വടക്കാഞ്ചേരി നഗരസഭ സര്‍വശുദ്ധി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച ഖരമാലിന്യ സംസ്‌കരണ പ്ലാന്റിന്റെയും ഡീവാട്ടേര്‍ഡ് കമ്പോസ്റ്റിംഗ് സിസ്റ്റത്തിന്റെയും ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് നിര്‍വഹിച്ചു.
ഉറവിട മാലിന്യസംസ്‌ക്കരണം നമ്മുടെ ഉത്തരവാദിത്തമാണെന്നും എല്ലാവരുമത് നടപ്പിലാക്കണമെന്നും ദ്രവമാലിന്യ സംസ്‌ക്കരണത്തിനായി 4 കോടി രൂപയും മാലിന്യ കൂന നീക്കം ചെയ്യുന്നതിനായി 3.5 കോടി രൂപയും നഗരസഭയ്ക്ക് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. മാലിന്യ സംസ്‌ക്കരണ പ്ലാന്റ് മുടക്കാനല്ല, പ്ലാൻ്റ് പ്രദേശത്ത് വരുത്തുന്നതിന് വേണ്ടിയാകണം സമരങ്ങളെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മികച്ച മാലിന്യ സംസ്‌കരണ മാതൃക സൃഷ്ടിച്ച വടക്കാഞ്ചേരി നഗരസഭയെ മന്ത്രി അഭിനന്ദിച്ചു.
പ്ലാന്റിന്റെ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരപരിധി പൂര്‍ണമായും മാലിന്യമുക്തമാകും. വീടുകളിലെയും കച്ചവട സ്ഥാപനങ്ങളിലെയും ജൈവമാലിന്യങ്ങള്‍ ശേഖരിച്ച് സംസ്‌കരിക്കുന്നതിനും അവ ജൈവവളമായി വിപണനം നടത്തുന്നതിനുമാണ് പദ്ധതി ലക്ഷ്യം വയ്ക്കുന്നത്. മണിക്കൂറില്‍ ഒരു ടണ്‍ ജൈവമാലിന്യം സംസ്‌കരിക്കാന്‍ സാധിക്കും. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ അളവില്‍ മാലിന്യം കൈകാര്യം ചെയ്യാനാവും എന്നത് ഡീവാട്ടേര്‍ഡ് കംപോസ്റ്റിംഗ് സിസ്റ്റത്തിന്റെ പ്രത്യേകതയാണ്.
8000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പ്ലാന്റ് പ്രവര്‍ത്തിക്കുന്നത്. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷനാണ് നഗരസഭയില്‍ വിന്‍ഡ്രോ കംപോസ്റ്റ്, ബയോഗ്യാസ്, ഒ ഡബ്ല്യു സി എന്നീ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ച് ഡീവാട്ടേര്‍ഡ് കംപോസ്റ്റിംഗ് സിസ്റ്റം സ്ഥാപിച്ചിട്ടുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ വികസന ഫണ്ട്, സ്വച്ഛ ഭാരത് മിഷന്‍, കേരള ശുചിത്വ മിഷന്‍, ഫിനാന്‍സ് ഗ്രാന്റ് എന്നീ ഫണ്ടുകള്‍ സംയോജിപ്പിച്ചാണ് അത്യാധുനിക രീതിയില്‍ പ്ലാന്റ് നിര്‍മ്മിച്ചത്. സോഷ്യോ എക്കണോമിക് യൂണിറ്റ് ഫൗണ്ടേഷന്‍ പ്രതിനിധി സജി സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം നടത്തി.
നഗരസഭയിലെ എല്ലാ ഡിവിഷനിലെയും ജൈവമാലിന്യം നല്‍കാന്‍ തയ്യാറുള്ള വീടുകളില്‍ നിന്ന് ഹരിതകര്‍മ്മ സേന മാലിന്യശേഖരണം നടത്തും. കച്ചവട സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന ജൈവ അവശിഷ്ടങ്ങള്‍ക്ക് കിലോഗ്രാമിന് 7 രൂപ മുതല്‍ 15 രൂപ വരെയാണ് യൂസര്‍ ഫീ ഇനത്തില്‍ ഈടാക്കുക. ഇങ്ങനെയെത്തുന്ന ജൈവ വസ്തുക്കള്‍ ഡീവാട്ടേര്‍ഡ് കമ്പോസ്റ്റിംഗ് മെഷീന്റെ സഹായത്തില്‍ ജലാംശം നീക്കം ചെയ്ത് സംസ്‌കരണം എളുപ്പമാക്കുന്നു. പുറന്തള്ളുന്ന ജൈവാവശിഷ്ടങ്ങളില്‍ നിന്നുള്ള ദ്രാവകം ബയോഗ്യാസ് പ്ലാന്റിലേക്ക് നിക്ഷേപിക്കും. ജൈവമാലിന്യ ശേഖരണത്തിനായി എട്ട് തൊഴിലാളികളും പ്ലാന്റ് പ്രവര്‍ത്തനത്തിനായി അഞ്ച് തൊഴിലളികളുമാണ്. പതിനഞ്ച് ദിവസം കൊണ്ട് മാലിന്യം വളമാകും.
സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍മാന്‍ പി എന്‍ സുരേന്ദ്രന്‍, നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം ആര്‍ അനൂപ് കിഷോര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീലാ മോഹന്‍, സെക്രട്ടറി കെ കെ മനോജ് കുമാര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ പി ആര്‍ അരവിന്ദാക്ഷന്‍, എ എം ജമീലാബി, സ്വപ്ന ശശി, സി വി മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാര്‍ ഹരിതകര്‍മ്മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കടുത്തു.
ബന്ധപ്പെട്ട വാർത്തകൾ: ജമ്മു& കാശ്മീരിൽ കാർഷിക മേഖലയുടെ സമഗ്ര വികസനത്തിന് 900 കോടി അനുവദിച്ച് കേന്ദ്രം