1. News

‘നല്ല ഭക്ഷണം നാടിന്റെ അവകാശം’: 519 ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്

673 സ്ഥാപനങ്ങളിൽ 519 ഹോട്ടലുകൾക്ക് ഇതുവരെ ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നൽകി. സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കും.

Darsana J
കേരളത്തിലെ 519 ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്
കേരളത്തിലെ 519 ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ്

കേരളത്തിലെ ഹോട്ടലുകൾക്ക് ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് നൽകി തുടങ്ങിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായാണ് ഹോട്ടലുകൾക്ക് ഭക്ഷ്യസുരക്ഷാ വകുപ്പ് സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നത്. 673 സ്ഥാപനങ്ങളാണ് ഹൈജീൻ സർട്ടിഫിക്കറ്റിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് തെരഞ്ഞടുത്തത്. അതിൽ 519 ഹോട്ടലുകൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്.

ബന്ധപ്പെട്ട വാർത്തകൾ: ഹോട്ടൽ സംരഭകർക്ക് ആശ്വാസ വാർത്ത വാണിജ്യ പാചക വാതക വില കുറഞ്ഞു

തിരുവനന്തപുരം (5), കൊല്ലം (36), പത്തനംതിട്ട (19), ആലപ്പുഴ (31), കോട്ടയം (44), ഇടുക്കി (20), എറണാകുളം (57), തൃശൂർ (59), പാലക്കാട് (60), മലപ്പുറം (66), കോഴിക്കോട് (39), വയനാട് (12), കണ്ണൂർ (46), കാസർകോട് (25) എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റ് ലഭിച്ചത്. ബാക്കിയുള്ള ഹോട്ടലുകൾ പരിശോധനയുടെ വിവിധ ഘട്ടങ്ങളിലാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

ഹൈജീൻ സ്റ്റാർ സർട്ടിഫിക്കറ്റ് ലഭിച്ച സ്ഥാപനങ്ങളുടെ വിശദാംശങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വെബ് സൈറ്റിൽ ലഭ്യമാക്കും. മാത്രമല്ല ഭക്ഷ്യ സുരക്ഷാ വകുപ്പ് പുതിയതായി സജ്ജമാക്കുന്ന ആപ്പിലൂടെയും തൊട്ടടുത്തുള്ള സർട്ടിഫിക്കറ്റുകൾ ലഭിച്ച ഹോട്ടലുകൾ അറിയാൻ സാധിക്കും. ഇതിലൂടെ പ്രദേശത്തെ ഏറ്റവും വൃത്തിയുള്ള ഹോട്ടലുകൾ ജനങ്ങൾക്ക് അനായാസം കണ്ടെത്താൻ സാധിക്കും.

പരിശോധനകൾക്കും നടപടിക്രമങ്ങൾക്കും ശേഷം ത്രീ സ്റ്റാർ മുതൽ ഫൈവ് സ്റ്റാർ വരെയുള്ള റേറ്റിംഗാണ് നൽകുന്നത്. കടകൾ വലുതോ ചെറുതോ എന്നതിലുപരി സുരക്ഷിതമായ ഭക്ഷണവും വൃത്തിയുള്ള സാഹചര്യവുമാണ് പ്രധാനം. വൃത്തിയോടൊപ്പം നാൽപ്പതോളം ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് റേറ്റിംഗ് നൽകുന്നത്. ഫൈവ് സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ഗ്രീൻ കാറ്റഗറിയിലും, ഫോർ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ ബ്ലൂ കാറ്റഗറിയിലും, ത്രീ സ്റ്റാർ റേറ്റിംഗുള്ള സ്ഥാപനങ്ങൾ യെല്ലോ കാറ്റഗറിയിലുമാണ് ഉൾപ്പെടുത്തുക. ത്രീ സ്റ്റാറിന് താഴെയുള്ളവർക്ക് റേറ്റിംഗ് നൽകില്ല.

ഭക്ഷ്യ സുരക്ഷാ ഓഫീസർ അടങ്ങുന്ന പ്രത്യേക സ്‌ക്വാഡാണ് അപേക്ഷ നൽകിയ സ്ഥാപനങ്ങളിൽ പ്രീ ഓഡിറ്റ് നടത്തുന്നത്. പ്രീ ഓഡിറ്റിൽ ന്യൂനതകൾ കണ്ടെത്തി അത് പരിഹരിച്ച് ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ നൽകുന്നു. ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ ഉൾപ്പെടെ പരിശോധിക്കുകയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ജീവനക്കാർക്ക് പരിശീലനവും നൽകുന്നു. അതിന് ശേഷം എഫ്.എസ്.എസ്.എ.ഐ.യുടെ നേതൃത്വത്തിൽ ഫൈനൽ ഓഡിറ്റ് നടത്തിയാണ് സർട്ടിഫിക്കറ്റ് നൽകുന്നത്.

രണ്ട് വർഷത്തേയ്ക്കുള്ള സ്റ്റാർ റേറ്റിംഗാണ് ഹോട്ടലുകൾക്ക് നൽകുക. രണ്ട് വർഷത്തിന് ശേഷം മാനദണ്ഡങ്ങൾ പാലിച്ച് വീണ്ടും റേറ്റിംഗ് നിലനിർത്താം. റേറ്റിംഗ് ലഭ്യമായ സ്ഥാപനങ്ങൾ സർട്ടിഫിക്കറ്റും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഫോൺ നമ്പറും ഉൾപ്പെടെ പ്രദർശിപ്പിക്കണം. ഈ സ്ഥാപനങ്ങളെ ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരീക്ഷിക്കും. ഓരോ ഹോട്ടലിലും മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ച് റേറ്റിംഗ് ഉയർത്താം. ഇതിലൂടെ ഹോട്ടലുകൾ തമ്മിലുള്ള ആരോഗ്യകരമായ മത്സരം ഉണ്ടാക്കാനും കച്ചവടം ഉയർത്താനും പൊതുജനങ്ങൾക്ക് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനും സാധിക്കുമെന്ന് മന്ത്രി പറഞ്ഞു.

English Summary: 519 hotels get hygiene star certificate in Kerala

Like this article?

Hey! I am Darsana J. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds