തദ്ദേശസ്ഥാപനങ്ങള്‍ വഴി വിതരണം ചെയ്യുന്ന വാര്‍ദ്ധക്യകാല പെന്‍ഷന്‍,കര്‍ഷക തൊഴിലാളി പെന്‍ഷന്‍,വിധവാ പെന്‍ഷന്‍ ,വികലാംഗ പെന്‍ഷന്‍,50 വയസിനു മുകളിലുള്ള അവിവാഹിത പെന്‍ഷന്‍ എന്നിവ വാങ്ങുന്നവരും ക്ഷേമനിധി ബോര്‍ഡില്‍ നിന്നും പെന്‍ഷന്‍ വാങ്ങുന്നവരും നിര്‍ബന്ധമായും തിരിച്ചറിയല്‍ അടയാളപ്പെടുത്തേണ്ടതാണ്.
അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്തി ഒഴിവാക്കുന്നതിനുവേണ്ടിയാണ് അടയാളപ്പെടുത്തല്‍ (മസ്റ്ററിംഗ്) നടത്തുന്നത്. അനര്‍ഹരായി പെന്‍ഷന്‍ വാങ്ങുന്നവരെ കണ്ടെത്താനായി ഒരു പഞ്ചായത്തില്‍ പരീക്ഷണാര്‍ത്ഥം നടത്തിയ പഠനത്തില്‍, പെന്‍ഷന്‍ വാങ്ങുന്ന 7158 പേരില്‍ 1202 പേര്‍ അനര്‍ഹരാണെന്നു കണ്ടെത്തിയിരുന്നു. ഇതില്‍ 428 പേര്‍ മരണപ്പെട്ടവരും
27 പേര്‍ പുനര്‍വിവാഹം ചെയ്തവരും 259 പേര്‍ മറ്റിടങ്ങളിലേക്ക് മാറി താമസിക്കുന്നവരും 110 പേര്‍ സര്‍വ്വീസ് പെഷന്‍ വാങ്ങുന്നവരുമായിരുന്നു. ഇത് ഗൗരവമേറിയ വിഷയമായതിനാലാണ് സര്‍ക്കാര്‍ പുതിയ അടയാളപ്പെടുത്തല്‍ പദ്ധതി നടപ്പിലാക്കുന്നത്.
വിരലടയാളമോ നേത്രപടലമോ ജീവന്‍ രേഖ എന്ന സോഫ്‌റ്റ്വെയറില്‍ രേഖപ്പെടുത്തിയാണ് അടയാളപ്പെടുത്തല്‍ നടത്തേണ്ടത്. അക്ഷയ കേന്ദ്രങ്ങളില്‍ ഈ സേവനം പൂര്‍ണ്ണമായും സൗജന്യമായി ചെയ്യാവുന്നതാണ്. സംസ്ഥാനത്തെ ഏത് അക്ഷയ കേന്ദ്രത്തിലും ഇത് ചെയ്യാന്‍ കഴിയും. വിരലടയാളമോ നേത്രപടലമോ രേഖപ്പെടുത്തേണ്ടതുള്ളതിനാല്‍ പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി നേരിട്ടുതന്നെ അക്ഷയ കേന്ദ്രത്തില്‍ ഹാജരാകേണ്ടതാണ്. കിടപ്പു രോഗികള്‍ 2019 നവംബര്‍ 29 ന് മുന്‍പായി ബന്ധപ്പെട്ട തദ്ദേശ സ്ഥാപനത്തെ അറിയിച്ചാല്‍ വീട്ടില്‍ വന്ന് രേഖപ്പെടുത്തല്‍ നടത്തുന്നതാണ്. തിരിച്ചറിയല്‍ അടയാളപ്പെടുത്താന്‍ ആധാര്‍ കാര്‍ഡ് നിര്‍ബ്ബന്ധമായും കൊണ്ടുവരേണ്ടതാണ്. പെന്‍ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടെങ്കില്‍ അതും കൊണ്ടുവരേണ്ടതാണ്.
ആധാര്‍ കാര്‍ഡ് ഇല്ലാതെ പെന്‍ഷന്‍ വാങ്ങുന്നവര്‍ ഏതെങ്കിലും ഗസറ്റഡ് ഓഫീസറുടെയോ/ താമസിക്കുന്ന ഇടത്തെ വില്ലേജാഫീസറുടെയോ പക്കല്‍ നിന്നും ജീവിച്ചിരിക്കുന്നു എന്നു രേഖപ്പെടുത്തുന്ന(ലൈഫ്) സര്‍ട്ടിഫിക്കറ്റ് വാങ്ങി തദ്ദേശ സ്ഥാപനത്തില്‍ നല്‍കേണ്ടതാണ്. പെന്‍ഷന്‍ പാസായെങ്കിലും കിട്ടിത്തുടങ്ങിയിട്ടില്ലാത്തവരും അടയാളപ്പെടുത്തല്‍ നടത്തേണ്ടതാണ്. അല്ലെങ്കില്‍ 2019 ഡിസംബര്‍ മുതല്‍ പെന്‍ഷന്‍ ലഭിക്കാതെ വരും.
60 വയസ്സിന് മുകളില്‍ പ്രായമുള്ള വിധവകളും അവിവാഹിത പെന്‍ഷന്‍കാരും അടയാളപ്പെടുത്തല്‍ മാത്രം നടത്തിയാല്‍ മതിയാകും. എന്നാല്‍ 60 വയസിന് താഴെയുള്ള വിധവാ പെന്‍ഷന്‍കാരും അവിവാഹിത പെന്‍ഷന്‍കാരും അടയാളപ്പെടുത്തല്‍ നടത്തുന്നതിനു പുറമെ എല്ലാ വര്‍ഷവും ഡിസംബറില്‍ പുനര്‍വിവാഹിതരായിട്ടില്ല എന്ന സര്‍ട്ടിഫിക്കറ്റ് തദ്ദേശസ്ഥാപനത്തില്‍ നല്‍കേണ്ടതുണ്ട്.
സഹകരണ ബാങ്കുവഴി വീട്ടില്‍ നേരിട്ട് പെന്‍ഷന്‍ കൈപ്പറ്റുന്നവരും അക്ഷയ കേന്ദ്രത്തിലെത്തി അടയാളപ്പെടുത്തല്‍ നടത്തേണ്ടതാണ്.
തിരുവനന്തപുരം,പത്തനംതിട്ട,ഇടുക്കി,എറണാകുളം,പാലക്കാട്,കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ തിങ്കള്‍ ബുധന്‍,വെള്ളി ദിവസങ്ങളിലും കൊല്ലം,ആലപ്പുഴ, കോട്ടയം,തൃശൂര്‍,മലപ്പുറം,വയനാട് ,കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ചൊവ്വ,വ്യാഴം ,ശനി ദിവസങ്ങളിലുമാണ് അക്ഷയ കേന്ദ്രങ്ങളിലൂടെ മസ്റ്ററിംഗ് (അടയാളപ്പെടുത്തല്‍) നടത്താന്‍ കഴിയുക. 2019 ഡിസംബര്‍ 15 വരെ അക്ഷയകേന്ദ്രങ്ങളില്‍ മസ്റ്ററിംഗിന് സൗകര്യമൊരുക്കിയിട്ടുണ്ട്.