മാര്‍ച്ച് മാസത്തിലെ മാത്രമല്ല ഫെബ്രുവരിയിലെയും ജനുവരിയിലെയും ഡിസംബറിലെയുമൊക്കെ വായ്പാ തിരിടച്ചടവ് നടത്താന്‍ സാധിക്കാത്ത കർഷകർക്ക് ആശ്വാസമേകുന്നതാണ് റിസര്‍വ് ബാങ്ക്് നടത്തിയിരിക്കുന്ന പ്രഖ്യാപനം. മാര്‍ച്ച് ഒന്നിന് വായ്പാ കുടിശിക നില്‍ക്കുന്നവര്‍ക്ക് അവരുടെ വായ്പകള്‍ക്ക് മോറട്ടോറിയം കാലയളവില്‍ തല്‍സ്ഥിതി തുടരാന്‍ സാവകാശം ലഭിക്കും. അതായത് ഇക്കാലയളവില്‍ വായ്പാ കുടിശികയുള്ളവ നിഷ്‌ക്രിയ ആസ്തിയാക്കാതെ നിലനിര്‍ത്താനാകും.
. ഒരു കർഷകന് തന്റെ ടേം ലോണിന്റെ തിരിച്ചടവ് ഡിസംബര്‍ മുതല്‍ നടത്താന്‍ സാധിച്ചിട്ടില്ലെന്നിരിക്കട്ടേ. സാധാരണ ഗതിയില്‍ വായ്പാ തിരിച്ചടവ് മുടങ്ങി 90 ദിവസം പൂര്‍ത്തിയാകുമ്പോള്‍ ആ വായ്പ എന്‍ പി എ ആയി ക്ലാസിഫൈ ചെയ്യും. അതായത് ഡിസംബര്‍ 15ന് മുടങ്ങിയ വായ്പ ആണെങ്കില്‍ മാര്‍ച്ച് 15ന് എന്‍ പി എ ആകും.
അതുപോലെ തന്നെ 2019 ഡിസംബര്‍ 31 മുതല്‍ പലിശ അടക്കാതെ കിടക്കുന്ന കാഷ് ക്രെഡിറ്റ് എക്കൗണ്ടുകളും 2020 മാര്‍ച്ച് 31 ന് നിഷ്‌ക്രിയ ആസ്തിയായി വര്‍ഗീകരിക്കും.
ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഈ നടപടിക്രമങ്ങളില്‍ നിന്ന് കർഷകർക്ക് ആശ്വാസം നേടാന്‍ വെള്ളിയാഴ്ചത്തെ പ്രഖ്യാപനം കൊണ്ട് സാധിക്കും. കർഷകർക്ക് മോറട്ടോറിയം നല്‍കണമോ വായ്പകളുടെ തിരിച്ചടവ് നീട്ടിവെയ്ക്കാന്‍ അനുമതി നല്‍കണമോ എന്ന കാര്യത്തിലെല്ലാം തീരുമാനമെടുക്കാനുള്ള അധികാരം അതത് ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കുമാണ്.
വായ്പ എടുത്തവര്‍ ചെയ്യേണ്ടത് വായ്പാ തിരിച്ചടവില്‍ കുടിശിക നിലനില്‍ക്കുന്നതിനാല്‍ റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ച മോറട്ടോറിയത്തിനായി പലരും ബാങ്കുകളിലും ധനകാര്യ സ്ഥാപനത്തിലും അപേക്ഷ നല്‍കിയിട്ടില്ല. വായ്പാ കുടിശിക അടച്ചില്ലെങ്കില്‍ വായ്പകള്‍ എന്‍ പി എ ആകുമെന്ന ധാരണയുള്ളതുകൊണ്ടു കൂടിയാകാം ഇത്.
എന്നാല്‍ പുതിയ സാഹചര്യത്തില്‍ വായ്പ എടുത്തവര്‍ അതത് ബാങ്കുകളെയും ധനകാര്യ സ്ഥാപനങ്ങളെയും സമീപിച്ച് തങ്ങളുടെ വായ്പകളുടെ മാര്‍ച്ച് ഒന്നിലെ സ്ഥിതി പരിശോധിക്കണം. അതായത്, ആ തിയതിയില്‍ നിങ്ങളുടെ വായ്പകള്‍ സ്റ്റാര്‍ഡേര്‍ഡാണോ അതോ എന്‍ പി എ ആയോ എന്ന് നോക്കുക.
സ്റ്റാന്‍ഡേര്‍ഡ് ആണെങ്കില്‍ നിങ്ങളുടെ വായ്പകളുടെ സ്വഭാവത്തിന് അനുസരിച്ച്, മോറട്ടോറിയത്തിനോ പലിശ ഈടാക്കുന്നത് നീട്ടിവെയ്ക്കുന്നതിനോ, അപേക്ഷ സമര്‍പ്പിക്കാം.
മാര്‍ച്ച് ഒന്നുമുതല്‍ മെയ് 31 വരെ വായ്പകള്‍ എന്‍ പി എ ആയി മാറാതിരിക്കാന്‍ ഇത് സഹായിക്കും. മാത്രമല്ല, വായ്പാ തിരിച്ചടവിനായി സ്വരൂക്കൂട്ടിയ പണം അതിലും അത്യാവശ്യമുള്ള കാര്യത്തിനായി വിനിയോഗിക്കാനും സാധിക്കും.
കർഷകർ എപ്പോഴും മനസില്‍ വെയ്‌ക്കേണ്ട കാര്യങ്ങള്‍ ചിലതുണ്ട്. വായ്പകളുടെ ഏത് തിരിച്ചടവും മാറ്റി വെച്ചാലും പലിശ നല്‍കേണ്ടി വരും. ചില സന്ദര്‍ഭങ്ങളില്‍ പിഴ പലിശയും നല്‍കണം.
റിസര്‍വ് ബാങ്കിന്റെ മുന്‍ പ്രഖ്യാപനത്തില്‍ മോറട്ടോറിയം അനുവദിച്ചപ്പോള്‍ ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കില്ലെന്ന ഉറപ്പുണ്ടായിരുന്നു. എന്നാല്‍ മാര്‍ച്ച് 1ന് മുമ്പ് തിരിച്ചടവില്‍ വീഴ്ച വരുത്തിയ വായ്പകളുടെ കാര്യത്തില്‍ ആ ഇളവില്ല. എക്കൗണ്ടുകള്‍ എന്‍ പി എ ആക്കില്ലെങ്കിലും ഡൗണ്‍ഗ്രേഡ് ചെയ്യപ്പെട്ടേക്കാം. ഇപ്പോഴത്തെ നോട്ടിഫിക്കേഷന്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. ഇത്തരത്തിലുള്ള ഡൗണ്‍ ഗ്രേഡുകള്‍ ഭാവിയില്‍ പ്രമുഖ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുടെ ക്രെഡിറ്റ് അസസ്‌മെന്റുകളില്‍ സ്വാധീനം ചെലുത്താനും സാധ്യതയുണ്ട്. അത് വായ്പാ ലഭ്യതയെയും പ്രതികൂലമായി ബാധിച്ചേക്കാം.