മലബാര്‍ മേഖലയില്‍ കേരള സര്‍ക്കാര്‍ സംരംഭമായ കേരള ചിക്കന്‍ പദ്ധതി( Kerala Chicken project) പ്രകാരമുള്ള ഇറച്ചിക്കോഴി വളര്‍ത്തല്‍ ഫാമുകള്‍ സുഭിക്ഷകേരളം( Subhiksha Kerala project) പദ്ധതിയില്‍ ഉള്‍പ്പെടുത്തി വ്യാപകമാക്കുന്നു.പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ഉറപ്പുവരുത്തുന്ന 200 വ്യാവസായിക ഇറച്ചികോഴി വളര്‍ത്തല്‍ ഫാമുകള്‍ അടുത്ത മൂന്നു മാസത്തിനുള്ളില്‍ ആരംഭിക്കും.
സ്വകാര്യ ഏജന്‍സികള്‍ ഒരു കിലോഗ്രാമിന് വളര്‍ത്തുകൂലിയായി 6 രൂപ നല്‍കുമ്ബോള്‍ 8 രൂപമുതല്‍ 11 രൂപ വരെ ബ്രഹ്മഗിരി കര്‍ഷകര്‍ക്ക് നല്‍കും. ഒറ്റത്തവണ വിത്തുധനമായി ഒരു കോഴിക്കുഞ്ഞിന് 130 രൂപ അടച്ച് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം. 2500 കോഴി വളര്‍ത്തുന്ന ഒരു കര്‍ഷകന് 40 ദിവസമുള്ള ഒരു ബാച്ചില്‍ നിന്നു 65000 രൂപ വരുമാനം ലഭിക്കും.
ജില്ല ഭരണകൂടം, ത്രിതല പഞ്ചായത്ത് കമ്മറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഫാമുകള്‍ വിപുലപ്പെടുത്തുക.ഈ വര്‍ഷം മലബാര്‍ മേഖലയില്‍ മാത്രം 100 കേരള ചിക്കന്‍ ഔട്‌ലെറ്റുകള്‍ സ്ഥാപിക്കും. നിലവില്‍ 160 രൂപ വരെ പൊതുമാര്‍ക്കറ്റില്‍ ഉള്ളപ്പോള്‍ കേരള ചിക്കന്റെ ഔട്‌ലെറ്റുകളില്‍ 106 രൂപയ്ക്കാണ് വില്പന നടത്തുന്നത്.സ്വന്തമായി കോഴിക്കുഞ്ഞ്, കോഴിത്തീറ്റ എന്നിവയുടെ ഉത്പാദനത്തിലൂടെ ഇടത്തട്ടുകാരുടെ ചൂഷണത്തില്‍ നിന്ന് പൗള്‍ട്രി കര്‍ഷകരെ സംരക്ഷിക്കാനാണ് കേരള ചിക്കന്‍ പദ്ധതി ലക്ഷ്യമിടുന്നത്.ആദ്യപടി സ്വന്തമായി ഫാമുകളുള്ള കര്‍ഷകരെയായിരിക്കും പരിഗണിക്കുക. രണ്ടാം ഘട്ടത്തിലാണ് പുതുതായി ഫാം നിര്‍മ്മിച്ച് പദ്ധതിയിലേക്ക് വരാന്‍ താത്പര്യമുള്ളവരെ പരിഗണിക്കുക.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: മൂല്യ വർദ്ധിത ഉല്പന്നം ഉണ്ടാക്കണ മോ? മണ്ണുത്തിയിലേക്കു വരൂ. ഉണ്ടാക്കിത്തരും.