കൊച്ചി നഗരവുമായുള്ള തടസ്സമില്ലാത്ത കണക്റ്റിവിറ്റിക്കായി ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ഹൈബ്രിഡ് ബോട്ടുകളിലൂടെ കൊച്ചിയ്ക്ക് ചുറ്റുമുള്ള 10 ദ്വീപുകളെ ബന്ധിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാട്ടർ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും. സാധാരണ മെട്രോ സംവിധാനത്തിന്റെ അതേ അനുഭവവും യാത്രാസുഖവും ഉള്ള സവിശേഷമായ നഗര ഗതാഗത സംവിധാനമാണ് വാട്ടർ മെട്രോ. നിരവധി ദ്വീപുകളാൽ ചുറ്റപ്പെട്ടിരിക്കുന്ന ഒരു നഗരമാണ് കൊച്ചി, അവയിൽ 10 ദ്വീപുകൾ വളരെ പ്രധാനപ്പെട്ടതും ജനസാന്ദ്രതയുള്ളതുമാണ്.
അതിനാൽ തന്നെ ഇത് ഒരു ഗെയിം ചെയൻഞ്ചറാണെന്നും, കൊച്ചി പോലുള്ള നഗരങ്ങളിൽ ഇത് വളരെയധികം ഉപയോഗപ്രദമാണ് എന്നും, കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ, ലോക്‌നാഥ് ബെഹ്‌റ പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അറിയിച്ചു. കേരളത്തിൽ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി 3200 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും നിർവഹിക്കും. കൊച്ചി വാട്ടർ മെട്രോയ്ക്ക് പുറമെ ദിണ്ടിഗൽ-പളനി-പാലക്കാട് പാതയുടെ റെയിൽ വൈദ്യുതീകരണവും പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമർപ്പിക്കും.
ചടങ്ങിൽ, തിരുവനന്തപുരം, കോഴിക്കോട്, വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം ഉൾപ്പെടെ വിവിധ റെയിൽ പദ്ധതികളുടെ തറക്കല്ലിടലും പ്രധാനമന്ത്രി മോദി നിർവഹിക്കും. നെമൺ, കൊച്ചുവേളി എന്നിവയുൾപ്പെടെ തിരുവനന്തപുരം മേഖലയുടെ സമഗ്ര വികസനവും തിരുവനന്തപുരം-ഷൊർണൂർ സെക്ഷന്റെ സെക്ഷനൽ വേഗത വർധിപ്പിക്കുകയും ചെയ്യും. നേരത്തെ ഏപ്രിൽ 24 ന് രണ്ട് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി തിങ്കളാഴ്ച കൊച്ചിയിൽ മെഗാ റോഡ്ഷോ നടത്തി. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിലുള്ള കേരളത്തിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് അദ്ദേഹം ചൊവ്വാഴ്ച തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഫ്ലാഗ് ഓഫ് ചെയ്യും.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 11 ജില്ലകളിൽ ട്രെയിൻ സർവീസ് നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) അറിയിച്ചു. തിരുവനന്തപുരത്ത് ഡിജിറ്റൽ സയൻസ് പാർക്കിന്റെ തറക്കല്ലിടലും പ്രധാനമന്ത്രി നിർവഹിക്കും. ഡിജിറ്റൽ സയൻസ് പാർക്ക്, അക്കാദമിയയുമായി സഹകരിച്ച് വ്യവസായ, ബിസിനസ് യൂണിറ്റുകൾ ഡിജിറ്റൽ ഉൽപ്പന്നങ്ങളും സേവനങ്ങളും വികസിപ്പിക്കുന്നതിനുള്ള ഒരു പ്രധാന ഗവേഷണ സൗകര്യമായാണ് വിഭാവനം ചെയ്തിരിക്കുന്നത്, എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (PMO) വ്യക്തമാക്കി.
ബന്ധപ്പെട്ട വാർത്തകൾ: രാജ്യത്തെ ഗോതമ്പ് സംഭരണം 12% ഉയർന്നു
Pic Courtesy: Hindustan Times, Kochi Metro