കാർഷിക മേഖലയെയും അനുബന്ധ പ്രവർത്തനങ്ങളെയും കേന്ദ്രീകരിച്ചുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക പാക്കേജ് പ്രഖ്യാപനത്തിന്റെ മൂന്നാം ദിവസം നടത്തിയത്. സംയോജിതവും സുസ്ഥിരവും സമഗ്രവുമായ വികസനത്തിനായി സമുദ്ര-ഉൾനാടൻ മത്സ്യബന്ധന മേഖലയ്ക്കായി പ്രധാനമന്ത്രി മത്സ്യ സമ്പദ യോജന ആരംഭിക്കും. ഈ പദ്ധതി വഴി സമുദ്ര, ഉൾനാടൻ മത്സ്യബന്ധനം, അക്വാകൾച്ചർ എന്നിവയ്ക്കായി 11,000 കോടി രൂപ കേന്ദ്രം പ്രഖ്യാപിച്ചു.
മത്സ്യബന്ധന മേഖല
9,000 കോടി രൂപയുടെ അടിസ്ഥാന സൌകര്യങ്ങൾ ഈ മേഖലയിൽ നടപ്പിലാക്കും. ഫിഷിംഗ് ഹാർബറുകൾ, കോൾഡ് ചെയിനുകൾ, മാർക്കറ്റുകൾ തുടങ്ങിയവ ഇതിൽപ്പെടും. 5 വർഷത്തിനുള്ളിൽ 70 ലക്ഷം ടൺ അധിക മത്സ്യ ഉൽപാദനത്തിലേക്ക് നയിക്കുന്നതാണ് ഈ പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി. 55 ലക്ഷത്തിലധികം ആളുകൾക്ക് ഇതുവഴി തൊഴിൽ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ദ്വീപുകൾ, ഹിമാലയൻ സംസ്ഥാനങ്ങൾ, വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാകും പദ്ധതി നടപ്പിലാക്കുക.
മൃഗസംരക്ഷണ മേഖല
ദേശീയ മൃഗ രോഗ നിയന്ത്രണ പദ്ധതിയിലൂടെ കന്നുകാലികൾ, എരുമകൾ, ആടുകൾ, പന്നി എന്നിവയുടെ 100 ശതമാനം കുത്തിവയ്പ്പ് ഉറപ്പാക്കുമെന്നും ഇതുവരെ 1.5 കോടി പശുക്കൾക്കും എരുമകൾക്കും ടാഗുചെയ്ത് വാക്സിനേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് ഫണ്ടിലേയ്ക്ക് 15,000 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്. ഉയർന്ന പാൽ ഉൽപാദനമുള്ള രാജ്യത്തെ പല പ്രദേശങ്ങളിലും ഡയറിയിൽ സ്വകാര്യ നിക്ഷേപത്തിന് വലിയ സാധ്യതയുണ്ടെന്നും പാൽ സംസ്കരണം, മൂല്യവർദ്ധനവ്, കന്നുകാലി തീറ്റ ഇൻഫ്രാസ്ട്രക്ചർ എന്നിവയിലെ സ്വകാര്യ നിക്ഷേപത്തെ പിന്തുണയ്ക്കുമെന്നും സീതാരാമൻ വ്യക്തമാക്കി. 15,000 കോടി രൂപയുടെ മൃഗസംരക്ഷണ അടിസ്ഥാന സൌകര്യ വികസന ഫണ്ട് സജ്ജീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഔഷധസസ്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് 4,000 കോടി രൂപ
അടുത്ത രണ്ട് വർഷത്തിനുള്ളിൽ 10,00,000 ഹെക്ടറിൽ ഔഷദ സസ്യങ്ങൾ കൃഷി ചെയ്യുമെന്നും ഇതിനായി 4,000 കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. ഇതുവഴി കർഷകർക്ക് അയ്യായിരം കോടി രൂപയുടെ വരുമാനമുണ്ടാകും. ഗംഗയുടെ തീരത്ത് ഔഷധ സസ്യങ്ങളുടെ ഹബ്ബ് വികസിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: അന്തർ സംസ്ഥാന തൊഴിലാളികൾക്ക് രണ്ടുമാസത്തേക്ക് കൂടി സൗജന്യ റേഷൻ; ധനമന്ത്രി