തിരുവനന്തപുരം: കുടുംബശ്രീ ദിന പ്രഖ്യാപനവും രജതജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ നാളെ (മെയ് 17) നിർവഹിക്കും. തിരുവനന്തപുരം, പുത്തരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശസ്വയംഭരണ എക്‌സൈസ് മന്ത്രി എം ബി രാജേഷ് അധ്യക്ഷത വഹിക്കും. കുടുംബശ്രീയുടെ ആദ്യ ഡിജിറ്റൽ റേഡിയോ ‘ശ്രീ’യുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. കുടുംബശ്രീയിലെ മുതിർന്ന അംഗം വാസന്തി കെ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ പുതുക്കിയ കുടുംബശ്രീ ലോഗോ പ്രകാശനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിക്കും.
കുടുംബശ്രീ 25 -)o വാർഷികത്തോടനുബന്ധിച്ച് പോസ്റ്റൽ വകുപ്പ് പുറത്തിറക്കിയ പോസ്റ്റൽ കവർ പ്രകാശനം ഗതാഗത മന്ത്രി ആന്റണി രാജു നിർവഹിക്കും. ‘നിലാവ് പൂക്കുന്ന വഴികൾ’ എന്ന പുസ്തകത്തിൻറെ പ്രകാശനം പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. ശശി തരൂർ എംപി, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഡി സുരേഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിക്കും. റിപ്പോർട്ട് കുടുംബശ്രീ കുടുംബാഗങ്ങൾ അവതരിപ്പിക്കും.
മുൻ എംപി സുഭാഷിണി അലി, മാഗ്സസെ അവാർഡ് ജേതാവ് അരുണ റോയ് 1 സാമൂഹിക പ്രവർത്തക കെ വി റാബിയ, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, കില ഡയറക്ടർ ജോയി ഇളമൺ, മുൻ എം പി പി കെ ശ്രീമതി, കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗങ്ങളായ സ്മിതാ സുന്ദരേശൻ, ഗീതാ നസീർ, കൗൺസിലർ സിമി ജ്യോതിഷ്, സി ഡി എസ് ചെയർപേഴ്‌സൺ ഷൈന എ, കേന്ദ്ര ഗ്രാമവികസന മന്ത്രാലയ പ്രതിനിധികൾ, കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയ പ്രതിനിധികൾ, സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും ബാലസഭ അംഗങ്ങൾ നന്ദി അർപ്പിക്കും.
ബന്ധപ്പെട്ട വാർത്തകൾ: കുടുംബശ്രീ ജീവന്‍ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയിൽ അംഗമാകൂ;ഒറ്റത്തവണ 345 രൂപ അടച്ചാൽ മതി.
ദാരിദ്ര്യ നിർമാർജനം ലക്ഷ്യമാക്കി 1998 മേയ് 17 നാണ് കുടുംബശ്രീ രൂപീകരിച്ചത്. ഇതിനോടനുബന്ധിച്ച് എല്ലാ വർഷവും മേയ് 17 കുടുംബശ്രീ ദിനമായി ആചരിക്കുന്നു. മൂന്ന് മാസമായി നടന്നു വരുന്ന കുടുംബശ്രീ രജത ജൂബിലി ആഘോഷങ്ങളും നാളെ (മേയ് 17) ന് സമാപിക്കും.