വാഗമൺ മലനിരകളിൽ നിത്യഹരിത മേഖലയിൽനിന്ന് കണ്ടെത്തിയ പുതിയ സസ്യത്തിന് ശാസ്ത്രജ്ഞൻ പുതിയ പേര് നൽകിയിരിക്കുന്നു. 'അർഗോസ്റ്റെമ ക്വാറന്റീന'. സസ്യത്തിന്റെ പേരിലെ കൗതുകം ഇപ്പോൾ നിങ്ങൾ ശ്രദ്ധിച്ചില്ലേ?. ക്വാറന്റീന എന്ന വാക്കിന് നമ്മൾ ഈ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ കേൾക്കുന്ന ക്വാറന്റീൻ എന്ന വാക്കുമായി ഒരു ബന്ധമുണ്ട്.
കോവിഡ് 19 എന്ന മഹാമാരി നമുക്കു ചുറ്റുമുള്ള പല ആരോഗ്യ പ്രവർത്തകരുടെയും, കലാസാഹിത്യ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന നിരവധി പേരുടെയും, ലക്ഷോപലക്ഷം ആളുകളുടെയും ജീവൻ എടുത്തിരിക്കുന്നു. ഇവരുടെ ഓർമ്മയ്ക്കാണ് ഈ സസ്യത്തിന് ഇങ്ങനെ ഒരു പേര് നൽകിയിരിക്കുന്നത്.
സാധാരണയായി മഴക്കാലത്താണ് റുബിയേസി കുടുംബത്തിൽപ്പെട്ട ഈ സസ്യം കാണപ്പെടുന്നത്. വാഗമൺ മലനിരകളിൽ നിന്നും ഉത്ഭവിക്കുന്ന കാട്ടരുവികൾ കടന്നുപോകുന്ന പാറക്കെട്ടുകളിൽ ഈ സസ്യം തഴച്ചുവളരുന്നു. കാലവർഷാരംഭത്തോടെ മാത്രമേ നമുക്ക് ഈ സസ്യത്തെ കാണാൻ സാധിക്കും. മഴക്കാലം മാറി വേനൽക്കാലമാകുന്നതോടെ കൂടി ഈ സസ്യം ഇല്ലാതാക്കുകയും ചെയ്യുന്നു.
ഈ സസ്യത്തെ ആദ്യം കണ്ടെത്തിയത് പത്തനംതിട്ട തിരുത്തിക്കാട് ബി.എ.എം കോളേജിലെ ഡോ. എ. ജെ. റോബിയാണ്. ഇറ്റലിയിൽ നിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന വെബിയ ജേണലിലാണ് ആദ്യമായി ഈ സസ്യത്തെ കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങൾ ഈ സസ്യത്തിനും ഭീഷണി ഉയർത്തുന്നുണ്ടെന്ന് ഇതിനെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധ സമിതി പറഞ്ഞു.
ഇത്തരം വംശനാശഭീഷണി നേരിടുന്ന സസ്യങ്ങൾ കണ്ടെത്തി അവയെ പരിപാലിക്കേണ്ടത് നമ്മുടെ ആവാസവ്യവസ്ഥയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. ഈയൊരു തിരിച്ചറിവ് നമുക്കെല്ലാവർക്കും വേണ്ടതാണ്...