- കേരള സഹകരണ ക്ഷീരവിപണന ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന മില്‍മ ഗോള്‍ഡ് കാലിത്തീറ്റ സമ്മാന കൂപ്പണ്‍ പദ്ധതിക്ക് തുടക്കം. കാലിത്തീറ്റ വില വര്‍ധനയില്‍ ക്ഷീരകര്‍ഷകര്‍ക്ക് ആശ്വാസം പകരുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി കൂപ്പണ്‍ പുറത്തിറക്കി. ഒരു ചാക്ക് മില്‍മ ഗോള്‍ഡ് കാലിത്തീറ്റ വാങ്ങുന്നവര്‍ക്ക് 100 രൂപയുടെ സമ്മാന കൂപ്പണ്‍ ലഭിക്കും. ഈ കൂപ്പൺ ഉപയോഗിച്ച്, മില്‍മയുടെ ധാതുലവണ മിശ്രിതമായ മില്‍മാമിനും മറ്റ് പാലുൽപ്പന്നങ്ങളും വാങ്ങാം. ആലപ്പുഴയിലെ പട്ടണക്കാടും, പാലക്കാട് മലമ്പുഴ കാലിത്തീറ്റ ഫാക്ടറികളിലൂടെയുമാണ് പദ്ധതി നടപ്പിലാക്കുന്നത്. മില്‍മയുടെ പ്രീമിയം കാലിത്തീറ്റയായ മില്‍മ ഗോള്‍ഡിന്റെ വില്‍പന വര്‍ധനവ് കൂടിയാണ് ഇതിലൂടെ ലക്ഷ്യം വക്കുന്നത്.
- ഇന്ത്യൻ ട്രാക്ടർ ഓഫ് ദി ഇയർ അവാർഡ് 2022ന്റെ മൂന്നാം പതിപ്പ് ബുധനാഴ്ച ഡൽഹിയിലെ പുൾമാൻ എയ്റോസിറ്റി ഹോട്ടലിൽ നടക്കും. നാളെ വൈകുന്നേരം നാല് മണിക്കാണ് ചടങ്ങ്. പരിപാടിയിൽ അഗ്രി മീഡിയ എക്സ്ക്ലൂസീവ് പാർടനറായി കൃഷി ജാഗരണും പങ്കാളികളാകും.
ബന്ധപ്പെട്ട വാർത്തകൾ: ക്ഷീര കര്‍ഷകര്‍ ജാഗ്രത! ജന്തുജന്യ രോഗവ്യാപനത്തിൽ പ്രത്യേക കരുതല്‍ നല്‍കണം
- 20 കൊല്ലം മുമ്പ് തറക്കല്ലിട്ട തകഴി റൈസ് മിൽ സർക്കാർ ഉപേക്ഷിച്ചെന്ന വാർത്തയ്ക്ക് പിന്നാലെ, മില്ലിന്റെ നവീകരണ നടപടിയുമായി സംസ്ഥാന സർക്കാർ. മില്ലിനെ കുറിച്ച് പഠിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചുവെന്ന് കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. മിൽ നവീകരണത്തിനായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ച്ചറൽ ഫണ്ടിൽ നിന്ന് പണം ലഭ്യമാക്കുന്ന കാര്യം പരിശോധിക്കും. ഈ വിദഗദ സമിതിയുടെ റിപ്പോർട്ടിന് ശേഷം തുടർ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദമാക്കി. കുട്ടനാട്ടിലെ കര്‍ഷകരെ സ്വകാര്യ മില്ലുടകളുടെയും ഇടനിലക്കാരുടെയും ചൂഷണത്തില്‍ നിന്ന് രക്ഷിക്കുന്നതിനായി 2,000 ഫെബ്രുവരിയില്‍ ഉദ്ഘാടനം ചെയ്ത മില്ലാണ് തകഴി മോഡേണ്‍ റൈസ് മില്‍. ഒന്നേമുക്കാല്‍ കോടി രൂപയായിരുന്നു റൈസ് മില്ലിനായി ബജറ്റില്‍ അനുവദിച്ചത്. എന്നാൽ, ഒരു ദിവസം പോലും മില്ല് പ്രവർത്തിച്ചില്ലെന്നാണ് ആരോപണം.
- കേരളത്തിൽ ഒരു സീസണിൽ കായ്ക്കുന്ന ചക്കകളുടെ എണ്ണം 28 ദശാംശം 6 കോടിയെന്ന് ഔദ്യോഗിക കണക്കുകൾ. ചക്കയെ വലിയ രീതിയിൽ കൃഷി ചെയ്ത് വിളയിക്കുന്നില്ലെങ്കിലും, പറമ്പിലും മറ്റും വളർന്ന് കായ്ക്കുന്ന ചക്കകളുടെ എണ്ണം ഒട്ടും പിന്നോട്ടല്ല എന്നാണ് സംസ്ഥാന കാർഷിക സ്ഥിതിവിവര കണക്കുകൾ വ്യക്തമാക്കുന്നത്. കണക്കുകളിൽ മുൻപന്തിയിൽ ഇടുക്കി ജില്ലയാണ്. 5 ദശാംശം 7 കോടി ചക്കകളാണ് ഇടുക്കി ജില്ലയിൽ ഓരോ സീസണിലും ശരാശരി ഉൽപാദിപ്പിക്കുന്നത്. തൊട്ടുപിന്നാലെ വയനാടും തിരുവനന്തപുരവുമുണ്ട്. ഇവിടെ 2 ദശാംശം 6 കോടി ചക്കകൾ ഉൽപാദിപ്പിക്കുന്നു. അതേ സമയം, ഏറ്റവും കുറവ് ഉൽപാദനം ആലപ്പുഴ ജില്ലയിലാണ്. 60 ലക്ഷം ചക്ക മാത്രമാണ് ഇവിടെ ഉൽപാദിപ്പിക്കുന്നത്. എന്നാൽ, ആവശ്യത്തിന് ചക്കയുണ്ടെങ്കിലും, ഇതിനാവശ്യമായ വിപണി സാധ്യതകൾ സർക്കാർ നടപ്പിലാക്കുന്നില്ല എന്നതാണ് ഈ മേഖലയിലെ പ്രധാന പ്രശ്നം.
- കനത്ത മഴയിൽ കൃഷി നാശം സംഭവിച്ച കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് എം.കെ രാഘവൻ എംപി കൃഷി മന്ത്രി പി പ്രസാദിനോട് ആവശ്യപ്പെട്ടു. കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ മാവൂർ, പെരുവയൽ, ചാത്തമംഗലം ഗ്രാമപഞ്ചായത്തുകളിൽ ശക്തമായ മഴയെ തുടർന്ന് ഏകദേശം 20, 000 വാഴകൾ വെള്ളം കയറി നശിച്ചതായാണ് കണക്കുകൾ. ഓണ വിപണി ലക്ഷ്യമാക്കി കൃഷി ചെയ്ത വാഴകൾക്കാണ് കൃഷിനാശം സംഭവിച്ചത്. വന്യമൃഗങ്ങളാൽ ഉണ്ടാവുന്ന വിള നാശത്തിന് പുറമേയാണ് കനത്തമഴയിലും വിളകൾ നശിക്കുന്നത്. കൃഷിയ്ക്കായി വലിയ തുക വായ്പ എടുത്ത കർഷകരുൾപ്പെടെയുള്ളവർ, ഇപ്പോൾ വായ്പാ തിരിച്ചടവിന് പോലും കഴിയാതെ പ്രയാസപ്പെടുകയാണെന്നും എം.കെ രാഘവൻ എംപി കൃഷിമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
- കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നടപ്പാക്കി വരുന്ന, 'എന്റെ ഗ്രാമം' പദ്ധതിയിലൂടെ മലപ്പുറം ജില്ലയില്‍ വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. വ്യക്തികള്‍, സഹകരണ സംഘങ്ങള്‍, ധര്‍മ്മസ്ഥാപനങ്ങള്‍, സ്വയം സഹായ സംഘങ്ങള്‍ എന്നിവയ്ക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം അപേക്ഷിക്കാവുന്ന പ്രൊജക്ടിന്റെ പരമാവധി പദ്ധതി ചെലവ് 5 ലക്ഷം രൂപയാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 04832734807 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടുക.
- തിരുവനന്തപുരം കടയ്ക്കാവൂർ പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പൊലീസ് അംഗങ്ങളും SSPB ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡന്റ്സ് പൊലീസ് കെഡറ്റ് യൂണിറ്റും ചേർന്ന് കവലയൂർ വയലിൽ ഞാറുനട്ടു. ഒരേക്കറോളം വരുന്ന നെൽപാടത്താണ് ഞാറു നടീൽ പൂർത്തിയാക്കിയത്. തരിശ് നിലങ്ങളെ കൃഷിയോഗ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാരിന്റെ ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതിയുടെ ഭാഗമായാണ് നെൽക്കൃഷി ആരംഭിച്ചത്. പഠനത്തോടൊപ്പം കൃഷിയും എന്ന സന്ദേശം പുതുതലമുറയ്ക്ക് നൽകുകയെന്നതും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുവെന്ന് കടയ്ക്കാവൂർ SHO വി.അജേഷ് പറഞ്ഞു.
- ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം ഓഫീസില്‍ വീഡിയോ എഡിറ്റര്‍ തസ്തികയിൽ, നിലവിലുള്ള ഒഴിവിലേക്ക് നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഏതെങ്കിലും അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം അല്ലെങ്കില്‍ 3 വര്‍ഷത്തെ ഡിപ്ലോമ, അംഗീകൃത സ്ഥാപനത്തില്‍ നിന്ന് വീഡിയോ എഡിറ്റിംഗ് ഡിപ്ലോമ യോഗ്യതയുള്ള, വീഡിയോ എഡിറ്റിങ്ങില്‍ 3 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുളളവര്‍ക്ക് അപേക്ഷിക്കാം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജൂലൈ 21 വ്യാഴാഴ്ച തിരുവനന്തപുരം ഓഫീസില്‍ വാക്-ഇന്‍-ഇന്റര്‍വ്യൂവിൽ പങ്കെടുക്കണം. സര്‍ട്ടിഫിക്കറ്റ് പരിശോധനയുടെയും പ്രായോഗിക പരീക്ഷയുടെയും അടിസ്ഥാനത്തില്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെയാണ് ഇന്റര്‍വ്യൂവിന് പരിഗണിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി സമയങ്ങളിൽ 0471 - 2318186 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.
- നീതി ആയോഗും ഇന്ത്യയിലെ വേള്‍ഡ് ഫുഡ് പ്രോഗ്രാമും ചേർന്ന്, ഏഷ്യയിലെയും ആഫ്രിക്കയിലെയും ചെറുധാന്യങ്ങളില്‍ പ്രധാനികളുടെ മാപ്പിംഗ് നടത്താനും, മികച്ച മാതൃകകള്‍ പങ്കുവെയ്ക്കാനും ഒരുക്കുന്ന സംരഭത്തിന് തുടക്കമായി. നീതി ആയോഗ് വൈസ് ചെയർമാൻ സുമൻ ബെറി ഹൈബ്രിഡ് ഫെസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യയിലും വിദേശത്തും ചെറുധാന്യങ്ങളുടെ ഉൽപ്പാദനവും ഉപഭോഗവും വർധിപ്പിക്കുന്നതിനുള്ള മികച്ച രീതികളുടെ ഒരു സമാഹരണവും ഇതിലൂടെ തയ്യാറാക്കിയിട്ടുണ്ട്. ഐസിഎആര്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വകുപ്പുകളിലെ പ്രതിനിധികളും, കൃഷി വിജ്ഞാന കേന്ദ്രങ്ങള്‍, വ്യവസായം, കേന്ദ്ര-സംസ്ഥാന കാര്‍ഷിക സർവകലാശാലകള്‍, എഫ്പിഒകള്‍, എന്‍ജിഒകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, അക്കാദമിക്, ഗവേഷണ സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
- കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ഇരുപത്തിരണ്ടാം തീയതി വരെ സംസ്ഥാനത്തെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. അതേ സമയം, കേരള- ലക്ഷദ്വീപ്- കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.
English Summary: Rs. 100 Gift Coupon For Milma Gold fodder, Know More Agriculture News
Published on: 19 July 2022, 05:49 IST