ഭക്ഷ്യസുരക്ഷ ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയ്ക്ക് ജില്ലയിൽ തുടക്കം. വെള്ളാങ്ങല്ലൂർ കണ്ണപ്പത്ത് പുഷ്പാംഗദന്റെ അരയേക്കർ തരിശ് ഭൂമിയിൽ കൃഷിയാരംഭിച്ചാണ് പദ്ധതിയ്ക്ക് തുടക്കമിട്ടത്. അഡ്വ. വി ആർ സുനിൽകുമാർ എംഎൽഎ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ഭാഗമായി ജില്ലയിൽ 50 ഏക്കറോളം സ്ഥലത്ത് നെല്ല് , പച്ചക്കറി, വാഴ, കിഴങ്ങ്, പയറുവർഗങ്ങൾ എന്നിവ കൃഷിചെയ്യാനാണ് സംസ്ഥാന ജോയിൻറ് കൗൺസിലിന്റെയും കേരള അഗ്രികൾച്ചർ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷന്റെയും ലക്ഷ്യം.
തരിശിടങ്ങളില്‍ പൂർണമായി കൃഷിയിറക്കുക, മൃഗപരിപാലന മേഖലയും മത്സ്യബന്ധന മേഖലയും അഭിവൃദ്ധിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയിൽ പരമാവധി സർക്കാർ ജീവനക്കാരെയും പങ്കാളികളാക്കാനാണ് ജോയിൻറ് കൗൺസിൽ കർമ്മപദ്ധതി തയ്യാറാക്കുന്നത്. ഉടമസ്ഥരുടെ സമ്മതത്തോടെയും സഹകരണത്തോടെയുമാണ് കൃഷിയിറക്കുക. കൃഷി ചെയ്യാൻ തയ്യാറാകുന്ന ജീവനക്കാർക്ക് നിലമൊരുക്കി നൽകാനും മാർഗനിർദേശം നൽകാനും അസിസ്റ്റൻറ് അഗ്രികൾച്ചർ ഓഫീസർമാരും അഗ്രികൾച്ചർ അസിസ്റ്റൻറുമാരും ഉൾപ്പെട്ട പ്രത്യേക വിഭാഗവും പ്രവർത്തിക്കുന്നുണ്ട്. ജോയിൻറ് കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി എം കെ ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എസ് രാധാകൃഷ്ണൻ, വെള്ളാങ്ങല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ, സഹകരണ ബാങ്ക് പ്രസിഡന്റ് അനിൽ അക്കര എന്നിവർ പങ്കെടുത്തു.