1. സാധാരണക്കാർക്ക് തിരിച്ചടിയായി സപ്ലൈകോ, മാവേലി സ്റ്റോറുകളിൽ സബ്സിഡി സാധനങ്ങൾക്ക് ക്ഷാമം. ഓണത്തിന് ശേഷം മിക്ക സാധനങ്ങളും കാര്യമായി സ്റ്റോറുകളിൽ എത്തിയിട്ടില്ല. സെപ്റ്റംബർ മാസത്തെ ടെൻഡറിൽ സാധനങ്ങളുടെ അളവ് നാലിലൊന്നായി വെട്ടിച്ചുരുക്കിയതാണ് പ്രതിസന്ധിയ്ക്ക് കാരണം. വറ്റൽ മുളക് പൂർണമായും ഒഴിവാക്കി. കൂടാതെ, വൻപയർ, തുവരപരിപ്പ്, ഉഴുന്നുപരിപ്പ്, മല്ലി, എന്നിവയുടെ അളവും കുറച്ചു. ഇവയ്ക്ക് ഈ മാസവും ക്ഷാമം നേരിടുമെന്ന് സാരം. അതേസമയം, വെളിച്ചണ്ണ, ജയ അരി, കടല എന്നിവ നിലവിൽ ലഭ്യമാണ്. കുടിശിക ബാക്കിയുള്ളതിനാൽ പഞ്ചസാരയും ആവശ്യത്തിന് സ്റ്റോറുകളിൽ എത്തുന്നില്ല. സ്റ്റോറുകളിൽ പഞ്ചസാര, പച്ചരി എന്നിവയ്ക്കാണ് ആവശ്യക്കാർ ഏറെയും. വിതരണക്കാരുമായി നടത്തിയ ചർച്ചയിൽ കുടിശിക തുക എത്രയും പെട്ടെന്ന് നൽകുമെന്നാണ് ഭക്ഷ്യമന്ത്രി ജിആർ അനിൽ അറിയിച്ചത്.
കൂടുതൽ വാർത്തകൾ: കോഴിയിറച്ചിയ്ക്ക് തോന്നിയ വില; കിലോയ്ക്ക് 15 രൂപ കൂടി!!
2. സംസ്ഥാന കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ ചക്ക സംരംഭകർക്കായി ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ആനയറ സമേതി പരിശീലന കേന്ദ്രത്തിൽ വെച്ച് ഈമാസം 19നാണ് പരിശീലനം നടക്കുക. ചക്കയുടെ വാണിജ്യപരമായ ഗുണങ്ങൾ, ആഗോള തലത്തിലെ മൂല്യ വർദ്ധന സാധ്യത, മൂല്യ വർദ്ധിത ഉല്പ്പന്നങ്ങൾ, യന്ത്രവത്കരണം, സാങ്കേതിക വിദ്യ, പാനൽ ചർച്ചകൾ തുടങ്ങിയവ ശില്പശാലയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശില്പശാലയിൽ പങ്കെടുക്കാൻ താല്പര്യമുള്ള സംരംഭകർ ഒക്ടോബർ 13 നകം ഈ https://forms.office.com/r/9ayxXgx3XF ലിങ്ക് മുഖേനേ റജിസ്റ്റർ ചെയ്യേണ്ടതാണ്.കൂടുതൽ വിവരങ്ങൾക്ക് www.sfackerala.org എന്ന വെബ്സൈറ്റ് സന്ദർശിക്കാം.
3. ഖാദി നെയ്ത്ത് കേന്ദ്രങ്ങളില്‍ പരിശീലനം നല്‍കികൊണ്ട് വനിതകള്‍ക്ക് തൊഴിൽ നൽകുന്നു. 18നും 35നും ഇടയിൽ പ്രായമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പാമ്പാംപള്ളം നൂല്‍പ്പ് കേന്ദ്രം, കിഴക്കഞ്ചേരി, കളപ്പെട്ടി, പെരുവെമ്പ്, എഴക്കാട്, കടമ്പഴിപ്പുറം, കാരാകുറുശ്ശി, ആറ്റാശ്ശേരി, ശ്രീകൃഷ്ണപുരം, വിളയോടി, വടശ്ശേരി, എലപ്പുള്ളി, കൊടുമ്പ്, കല്ലുവഴി, മൂങ്കില്‍മട, നെന്മാറ, പട്ടഞ്ചേരി, കൊടുന്തിരപ്പുള്ളി, മണ്ണൂര്‍ തുടങ്ങിയ നെയ്ത്തു കേന്ദ്രങ്ങള്‍, മലക്കുളം തോര്‍ത്ത് നെയ്ത്തു കേന്ദ്രം, ചിതലി, വിളയോടി പാവ് ഉത്പാദന കേന്ദ്രം, ചിതലി കോട്ടണ്‍ നെയ്ത്തു കേന്ദ്രം എന്നിവിടങ്ങളിലേക്കാണ് തൊഴില്‍ പരിശീലനം നല്‍കുന്നത്. പാലത്തുള്ളി ഗാര്‍മെന്റ്സ് യൂണിറ്റിലേക്ക് ടൈലറിങ് പ്രവര്‍ത്തി പരിചയമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം. പുതുനഗരം, പെരുവെമ്പ്, കൊടുമ്പ് പഞ്ചായത്തില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് പാലക്കാട് ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസില്‍ ബന്ധപ്പെടാമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2534392.
4. മലമ്പുഴ ഗവ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് ഇറച്ചിക്കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. ഈമാസം 12 ന് രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് പരിശീലനം നടക്കുക. താത്പര്യമുള്ളവര്‍ വിളിക്കുക: 0491 2815454, 9188522713. പങ്കെടുക്കുന്നവര്‍ ആധാര്‍ കാര്‍ഡിന്റെ കോപ്പി കൊണ്ടുവരേണ്ടതാണ്.