നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ നെൽവയൽ ഉടമകൾക്ക് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച റോയൽറ്റി തുക അടുത്ത മാസം മുതൽ വിതരണം ചെയ്യും.
നവംബർ അഞ്ചിന് മുഖ്യമന്ത്രി സ. പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. ഹെക്‌ടറിന് വർഷം 2,000 രൂപ വീതമാണ് റോയൽറ്റി.
ബാങ്ക് അക്കൗണ്ടിൽ പണം എത്തും. ഇതിനായി 40 കോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്.
നെൽവയൽ ഉടമകൾക്ക് റോയൽറ്റി നൽകുന്ന ആദ്യ സംസ്ഥാനമാണ് കേരളം. വയലുകൾ രൂപമാറ്റം വരുത്താതെ നിലനിർത്തി സംരക്ഷിക്കുകയും കൃഷിക്കായി തയ്യാറാക്കുകയും ചെയ്യണം. പയർ വർഗങ്ങൾ, പച്ചക്കറി, എള്ള്, നിലക്കടല തുടങ്ങി നെൽവയലിന്റെ അടിസ്ഥാന സ്വഭാവത്തിൽ മാറ്റം വരുത്താത്ത ഹ്രസ്വകാല വിള കൃഷി ചെയ്യുന്നവർക്കും റോയൽറ്റി ലഭിക്കും.
നിലവിൽ നെൽവിത്തുകൾ കൃഷി ഭവൻ വഴി സൗജന്യമായി നൽകുന്നുണ്ട്. ഉഴവുകൂലിയായി ഒരു ഹെക്‌ടറിന് 17,500 രൂപയും പ്രൊഡക്ഷൻ ബോണസായി 1,000 രൂപയും സുസ്ഥിര വികസന ഫണ്ടിൽനിന്ന് 1,500 രൂപയും വീതം നൽകുന്നു. സബ്‌സിഡി നിരക്കിൽ ജൈവവളവും നൽകുന്നുണ്ട്. ഇതിന് പുറമെയാണ് റോയൽറ്റി.