ആലപ്പുഴ : പൊന്നാട് പെരുന്തുരുത്ത് പാടശേഖരത്തില്‍ പുഞ്ച കൃഷിയുടെ വിത ഉദ്ഘാടനം ചെയ്തു. മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തും കൃഷി വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം അഡ്വ.ആര്‍ റിയാസ് നിർവ്വഹിച്ചു. കഴിഞ്ഞ രണ്ടു തവണ കൃഷി ഇറക്കി മികച്ച നേട്ടം കൊയ്തതിനു പിന്നാലെയാണ് മൂപ്പ് കുറഞ്ഞ ( 90 ദിവസം) 'മനു രത്ന' എന്ന പുതിയയിനം വിത്ത് പാടശേഖരത്തില്‍ വിതച്ചത്.
ജില്ലയില്‍ തന്നെ ആദ്യമായാണ് മനു രത്ന എന്ന വിത്ത് പുഞ്ച കൃഷി ചെയ്യുന്നതെന്ന് കൃഷി ഓഫീസര്‍ സമീറ പറഞ്ഞു. പുതിയ കൃഷി ഇറക്കുന്നതിനു മുന്‍പ് കര്‍ഷകരെ പങ്കെടുപ്പിച്ചു കൊണ്ടു സെമിനാറും സംഘടിപ്പിച്ചിരുന്നു.
പാടശേഖരത്തില്‍ എല്ലായിടത്തും ഒരുപോലെ വെള്ളം കിട്ടാനുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരികയാണ്. 160 ഏക്കറിലാണ് ഇത്തവണ കൃഷി ഇറക്കുന്നത്. കഴിഞ്ഞ തവണ 230 ടണ്‍ നെല്ല് സംഭരിച്ചിരുന്നു.
ചടങ്ങില്‍ മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.വി അജിത് കുമാര്‍ അധ്യക്ഷനായി. പാടശേഖര സമിതി സെക്രട്ടറി ടി എം സമദ്, പാടശേഖര സമിതി പ്രസിഡണ്ട് പി.എന്‍ സമദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എ സബീന, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.എ ജുമൈലത്ത്, കെ.എസ് ഹരിദാസ്, ഷബീര്‍ ചക്കനാട് തുടങ്ങിയവര്‍ പങ്കെടുത്തു.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ഏകദേശം 500 തരത്തിലുള്ള ബീന്‍സുകളെ കുറിച്ചറിയാം