1. എല്ലാ മാസവും പത്താം തിയതിക്കുള്ളിൽ ഗുണഭോക്താക്കൾക്ക് റേഷൻ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ. വിശപ്പ് രഹിതം പദ്ധതിയുടെ ഭാഗമായി പാലക്കാട് വാണിയംകുളത്ത് ആരംഭിച്ച സുഭിക്ഷ ഹോട്ടൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സെർവർ തകരാർ മൂലം റേഷൻ കടകളിൽ ആരംഭിച്ച ഷിഫ്റ്റ് അടിസ്ഥാനത്തിലുള്ള പ്രവർത്തനം മാർച്ച് മുതൽ അവസാനിപ്പിക്കുമെന്നും പുഴുക്കലരി ക്ഷാമത്തിന് പരിഹാരം കാണുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ബന്ധപ്പെട്ട വാർത്തകൾ: ഗ്രാമശ്രീ ഹോർട്ടി സ്റ്റോറുകൾ ആരംഭിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം..കൂടുതൽ കൃഷി വാർത്തകൾ
2. ബിപിഎൽ കുടുബങ്ങൾക്ക് 10 കിലോ അരി സൗജന്യമായി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി കർണാടക കോൺഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പിന് ഒന്നര മാസം ബാക്കി നിൽക്കെയാണ് കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ പ്രഖ്യാപനം നടത്തിയത്. നിലവിൽ 1 ബിപിഎൽ കുടുംബത്തിന് 5 കിലോ അരിയാണ് സൗജന്യമായി ലഭിക്കുന്നത്. 2013ൽ അന്ന ഭാഗ്യ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അരി വിതരണം ആരംഭിച്ചത്. എന്നാലിപ്പോൾ വിതരണ ചെലവിലേക്ക് 4000 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നും വിശപ്പ് രഹിത സംസ്ഥാനമായി കർണാടകയെ പ്രഖ്യാപിക്കുകയാണ് ലക്ഷ്യമെന്നും കോൺഗ്രസ് അറിയിച്ചു.
3. കേരളത്തിലെ ഏറ്റവും വലിയ കാർഷിക ഹാക്കത്തോൺ വൈഗ 2023ന് തിരുവനന്തപുരത്ത് തുടക്കം. കാർഷിക സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടി കൃഷിമന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. കോളേജ് വിദ്യാർത്ഥികൾ, സ്റ്റാർട്ടപ്പുകൾ, എഫ്പിഒകൾ തുടങ്ങിയവരാണ് ഹാക്കത്തോണിൽ പങ്കെടുക്കുന്നത്. കാർഷിക മേഖലയിലെ പ്രതിസന്ധികൾക്ക് 36 മണിക്കൂർ പരിഹാരം നിർദേശിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കോളേജ് വിഭാഗത്തിൽ 15 ടീമും, സ്റ്റാർട്ടപ്പ് വിഭാഗത്തിൽ എട്ടും, ഓപ്പൺ കാറ്റഗറിയിൽ ഏഴും ടീമുകൾ പങ്കെടുക്കുന്നുണ്ട്.
4. കാർഷികോൽപാദനവും വിപണിയും കയ്യടക്കാൻ ഒരുങ്ങുകയാണ് പിണ്ടിമന ഗ്രാമപഞ്ചായത്ത്. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കിസ്സാൻ മിത്ര കർഷക ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഉൽപാദിപ്പിച്ച ഔഷധ ഗുണമുള്ള രക്തശാലി അരി പഞ്ചായത്ത് വിപണിയിലെത്തിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജെസ്സി സാജു പരിപാടി ഉത്ഘാടനം ചെയ്തു. പുതു തലമുറയെ കൃഷിയിലേക്ക് ആകർഷിക്കുകയാണ് ബൃഹത്തായ കാർഷിക പദ്ധതികളിലൂടെ കൃഷിഭവനും പഞ്ചായത്തും ലക്ഷ്യമിടുന്നത്.
5. സഞ്ചരിക്കുന്ന കളിമൺ ഉത്പന്ന വിപണനശാലയ്ക്ക് തിരുവനന്തപുരത്ത് തുടക്കം. കളിമൺ ഉത്പന്ന വിപണനം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കളിമൺപാത്ര നിർമാണ വിപണന ക്ഷേമ വികസന കോർപ്പറേഷന്റെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി കെ. രാധാകൃഷ്ണൻ നിർവഹിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ. അനിൽ ആദ്യ വിൽപ്പന നടത്തി.
6. കേരളത്തിൽ വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ മാതൃകയില്‍ പച്ചക്കറി കൃഷി ആരംഭിക്കുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടിക്കള്‍ച്ചര്‍ റിസര്‍ച്ചിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന കൃഷിവകുപ്പ് – സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ കേരള മുഖേന രാഷ്ട്രീയ കൃഷി വികാസ് യോജനയിൽ ഉള്‍പ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 22,100 രൂപ ആകെ ചെലവ് വരുന്ന ഒരു യൂണിറ്റ് അര്‍ക്ക വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ 10,525 രൂപ ധനസഹായത്തോടെ ഗുണഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നു. ഗുണഭോക്തൃ വിഹിതമായ 11,575 രൂപ അപേക്ഷയോടൊപ്പം ഓണ്‍ലൈനായി മുന്‍കൂർ അടയ്‌ക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍-കേരള യൂണിവേഴ്‌സിറ്റി പി.ഒ., പാളയം, തിരുവനന്തപുരം. ഫോണ്‍- 0471 2330857, 9188954089
വെബ്: www.shm.kerala.gov.in.
7. ആലപ്പുഴ ജില്ലയിൽ കുട്ടനാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ രണ്ടാം വിളയുടെ നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചു. ഒന്നാം വിളവെടുപ്പില്‍ 12,873 കര്‍ഷകരില്‍ നിന്നും 43,813 ടണ്‍ നെല്ല് സംഭരിച്ചു. കൂടാതെ, ഒന്നാം വിള നെല്ല് സംഭരിച്ച വകയില്‍ 89.93 കോടി രൂപ 9,023 കര്‍ഷകര്‍ക്ക് നല്‍കി. ശേഷിക്കുന്ന കര്‍ഷകര്‍ക്ക് കേരള ബാങ്ക് വഴി സര്‍ക്കാര്‍ തുക നല്‍കും. സപ്ലൈകോ കേരള ബാങ്കുമായി ഏര്‍പ്പെട്ട കരാറിന്റെ അടിസ്ഥാനത്തില്‍ ശേഷിക്കുന്ന നെല്ല് വിലയുടെ വിതരണവും ആരംഭിച്ചു.
8. ഗോതമ്പ് വില ഉയർന്നതോടെ കയറ്റുമതിയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്രസർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്താനാകാത്ത സാഹചര്യത്തിൽ 2022 മെയിൽ കയറ്റുമതിക്ക് കേന്ദ്രം നിരോധനം ഏർപ്പെടുത്തിയിരുന്നു. പിന്നീട് ഇളവുകളോടെ കയറ്റുമതി തുടർന്നു. കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശ്, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്ക് 391 ടൺ ഗോതമ്പാണ് ഇന്ത്യയിൽ നിന്നും കയറ്റുമതി ചെയ്തത്. ഈ മാസം കരുതൽ ശേഖരത്തിൽ നിന്നും ഏകദേശം 3 ദശലക്ഷം ടൺ ഗോതമ്പ് കേന്ദ്രം വിപണിയിലിറക്കി. ജനുവരിയിലെ ഗോതമ്പ് വില കുറയ്ക്കാനായിരുന്നു ശ്രമം.
9. രാജ്യത്ത് ഇറക്കുമതി ചെയ്യുന്ന ഭക്ഷണ പദാർഥങ്ങൾ റേഡിയേഷൻ വിമുക്തമെന്ന് ബഹ്റൈൻ ആരോഗ്യമന്ത്രി. ഭക്ഷണത്തിൽ റേഡിയോ ആക്ടീവ് പദാർഥങ്ങൾ അടങ്ങിയിട്ടില്ലെന്ന് ഉറപ്പുവരുത്താൻ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ടെന്നും അല്ലാത്തവ നിരോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടനയും ഇന്റർ നാഷണൽ അറ്റോമിക് എനർജി ഏജൻസിയും ചേർന്നാണ് റേഡിയേഷന്റെ അളവ് നിയന്ത്രിക്കുന്നത്.
10. കേരളത്തിൽ ചൂട് കനക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം. പകൽ 11 മണി മുതൽ 3 മണി വരെ തുടർച്ചയായി സൂര്യപ്രകാശം ശരീരത്തിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്നാണ് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ അറിയിപ്പ്. കണക്കുകൾ പ്രകാരം പുനലൂർ, കോട്ടയം, ആലപ്പുഴ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരി മാസത്തിൽ അനുഭവപ്പെട്ട ചൂടിനേക്കാൾ 2 ഡിഗ്രി അധിക ചൂടാണ് ഇപ്പോൾ അനുഭവപ്പെടുന്നത്.