കൊല്ലം: സംസ്ഥാനത്ത് വിലക്കയറ്റ നിയന്ത്രണവും ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ഗുണനിലവാരവും ഉറപ്പാക്കാനായെന്ന് ഭക്ഷ്യ- പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍. തേവലക്കര ഗ്രാമപഞ്ചായത്തില്‍ പടപ്പനാല്‍ മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തി പ്രവര്‍ത്തനം ആരംഭിച്ചതിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
പരമാവധി ന്യായവില ഉറപ്പാക്കി വിലക്കയറ്റം നിയന്ത്രിക്കുന്നതിലാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. മാവേലി സ്റ്റോറുകള്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തുമ്പോള്‍ സബ്സിഡിക്ക് പുറമേ വിവിധ ഉത്പ്പന്നങ്ങള്‍ അഞ്ച് മുതല്‍ 30 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാകുന്നു. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്സിഡി നിരക്കില്‍ കേരളത്തില്‍ നല്‍കിവരുന്നതായും വിപണിയില്‍ കൂടുതല്‍ ഉത്പ്പന്നങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
സബ്സിഡി ഉത്പ്പന്നങ്ങളും മറ്റ് നിത്യോപയോഗ സാധനങ്ങളും മികച്ച ഗുണനിലവാരത്തിലും മിതമായ നിരക്കിലും നല്‍കിവരുന്ന മാവേലി സ്റ്റോറിന്റെ സേവനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കള്‍ക്ക് വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങള്‍ അനായാസം തിരഞ്ഞെടുക്കുന്നതിനും ആധുനിക സജ്ജീകരണങ്ങളോടെയാണ് സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ബന്ധപ്പെട്ട വാർത്തകൾ: വെറും വയറ്റിൽ പാല് കുടിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം
പരിപാടിയില്‍ സുജിത്ത് വിജയന്‍പിള്ള എം എല്‍ എ അധ്യക്ഷനായി. തേവലക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് സിന്ധു, ജില്ലാ പഞ്ചായത്ത് അംഗം എസ് സോമന്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് അംഗം സജി അനില്‍, തേവലക്കര ഗ്രാമപഞ്ചായത്ത് അംഗം ഷെമീന താഹിര്‍, സപ്ലൈകോ റീജണല്‍ മാനേജര്‍ ജലജ ജി എസ് റാണി, രാഷ്ട്രീയകക്ഷി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.