെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ആധുനികവത്ക്കരണത്തിലൂടെ കശുവണ്ടി മേഖലയെ പ്രോത്സാഹിപ്പിക്കുമെന്നും ഓണകിറ്റുകളിൽ കശുവണ്ടി പാക്കറ്റ് കൂടി ഉൾപ്പെടുത്തിയത് മേഖലയുടെ പുനരുജീവനം ലക്ഷ്യമിട്ടായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.
4. കോട്ടയം ജില്ലയിലെ ക്ഷീരമേഖലയിൽ നടപ്പിലാക്കിയത് 3.78 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ. മിൽക്ക് ഷെഡ് ഡെവലപ്മെന്റ് പദ്ധതിയിൽ 99 ലക്ഷം, കിടാരി പാർക്ക് പദ്ധതിയ്ക്കായി ഒമ്പത് ലക്ഷം, കാലിത്തീറ്റ സബ്സിഡി പദ്ധതിയിൽ 22 ലക്ഷം, തീറ്റപുൽകൃഷി പദ്ധതിയിൽ 35 ലക്ഷം എന്നിങ്ങനെയാണ് ചെലവാക്കിയത്. ലിറ്ററിന് നാല് രൂപ വീതം പാൽ സബ്സിഡി നൽകുന്നതിനായി 1.25 കോടി രൂപയും ചെലവഴിച്ചിട്ടുണ്ട്.
5. പത്തനംതിട്ടയിലെ പഞ്ചാത്തുകളിൽ സമഗ്ര കാര്‍ഷിക സുസ്ഥിര വികസന പദ്ധതിക്ക് തുടക്കം. കേരള പഞ്ചായത്ത് അസോസിയേഷന്‍, സംസ്ഥാന കൃഷിവകുപ്പ്, കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 50 പഞ്ചായത്തുകളില്‍ പദ്ധതി നടപ്പിലാക്കും. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി കെ ജെയിംസ് നിർവഹിച്ചു. കര്‍ഷകത്തൊഴിലാളികള്‍, ഐ ടി വിദഗ്ദര്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, എന്നിവരടങ്ങിയ സമിതിയുടെ നേതൃത്വത്തില്‍, പഞ്ചായത്തിലെ വിവിധ വാര്‍ഡുകളില്‍ കൃഷിക്കൂട്ടങ്ങള്‍ രൂപീകരിക്കും.
6. ഗുജറാത്തിലുള്ള ദേശീയ ക്ഷീര വികസനബോർഡ് ആസ്ഥാനം സന്ദർശിച്ച് ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി. കേരളത്തിൽ നിന്നുള്ള ഉന്നതതല സംഘത്തോടൊപ്പം ചെയർമാൻ മീനേഷ് ഷായുമായി മന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ വകുപ്പ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐഎഎസ്, മിൽമ ചെയർമാൻ കെ എസ് മണി, തിരുവനന്തപുരം മേഖലാ യൂണിയൻ കൺവീനർ ഭാസുരാംഗൻ, ദേശീയ ക്ഷീര വികസന ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
7. കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ കുടിശിക നിവാരണത്തിനുള്ള തീയതി നീട്ടി. 24 മാസത്തില്‍ കൂടുതല്‍ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികള്‍ക്ക് അംശാദായ കുടിശ്ശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാൻ, ഏപ്രില്‍ ഒന്ന് മുതല്‍ മെയ് 31 വരെ സമയമുണ്ട്. കോട്ടയം ജില്ലയിലെ നാഗമ്പടം ജില്ലാ എക്സിക്യൂട്ടീവ് ഓഫീസില്‍ എത്തി കുടിശിക അടക്കണം. 60 വയസ് കഴിഞ്ഞവര്‍ക്ക് കുടിശിക അടച്ച് അംഗത്വം പുന:സ്ഥാപിക്കാനാവില്ല. വിശദവിവരത്തിന് ഫോണ്‍: 0481 2585604.
8. കോഴിക്കോട് ജില്ലയിൽ ഫലവൃക്ഷ തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി ബാബു വിതരണോദ്ഘാടനം നിർവ്വഹിച്ചു. പെരുവെണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രം മുഖേന നടപ്പിലാക്കുന്ന പദ്ധതിയിലൂടെ പട്ടികജാതി വിഭാഗം ഗുണഭോക്താക്കൾക്കാണ് തൈകൾ നൽകിയത്.
9. കർഷകർക്ക് പ്രതീക്ഷ നൽകി ഇഞ്ചി വില ഉയരുന്നു. 60 കിലോ ചാക്കിന് 5000 രൂപയിലധികം വിലയാണ് ലഭിക്കുന്നത്. ഇതിനുമുമ്പ് 1,500 രൂപയായിരുന്നു പരമാവധി വില ലഭിച്ചത്. വിലയിടിവ് തുടർന്നപ്പോൾ ഭൂരിഭാഗം കർഷകരും നേരത്തെ തന്നെ ഇഞ്ചി വിളവെടുത്തു. ഇതോടെ വിപണിയിൽ ഇഞ്ചിയ്ക്ക് ക്ഷാമം നേരിടുകയും വില ഉയരുകയും ചെയ്തു.
10. കേരളത്തിൽ നാല് ദിവസം കൂടി മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ട്. അതേസമയം, മുൻ വർഷങ്ങളെ അപേക്ഷിച്ച് വേനൽമഴയുടെ അളവ് ഇത്തവണ കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. മഴ കനത്തതോടെ തെക്കൻ കേരളത്തിൽ വ്യാപക നാശ നഷ്ടമാണ് ഉണ്ടായത്.