1. PM Kisan ഗുണഭോക്താക്കളുടെ എണ്ണം 10 കോടി കടന്നതായി കേന്ദ്രസർക്കാർ. പദ്ധതിയുടെ ആദ്യഗഡു ലഭിച്ച 3.16 കോടി കർഷകരിൽ നിന്ന് ഗുണഭോക്താക്കളുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചതായി കേന്ദ്രസർക്കാർ വ്യക്തമാക്കി. ഓരോ വർഷം കഴിയുന്തോറും ഗുണഭോക്താക്കളുടെ എണ്ണം കുറയുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക എന്ന ഉദ്ദേശത്തോടെ 2018 ഡിസംബറിലാണ് പ്രധാനമന്ത്രി കിസാൻ പദ്ധതി ആരംഭിച്ചത്. പ്രതിവർഷം 3 ഗഡുക്കളായി 6,000 രൂപയാണ് schemeലൂടെ കർഷകർക്ക് ലഭിക്കുന്നത്. നിശ്ചിത സമയപരിധിക്കുള്ളിൽ e-KYC പൂർത്തീകരിക്കാത്ത കർഷകർക്ക് തുക ലഭിക്കില്ല. pm kisan portal വഴിയോ, അക്ഷയ സെന്ററുകളോ, മറ്റ് സേവന കേന്ദ്രങ്ങൾ വഴിയോ, ഭൂമി സംബന്ധമായ വിവരങ്ങൾ ചേർത്ത് ekyc പൂർത്തിയാക്കാം.
ബന്ധപ്പെട്ട വാർത്തകൾ: റേഷൻ കുടിശിക ഡിസംബർ 23നകം നൽകണം: ഹൈക്കോടതി..കൂടുതൽ കൃഷി വാർത്തകൾ
2. കൃഷിക്ക് അനുകൂലമായ സാഹചര്യം കോവിഡാനന്തരം സംസ്ഥാന സർക്കാർ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി കെ. രാജൻ. രാമവർമ്മപുരം ചൈൽഡ് വെൽഫെയർ ഹോമിൽ ആരംഭിക്കുന്ന പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷി മന്ത്രി ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. കാർഷിക മേഖലയിൽ നൂതനരീതികൾ പ്രയോഗിക്കണമെന്നും കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് ഒപ്പമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
3. മികച്ച പരിപാലനത്തിലൂടെ പപ്പായ കൃഷിയിൽ വിജയം നേടി അരീക്കോട് സ്വദേശി റിജു. 50 സെന്റ് തരിശുനിലം കൃഷിയോഗ്യമാക്കി റെഡ് ലേഡി ഇനത്തിൽപ്പെട്ട പപ്പായയാണ് റിജു കൃഷി ചെയ്യുന്നത്. പപ്പായ വിത്തുകൾ ശേഖരിച്ച് തൈകളാക്കി നട്ടതോടെ 6 മാസം കൊണ്ട് നൂറുമേനി വിളവാണ് നേടിയത്. പൂർണമായും ജൈവവളം ഉപയോഗിച്ചാണ് റിജു കൃഷി ചെയ്യുന്നത്. അകം ചുവപ്പ് നിറത്തിലുള്ള പപ്പായയ്ക്ക് ഗൾഫ് വിപണിയിൽ നല്ല ഡിമാൻഡാണെന്ന് റിജു പറയുന്നു.
4. അപൂര്‍വ കിഴങ്ങ് വര്‍ഗങ്ങളെ പുതുതലമുറക്ക് പരിചയപ്പെടുത്തുകയാണ് നുറാംങ്ക് കൂട്ടായ്മ. തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി ഇരുമ്പുപാലം ഊരിലെ മൂന്ന് കുടുംബശ്രീകൾ ചേർന്നാണ് നൂറാംങ്ക് കൂട്ടായ്മ രൂപീകരിച്ചത്. നിലവില്‍ 180 വ്യത്യസ്തങ്ങളായ കിഴങ്ങുവര്‍ഗങ്ങള്‍ ഇവിടെ സംരക്ഷിക്കുന്നുണ്ട്. സുഗന്ധ കാച്ചില്‍, പായസ കാച്ചില്‍, കണ്ണന്‍ ചേമ്പ്, കരിന്താള്‍, വെട്ടു ചേമ്പ്, വെള്ള കൂവ, നീല കൂവ , ഹിമാചല്‍ ഇഞ്ചി, ബിരിയാണി കപ്പ തുടങ്ങി പോഷകസമൃദ്ധമായ കിഴങ്ങു ശേഖരങ്ങളാണ് നുറാംങ്ക് സംരക്ഷിക്കുന്നത്.
5. ചേന്ദമംഗലൂർ ഹയർ സെക്കൻഡറി സ്കൂളിൽ ഹരിതം പദ്ധതിക്ക് തുടക്കം. മുക്കം കൃഷിഭവൻ വിദ്യാലയ പച്ചക്കറി വികസന പദ്ധതിയുടെ കീഴിൽ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മുക്കം കൃഷി ഭവൻ കൃഷി ഓഫീസർ ടിൻസി ടോം പച്ചക്കറി തൈകൾ നട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. അൻപത് മൺചട്ടികളിലായി വെണ്ട, പച്ചമുളക്, ക്വാളിഫ്ളവർ, വഴുതന എന്നീ പച്ചക്കറികളാണ് വിദ്യാർത്ഥികൾ കൃഷി ചെയ്യുന്നത്.
6. ജാതിക്കയ്ക്ക് വില കൂടിയതോടെ കർഷകർക്ക് ആശ്വാസം. ജാതിപത്രി കിലോയ്ക്ക് 1900 രൂപയും ജാതിക്കായ്ക്ക് 350 രൂപയുമാണ് വർധിച്ചത്. വടക്കേ ഇന്ത്യയിലടക്കം ജാതിക്കയ്ക്ക് ആവശ്യക്കാർ കൂടിയതോടെയാണ് വില വർധനവ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജാതി കയറ്റുമതി കുറഞ്ഞതും വിലയിടിവും കാരണം കർഷകർ പ്രതിസന്ധിയിലായിരുന്നു. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കാണ് കേരളത്തിൽ നിന്നും പ്രധാനമായും ജാതി കയറ്റുമതി ചെയ്യുന്നത്.
7. രണ്ടാംവിള കൃഷിയുടെ ജലസേചനത്തിനായി മലമ്പുഴയിലെ കനാലുകളുടെ ശുചീകരണം ആരംഭിച്ചു. പദ്ധതിയ്ക്കായി 1 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ അധ്യക്ഷതയില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് തീരുമാനം അറിയിച്ചത്. പാലക്കാട് ജില്ലയിലെ നെല്ല് സംഭരണത്തിന് 20 കൃഷി ഓഫീസര്‍മാരെയും പച്ചത്തേങ്ങ സംഭരണത്തിന് 48 അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് യോഗത്തിൽ അറിയിച്ചു.
8. വടകര നഗരസഭയിൽ കരനെൽകൃഷിയുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു. നഗരസഭയുടെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കൊയ്ത്തുത്സവം നഗരസഭ ചെയർപേഴ്സൺ കെ.പി ബിന്ദു ഉദ്ഘാടനം ചെയ്തു. നെൽവയലുകൾ കുറഞ്ഞുവരുന്ന സാഹചര്യത്തിൽ നെല്ല് ഉൽപാദനത്തിന് ഒരു ബദൽ മാർഗ്ഗം എന്ന നിലയ്ക്കാണ് 80 സെന്റ് സ്ഥലത്ത് കൃഷി ആരംഭിച്ചത്. പ്രതീക്ഷിച്ചതിലും കൂടുതൽ വിളവ് ലഭിച്ചതായി കർഷകർ പറയുന്നു.
9. അരുവിക്കരയിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിക്കൽ പദ്ധതിയ്ക്ക് തുടക്കം. അരുവിക്കര പഞ്ചായത്തിലെ അരുമാംകോട്ടുകോണം ചിറയില്‍ നടന്ന പരിപാടി ജി. സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മത്സ്യ സമ്പത്ത് വര്‍ദ്ധിപ്പിക്കുക, ഉള്‍നാടന്‍ മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുക, സമീകൃതാഹാരം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഫിഷറീസ് വകുപ്പ് പദ്ധതിക്ക് രൂപം നല്‍കിയത്. അരുമാംകോട്ടുകോണം ചിറയില്‍ ആയിരം കാര്‍പ്പ് മത്സ്യകുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. നെയ്യാര്‍ ഡാം മത്സ്യ ഹാച്ചറിയില്‍ നിന്നുമാണ് മത്സ്യങ്ങളെ എത്തിച്ചത്.
10. കേരഗ്രാമം പദ്ധതിയുടെ ഭാഗമായി ആലങ്ങാട് ഗ്രാമപഞ്ചായത്തിൽ നാളികേര കർഷക സംഗമം സംഘടിപ്പിച്ചു. സംഗമം ആലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.എം മനാഫ് ഉദ്ഘാടനം ചെയ്തു. നാളികേരത്തിൻ്റെ സംരക്ഷണം ഉറപ്പുവരുത്താൻ കേരഗ്രാമം പദ്ധതി പ്രയോജനപ്പെടുത്തണമെന്നും നാളികേര ഉൽപ്പാദനം വർധിപ്പിക്കാൻ മുഴുവൻ കർഷകരും പദ്ധതിയുടെ ഭാഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
11. വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കല്‍ പ്രവർത്തനങ്ങളിൽ ആലപ്പുഴ ജില്ല ഒന്നാം സ്ഥാനത്ത്. 67.94 ശതമാനം വോട്ടർമാരെയും ഇതിനകം അധാറുമായി ബന്ധപ്പെടുത്തി കഴിഞ്ഞു. വയനാട് ജില്ലയാണ് തൊട്ടുപിന്നില്‍. ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാർഹമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. 17,58,084 വോട്ടര്‍മാരാണ് ആലപ്പുഴ ജില്ലയില്‍ ആകെയുളളത്. ഇതില്‍ 11 ലക്ഷത്തിലധികം പേരെ ഇതിനോടകം ആധാര്‍, വോട്ടര്‍ പട്ടികയുമായി ബന്ധിപ്പിച്ചു കഴിഞ്ഞു.
12. അഗ്രോ പ്രോസസിംഗ് ക്ലസ്റ്ററിന്റെയും ശാസ്ത്രസാങ്കേതിക ഗവേഷണ കേന്ദ്രത്തിന്റെയും ഉദ്‌ഘാടനം വ്യവസായമന്ത്രി പി. രാജീവ് നിർവഹിച്ചു. സിന്തൈറ്റ് ഇന്‍ഡസ്ട്രീസാണ് എറണാകുളത്ത് ക്ലസ്റ്ററും കേന്ദ്രവും ആരംഭിച്ചത്. കേരളം സുഗന്ധവ്യഞ്ജന സംസ്ക്കരണത്തിൻ്റെ ആഗോള കേന്ദ്രമായി മാറിയെന്നും വൻകിട നിക്ഷേപത്തിൽ സിന്തൈറ്റ് കേരളത്തിന് മാതൃകയാണെന്നും മന്ത്രി പറഞ്ഞു. അഞ്ഞൂറിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും പതിനായിരത്തോളം കാർഷിക കുടുംബങ്ങൾക്ക് ഗുണവും ലഭിക്കുന്ന അഗ്രോ പ്രോസസിംഗ് ക്ലസ്റ്റർ 150 കോടി രൂപ മുടക്കിയാണ് നിർമിച്ചത്.
13. ഉള്ളി വിലയിടിവിൽ പ്രതിഷേധിച്ച് മഹാരാഷ്ട്രയിലെ കർഷകർ. മഹാരാഷ്ട്രയിൽ നിലവിൽ ഉൽപാദന ചെലവിനേക്കാൾ താഴെയാണ് വില. പ്രതിസന്ധിയിൽ സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. നാസിക് ജില്ലയിലെ മൊത്തവ്യാപാര മാർക്കറ്റിൽ ഉള്ളി കിലോയ്ക്ക് 7 മുതൽ 10 രൂപ വരെയാണ് വില ലഭിക്കുന്നത്. 22 മുതൽ 25 രൂപ വരെയാണ് ഉൽപാദന ചെലവ്.
14. മൂന്നാമത് ഗ്ലോബൽ വെർട്ടിക്കൽ ഫാർമിംഗ് ഷോയ്ക്ക് ഡൽഹിയിൽ തുടക്കം. TAB ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇന്നും നാളെയും ദ്വാരക വെൽകം ഹോട്ടൽ ബൈ ഐടിസിയിൽ വച്ചാണ് പരിപാടി നടക്കുന്നത്. വെർട്ടിക്കൽ ഫാമിംഗ്,controlled environment and urban agriculture value chain എന്നിവയെക്കുറിച്ചുള്ള പുതിയ ബിസിനസ് സാധ്യതകൾ കണ്ടെത്തുന്നതിന് മികച്ച അവസരമാണ് ഗ്ലോബൽ വെർട്ടിക്കൽ ഫാർമിംഗ് ഷോ ഒരുക്കുന്നത്.
15. കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നൽ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.