ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി, രാജ്യത്ത് തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികൾക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു. രാജ്യത്തുടനീളമുള്ള തണ്ണീർത്തടങ്ങളും കണ്ടൽക്കാടുകളും പുനരുജ്ജീവിപ്പിക്കാനുള്ള നീക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച അമൃത് ധരോഹർ, മിഷ്തി എന്ന രണ്ട് പദ്ധതികൾ ഉദ്‌ഘാടനം ചെയ്‌തു. കണ്ടൽപ്രദേശങ്ങളിലെ ആവാസവ്യവസ്ഥയ്ക്കും പ്രത്യക്ഷമായ വരുമാനത്തിനും വേണ്ടിയുള്ള കണ്ടൽ സംരംഭത്തിനു വേണ്ടിയാണ് ഈ രണ്ട് പദ്ധതികൾ എന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയ്ക്ക് നിലവിൽ 75 റാംസർ സൈറ്റുകളുണ്ട്, അവ അന്താരാഷ്ട്ര പ്രാധാന്യമുള്ളതും, തണ്ണീർത്തടങ്ങളെക്കുറിച്ചുള്ള റാംസർ കൺവെൻഷന്റെ കീഴിൽ നിയുക്തമാക്കിയതുമായ തണ്ണീർത്തടങ്ങളാണ്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലെ തണ്ണീർത്തടങ്ങളുടെയും റാംസർ സൈറ്റുകളുടെയും എണ്ണം ഏകദേശം മൂന്നിരട്ടി വർധിച്ചതായി പ്രധാനമന്ത്രി മോദി പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തിൽ അമൃത് ധരോഹർ യോജന ആരംഭിക്കുന്നത് പൊതുജന പങ്കാളിത്തത്തിലൂടെ നിലവിലുള്ള റാംസർ സൈറ്റുകളുടെ സംരക്ഷണം ഉറപ്പാക്കുമെന്നും, ഈ റാംസർ സൈറ്റുകൾ ഇക്കോ ടൂറിസത്തിന്റെ കേന്ദ്രങ്ങളാവുമെന്നും, ആയിരക്കണക്കിന് ആളുകൾക്ക് ഈ സംരഭം, ഹരിത തൊഴിലുകളുടെ ഉറവിടവുമാകുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒമ്പത് വർഷത്തിനിടയിൽ, ഹരിതവും ശുദ്ധവുമായ ഊർജത്തിൽ ഇന്ത്യ അത്ഭുതപൂർവമായ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ഇന്ത്യ മിഷൻ ഗ്രീൻ ഹൈഡ്രജൻ ആരംഭിച്ച് രാസവളങ്ങളിൽ നിന്ന് മണ്ണും വെള്ളവും സംരക്ഷിക്കുന്നതിനായി പ്രകൃതി കൃഷിയിലേക്ക് തിരിയുന്നതിന് വലിയ നീക്കങ്ങൾ സ്വീകരിച്ചു' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും സംരക്ഷിക്കാനും മിഷ്തി പദ്ധതി സഹായിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ, രാജ്യത്തുടനീളമുള്ള ഒമ്പത് സംസ്ഥാനങ്ങളിൽ കണ്ടൽക്കാടുകൾ പുനഃസ്ഥാപിക്കുകയും സമുദ്രനിരപ്പ് ഉയരുന്നതിൽ നിന്നും ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങളിൽ നിന്നും തീരപ്രദേശങ്ങളിലെ ജീവനും ജീവനോപാധികൾക്കുമുള്ള ഭീഷണി ലഘൂകരിക്കാൻ സഹായിക്കുകയും ചെയ്യുമെന്നും അധികൃതർ വെളിപ്പെടുത്തി.
2023-24 ബജറ്റിൽ, കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ, തീരപ്രദേശത്തും ഉപ്പുതറ നിലങ്ങളിലും ജല ജൈവവൈവിധ്യവും കണ്ടൽ തോട്ടങ്ങളും നിലനിർത്തുന്ന സുപ്രധാന തണ്ണീർത്തടങ്ങൾ സംരക്ഷിക്കുന്നതിനായി അമൃത് ധരോഹർ, മിഷ്തി പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. പദ്ധതിച്ചെലവിന്റെ 80% കേന്ദ്രവും ബാക്കി 20% സംസ്ഥാന സർക്കാരും വഹിക്കും. ദക്ഷിണേഷ്യയിലെ കണ്ടൽക്കാടുകളുടെ ഏകദേശം 3% ഇന്ത്യയിലാണ്. പശ്ചിമ ബംഗാളിലെ സുന്ദർബനുകൾ കൂടാതെ ആൻഡമാൻ മേഖലയിലും ഗുജറാത്തിലെ കച്ച്, ജാംനഗർ പ്രദേശങ്ങളിലും ഗണ്യമായ കണ്ടൽക്കാടുകളാണുള്ളത്. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള ജീവിതശൈലി മാറ്റങ്ങളെക്കുറിച്ച് മിഷൻ ലൈഫ്, ലൈഫ് സ്റ്റൈൽ ഫോർ എൻവയോൺമെന്റ്; ഒരു പുതിയ അവബോധം പ്രചരിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ബന്ധപ്പെട്ട വാർത്തകൾ: തക്കാളിയുടെയും ഇഞ്ചിയുടെയും വില രണ്ടാഴ്ചയ്ക്കുള്ളിൽ കുതിച്ചുയരുന്നു
Pic Courtesy: Pexels.com
Source: Amrit Dharohar Yojana