സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു. അതിതീവ്രമായ മഴ വിളകൾക്ക് ദോഷകരമായി ഭവിക്കും. അതുകൊണ്ടുതന്നെ കേരള സർവകലാശാല കർഷകർക്ക് വേണ്ടി പുറപ്പെടുവിച്ച പ്രത്യേക കാർഷിക നിർദേശങ്ങൾ താഴെ നൽകുന്നു.
1. അന്തരീക്ഷത്തിൽ ഈർപ്പം കൂടിയ സാഹചര്യമായതിനാൽ കവുങ്ങിലും തെങ്ങിലും മഹാളി രോഗം കാണാൻ സാധ്യതയുണ്ട്. അടക്കയുടെയും മച്ചിങ്ങയുടെയും തൊപ്പി ഭാഗത്തുനിന്ന് ചീഞ്ഞു വരികയും അത് തൊപ്പി ഭാഗത്തു നിന്ന് വേർപ്പെട്ട് അടർന്നു വീഴുകയും ചെയ്യുന്നു. അടക്കയുടെ അല്ലെങ്കിൽ മച്ചിങ്ങയുടെ മുകൾ ഭാഗം മുഴുവനായി ചീയ്യുന്നു. ഈ രോഗം തടയാൻ കോപ്പർ ഓക്സിക്ലോറൈഡ് മൂന്ന് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കി തടങ്ങളിൽ ഒഴിക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ഹോട്ടൽ സംരഭകർക്ക് ആശ്വാസ വാർത്ത വാണിജ്യ പാചക വാതക വില കുറഞ്ഞു
2. ഈർപ്പം ഏറിയ പ്രതലത്തിൽ വളർത്തുന്ന ആട്ടിൻ കുട്ടികളിൽ കോക്സീഡിയ രോഗബാധ കൂടുതലായി കണ്ടുവരുന്നു. കോക്സീഡിയ രോഗം ബാധിക്കുന്ന പക്ഷം ആട്ടിൻ കുട്ടികളുടെ വളർച്ച നിരക്ക് കുറയുകയും മരണം സംഭവിക്കുകയും ചെയ്യാം. അതുകൊണ്ടുതന്നെ കൂട്ടിനുള്ളിൽ വെള്ളം കയറാതെയും ഈർപ്പം കൂടാതെയും പ്രത്യേകം ശ്രദ്ധിക്കണം.
3. വാഴയിൽ പനാമ വാട്ട രോഗസാധ്യത ഇക്കാലയളവിൽ കൂടുതൽ ആവാൻ സാധ്യതയുണ്ട്. ഇതിന് കാർബെന്റാസിം രണ്ട് ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ലായനിയിൽ 20 മിനിറ്റ് നേരം മുക്കിവയ്ക്കുക. കൂടാതെ വാഴ തടത്തിൽ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കുതിർക്കുക. രോഗം പ്രത്യക്ഷപ്പെട്ടാൽ രോഗം ബാധിച്ച വാഴകൾ പിഴുതു കളയുക. അതിനുശേഷം കുഴികളിൽ ഒരു കിലോഗ്രാം വീതം കുമ്മായം വിതറുക. പിഴുത വാഴകൾ തോട്ടത്തിൽ തന്നെ ഇടരുത്. ചുറ്റുമുള്ള വാഴകളുടെ തടത്തിൽ കാർബെന്റാസിം 2 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായനി കുതിർക്കണം.
ബന്ധപ്പെട്ട വാർത്തകൾ: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’: 519 ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്
4. ശക്തമായ കാറ്റിന് സാധ്യത ഉള്ളതുകൊണ്ട് വാഴയിൽ കുല വരുന്ന സമയത്ത് ആവശ്യമായ താങ്ങ് കൊടുത്തു കാറ്റ് മൂലം ഉണ്ടാകുന്ന നഷ്ടം ഒഴിവാക്കുക.
5. ഒരു ഹെക്ടർ കാപ്പിക്ക് 85 കിലോ റോക്ക് ഫോസ്ഫേറ്റ്, 66 കിലോ പൊട്ടാഷ് എന്ന തോതിൽ ഇപ്പോൾ വളപ്രയോഗം നടത്തണം.
6. ഇഞ്ചിയിൽ മൃദു ചീയൽ രോഗം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിനെ തടയുവാൻ ട്രൈക്കോഡർമ സ്യുഡോമോണസ് കൾച്ചറുകൾ ഉപയോഗിക്കുക നാറ്റപ്പൂച്ചെടി ഉപയോഗിച്ച് പുതയിട്ടാൽ നല്ലതാണ്.
7. മഴക്കാലത്തെ അധികമുള്ള വെള്ളം തെങ്ങിൻ തോട്ടങ്ങളിൽ പിടിച്ചു നിർത്തുവാൻ ചെറിയ കുഴികൾ ഉണ്ടാക്കാം. കൂടാതെ കാറ്റിൽ ചെറു തൈകൾ മറഞ്ഞു വീഴാതിരിക്കാൻ താങ്ങുകൾ കൊടുക്കാൻ ശ്രമിക്കുക.
8. പപ്പായ കൃഷിയിൽ കണ്ടുവരുന്ന മീലിമുട്ട നിയന്ത്രിക്കുവാൻ അസിരോഫഗാസ് എന്ന മിത്രപാണിയെ ശാസ്ത്രീയമായി ഉപയോഗിക്കാം.
9. ഞാറ് പറിച്ചു നട്ടു 30, 50 ദിവസങ്ങളിൽ നെല്ലിൽ അടിക്കുന്ന സമ്പൂർണ്ണ കെ എ യു മൾട്ടിപ്ലസ് 10 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇപ്പോൾ തളിച്ചു കൊടുക്കാം.
10. കൊല്ലം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ബനാന സ്ട്രീക് വൈറസ് രോഗം കണ്ടു വരുന്നു. തുടക്കത്തിൽ മഞ്ഞ നിറത്തിലുള്ള ചെറിയ പാടുകൾ ഇലകളിൽ പ്രത്യക്ഷപ്പെടുകയും തുടർന്ന് ഈ പാടുകൾ നീളത്തിലുള്ള മഞ്ഞ വരകളായി രൂപാന്തരപ്പെടുകയും ചെയ്യുന്നു. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ രോഗം മറ്റു വാഴകളിലേക്ക് പടരാതിരിക്കാൻ രോഗം ബാധിച്ച വാഴകൾ പിഴുതുമാറ്റി നശിപ്പിക്കുക. രോഗബാധയുള്ള പ്രദേശങ്ങളിൽനിന്ന് കന്നുകൾ തെരഞ്ഞെടുക്കരുത്.
11. മഞ്ഞൾ കൃഷിയിൽ മൂട് ചീയൽ രോഗം വരാതിരിക്കാൻ ചാലുകൾ കീറി നീർവാർച്ച സൗകര്യം ഉറപ്പുവരുത്തുക. ഒരു ലിറ്റർ വെള്ളത്തിലേക്ക് 20 ഗ്രാം പച്ചചാണകം എന്ന തോതിൽ കലക്കി തെളിയെടുത്ത് അതിലേക്ക് 20 ഗ്രാം സ്യൂഡോമോണസ് ചേർത്ത് തടത്തിൽ ഒഴിച്ചുകൊടുക്കുന്നത് രോഗത്തെ പ്രതിരോധിക്കാൻ മികച്ചതാണ്.
12. മഴക്കാലമായതുകൊണ്ട് കൃഷിയിടങ്ങളിൽ ഒച്ചിന്റെ ശല്യം വ്യാപകമാണ്. ഇവയെ നിയന്ത്രിക്കുവാൻ പരിസര ശുചിത്വവും മാലിന്യ നിർമാർജനവും അനിവാര്യമാണ്. കൂടാതെ ഒച്ചിനെ ആകർഷിക്കുന്ന പപ്പായയുടെയോ കേബേജിന്റെ ഇലയോ പുളിപ്പിച്ച പഞ്ചസാര ലായനിയോ നിരത്തുക. ഇങ്ങനെ ആകർഷിച്ച് ഒച്ചുകളെ തോട് പൊട്ടിച്ചോ പുകയില കഷായം / തുരിശ് മിശ്രിതം തളിച്ചോ നശിപ്പിക്കാം.
പുകയില കഷായം തുരിശ് മിശ്രിതം തയ്യാറാക്കുന്ന വിധം
25 ഗ്രാം പുകയില ഒന്നര ലിറ്റർ വെള്ളത്തിൽ തിളപ്പിച്ച് ഒരു ലിറ്റർ ആക്കി തണുപ്പിച്ചശേഷം ലായനി അരിച്ച് മാറ്റുക. 60 ഗ്രാം തുരിശ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കിയ ശേഷം രണ്ടു ലായനികളും കൂട്ടം കൂടുന്ന ഒച്ചകളുടെ മേൽ തളിക്കുക. ഇവയുടെ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിൽ മെറ്റാഡിഹൈഡ് പെല്ലറ്റ് കെണി രണ്ട് ശതമാനം വീര്യത്തിൽ രണ്ടുകിലോ ഒരേക്കറിന് എന്ന തോതിൽ ഉപയോഗിക്കാവുന്നതാണ്. പലസ്ഥലങ്ങളിലായി രണ്ട് മൂന്ന് എല്ലാ പെല്ലറ്റ് എന്ന തോതിൽ വച്ച് കൊടുക്കണം. ഇത് ഉപയോഗിക്കുമ്പോൾ കുട്ടികളും വളർത്തുമൃഗങ്ങളും വളർത്തു പക്ഷികളും ഇതുമായി നേരിട്ട് സമ്പർക്കത്തിൽ വരാതെ പ്രത്യേകം ശ്രദ്ധിക്കുക. ഇത് ഉപയോഗിക്കുന്നത് പ്ലാസ്റ്റിക് കവറുകൾ കൈയിൽ ഉപയോഗിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: കേന്ദ്ര സർക്കാർ മണ്ണെണ്ണ വില വീണ്ടും വർധിപ്പിച്ചു