കോവിഡിനെ അതിജീവിച്ച് കാര്‍ഷിക മേഖല മുന്നോട്ട്
വളവും കീടനാശിനിയും ഉറപ്പാക്കും
കാര്‍ഷിക മേഖലയെ ലോക്ക്ഡൗണില്‍ നിന്നൊഴിവാക്കിയിട്ടുണ്ടെന്ന് കൃഷി വകുപ്പ് അറിയിച്ചു. ആവശ്യമായ വളവും കീടനാശിനിയും മാര്‍ക്കറ്റില്‍ ലഭ്യമാണെന്ന് ഉറപ്പാക്കും. പൂര്‍വ്വേന്ത്യയിലാണ് കൃഷി സജീവമായത്. പശ്ചിമ ബംഗാളില്‍ 11.3 ലക്ഷം ഹെക്ടറിലും തെലങ്കാനയില്‍ 7.5 ലക്ഷം ഹെക്ടറിലും ഒഡിഷയില്‍ 3 ലക്ഷം ഹെക്ടറിലും ആസാമില്‍ 2.7 ലക്ഷം ഹെക്ടറിലും നെല്‍കൃഷി തുടങ്ങി. ആകെ 32 ലക്ഷം ഹെക്ടറിലാണ് നെല്‍കൃഷി ആരംഭിച്ചത്. മുന്‍ വര്‍ഷം ഇത് 23.8 ലക്ഷം ഹെക്ടര്‍ മാത്രമായിരുന്നു.
തേയിലത്തോട്ടങ്ങളില്‍ ഭാഗികമായി ജോലികള്‍ ആരംഭിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നയം ആസാമിലെ തേയിലത്തോട്ടങ്ങള്‍ക്ക് ആശ്വാസമാവുകയാണ്. ലോകാരോഗ്യ സംഘടനയും ആസാം ആരോഗ്യ വകുപ്പും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ട് ചെറുതും വലുതുമായ തോട്ടങ്ങളില്‍ പണികളാരംഭിക്കാന്‍ തീരുമാനമായി. ശനിയാഴ്ച പ്രാഥമിക പണികള്‍ ആരംഭിച്ചു. തേയിലച്ചെടികളുടെ സംരക്ഷണം,ജലസേചനം,ജോലിക്കാരുടെ താമസസ്ഥലത്തെ അണുവിമുക്തമാക്കല്‍ എന്നീ ജോലികളാണ് ആരംഭിച്ചത്. ദരാംഗ്,ദിബ്രുഗര്‍ഗ്,ജോര്‍ഹട്ട് എന്നീ ജില്ലകളിലാണ് ആദ്യഘട്ടം തോട്ടങ്ങള്‍ തുറക്കുകയെന്ന് ഇന്ത്യന്‍ ടീ അസോസിയേഷന്‍ ( Indian Tea Association-ITA) നേതാക്കള്‍ പറഞ്ഞു. ആസാമിലെ 803 തേയില എസ്‌റ്റേറ്റുകളിലായി പണിയെടുക്കുന്ന 7.21 ലക്ഷം ജീവനക്കാര്‍ക്കും 1.8 ലക്ഷം ചെറു തോട്ടങ്ങളില്‍ പണിയെടുക്കുന്ന 10 ലക്ഷം മറ്റ് തൊഴിലാളികള്‍ക്കും ഇത് ആശ്വാസകരമാണെന്ന് ആസാം ചായ് മസ്ദൂര്‍ സംഘ് ജനറല്‍ സെക്രട്ടറി രൂപേഷ് ഗൊവാല പറഞ്ഞു.
English summery- Sowing of summer crops ,rice,coarse cereals,pulses,oil seeds started ,Assam tea estates began its activities