മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുള്ള സ്വാഭാവിക ബന്ധം നിലനിർത്തുന്നത് ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന. കേന്ദ്ര സർക്കാർ ധനസഹായത്തോടെ 2009-10 സാമ്പത്തിക വർഷം മുതൽ കേരളത്തിലെ തെരഞ്ഞെടുക്കപ്പെട്ട ബ്ലോക്ക് പഞ്ചായത്തുകളിൽ ഗ്രാമവികസന വകുപ്പിൻറെ നേതൃത്വത്തിലാണ് സംയോജിത നീർത്തട പരിപാലന പരിപാടി (ഐ.ഡബ്ല്യു.എം.പി) എന്ന പേരിൽ പദ്ധതി നടപ്പിലാക്കുന്നത്.
പ്രകൃതിയിലെ ജൈവബന്ധം നിലനിർത്തുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾ ക്രമാനുഗതമായും ശാസ്ത്രീയമായും നടപ്പിലാക്കുകയും മണ്ണിലെ ജൈവ സന്തുലിതാവസ്ഥ നിലനിർത്തുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 2009-10ൽ പദ്ധതികൾ അനുവദിച്ചെങ്കിലും ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ആരംഭിക്കുന്നത് 2010-11 മുതലാണ്. 2014-15 വരെ സംസ്ഥാനത്ത് 83 പദ്ധതികളിലായി 4,22,987 ഹെക്ടർ പ്രദേശം നീർത്തട വികസനത്തിനായി തിരഞ്ഞെടുക്കപ്പെട്ടു. ആകെ 58,161.97 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് കേരളത്തിന് അനുവദിക്കപ്പെട്ടത്.
ബന്ധപ്പെട്ട വാർത്തകൾ: കൊതുകുകളെ കൊല്ലാൻ ബാക്ടീരിയ: സാങ്കേതിക വിദ്യയുമായി ഐസിഎംആർ
പദ്ധതി നിർവഹണ ഏജൻസിയായി സംസ്ഥാന സർക്കാർ ബ്ലോക്ക് പഞ്ചായത്തുകളെയാണ് നിശ്ചയിച്ചിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്തുകളെ സഹായിക്കുന്നതിനായി സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി വാർട്ടർഷെഡ് ഡവലപ്മെൻറ് ടീം രൂപീകരിച്ചിട്ടുണ്ട്. 2015-16 സാമ്പത്തിക വർഷം മുതലാണ് നീർത്തട പദ്ധതി പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ നീർത്തട ഘടകം എന്ന പേരിൽ നടപ്പിലാക്കി തുടങ്ങിയത്.
പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ പ്രധാന ലക്ഷ്യങ്ങൾ
- മണ്ണും ജലവും ജൈവസമ്പത്തും തമ്മിലുള്ള സ്വാഭാവിക ജൈവബന്ധം പുനഃസ്ഥാപിക്കുക.
- പ്രകൃതിവിഭവങ്ങളുടെ സന്തുലിതാവസ്ഥ നിലനിർത്തുക.
- മഴവെള്ളം പരമാവധി സംഭരിച്ച് ഭൂഗർഭത്തിലേക്ക് റീചാർജ്ജ് ചെയ്ത് ജലവിതാനം ഉയർത്തുക.
- ജൈവസമ്പത്ത് നശീകരണം തടയുകയും പരിസ്ഥിതി പുനഃസ്ഥാപനം സാധ്യമാക്കുകയും ചെയ്യുക.
- ശാസ്ത്രീയമായ മണ്ണ്-ജല സംരക്ഷണ മാർഗങ്ങളിലൂടെ കാർഷിക-അനുബന്ധ മേഖലകളിൽ ഉൽപാദന ക്ഷമത വർധിപ്പിക്കുക.
സംസ്ഥാന തലത്തിലെ ചുമതല
സംസ്ഥാനത്തെ നീർത്തട പരിപാലന പ്രോജക്ടുകൾക്ക് അംഗീകാരം നൽകുന്നതിനും, ഓരോ പ്രോജക്ടിൻറെയും ആസൂത്രണം, നിർവഹണം, മോണിറ്ററിംഗ്, വിലയിരുത്തൽ തുടങ്ങിയവ സമയബന്ധിതമായി നടപ്പാക്കുന്നതിനും ജില്ല, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് തല പ്രവർത്തനങ്ങൾക്കും ചുമതലയുള്ളത് ചെയർമാൻ അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണർക്കും തദ്ദേശസ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കോ-ചെയർമാനുമാണ്.
സംസ്ഥാനതല നോഡൽ ഏജൻസിയെ സഹായിക്കുന്നതിനും സാങ്കേതികവും ഭരണപരവുമായ സഹായം നൽകുന്നതിനും പ്രവർത്തന പുരോഗതി വിലയിരുത്തുന്നതിനും സാങ്കേതിക സഹായ യൂണിറ്റും രൂപീകരിച്ചിട്ടുണ്ട്.
ജില്ലാതലത്തിലെ ചുമതല
ജില്ലാ ആസൂത്രണ സമിതിക്കാണ് പദ്ധതിയുടെ ജില്ലാതല ആസൂത്രണത്തിൻറെയും നിർവഹണത്തിൻറെയും മേൽനോട്ട ചുമതല. സമിതിയെ ഈ പ്രവർത്തനത്തിന് സഹായിക്കുന്നതിന് ഒരു ജില്ലാതല കോ-ഓർഡിനേഷൻ സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ചെയർമാൻ ആയ കോ-ഓർഡിനേഷൻ സമിതിയുടെ മെമ്പർ സെക്രട്ടറി ജില്ലാ കളക്ടർ ആണ്.
ബ്ലോക്ക് തലത്തിലെ ചുമതല
കേരളത്തിലെ നിർവഹണ ഏജൻസി ബ്ലോക്ക് പഞ്ചായത്തുകളാണ്. പദ്ധതി പ്രദേശത്തിൻറെ പ്രത്യേകതകൾക്ക് അനുസരിച്ച് ശാസ്ത്രീയമായി പ്രവൃത്തികൾ നിർണയിക്കുകയും പദ്ധതി നിർവഹണം സമയബന്ധിതമായും ഫലപ്രദമായും പൂർത്തിയാക്കുകയും ചെയ്യുക എന്നത് ബ്ലോക്ക് പഞ്ചായത്തുകളുടെ ഉത്തരവാദിത്തമാണ്.
പദ്ധതി പ്രവർത്തനങ്ങൾ സമയബന്ധിതമായി മുന്നോട്ട് കൊണ്ടുപോകുന്നതിനും ആവശ്യമായ ഭരണപരവും സാങ്കേതികവുമായ സഹായ സംവിധാനങ്ങൾ ഒരുക്കുന്നതിനും വേണ്ടി ബ്ലോക്ക് തല കോർഡിനേഷൻ കമ്മിറ്റിക്ക് ബ്ലോക്ക് പഞ്ചായത്ത് രൂപം നൽകിയിട്ടുണ്ട്.
നീർത്തട വികസന സംഘം
പദ്ധതി നിർവഹണ ഏജൻസിയുടെ ഒരു അവിഭാജ്യഘടകമായിരിക്കും നീർത്തട വികസന സംഘം. പദ്ധതി നിർവഹണ ഏജൻസിയായ ബ്ലോക്ക് പഞ്ചായത്തുകൾക്ക് സാങ്കേതിക സഹായം നൽകുകയാണ് ഈ ടീമിൻറെ ചുമതല.
നീർത്തട വികസന സംഘാംഗങ്ങൾ
നീർത്തട വികസന ടീം എഞ്ചിനീയർ, സോഷ്യൽ മൊബിലൈസർ, അഗ്രിക്കൾച്ചറൽ അസിസ്റ്റൻറ്, ഡേറ്റാ എൻട്രി ഓപ്പറേറ്റർ
ഗ്രാമപഞ്ചായത്ത്
നീർത്തട വികസന പ്രവർത്തനങ്ങൾ പ്രായോഗിക തലത്തിൽ നടപ്പാക്കുന്നത് ഗ്രാമപഞ്ചായത്തുകളാണ്. നീർത്തട പരിപാലന പ്രവർത്തനങ്ങൾ സമയബന്ധിതമായി നടപ്പാക്കാനും മോണിറ്റർ ചെയ്യുന്നതിനും നേതൃത്വം നൽകേണ്ടത് ഗ്രാമപഞ്ചായത്തുകളാണ്.
നീർത്തട കമ്മറ്റി
ഗ്രാമസഭയുടെ ശുപാർശ പ്രകാരം രൂപീകരിച്ച നീർത്തട കമ്മിറ്റികൾ ഗ്രാമപഞ്ചായത്തുകളുടെ സബ് കമ്മിറ്റിയായിട്ടാണ് പ്രവർത്തിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറാണ് നീർത്തട കമ്മിറ്റിയുടെ ചെയർപേഴ്സൺ.
വാട്ടർഷെഡ് കോ-ഓർഡിനേഷൻ കമ്മിറ്റി
നീർത്തട പ്രദേശത്തെ പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഗ്രാമ പഞ്ചായത്ത് തലത്തിലാണ് വാട്ടർഷെഡ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കുന്നത്. ചില നീർത്തട പ്രദേശങ്ങൾ ഒന്നിലധികം ഗ്രാമപഞ്ചായത്തുകളുടെ പരിധിക്കുള്ളിൽ വരാറുണ്ട്. ഇത്തരം അവസരങ്ങളിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കുന്നതിനുവേണ്ടി നീർത്തട അതിർത്തി നിർണയിക്കുമ്പോൾ തന്നെ പഞ്ചായത്ത് അതിർത്തികൾ കൃത്യമായി വേർതിരിച്ച് രേഖപ്പെടുത്തും.