Updated on: 8 November, 2022 4:32 PM IST
State about progress in the field of cancer treatment

സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. തലശേരി മലബാർ കാൻസർ സെന്ററിൽ (എംസിസി) കുട്ടികളുടെ കണ്ണിനെ ബാധിക്കുന്ന കാൻസർ രോഗമായ റെറ്റിനോ ബ്ലാസ്റ്റോമയ്ക്കുള്ള ചികിത്സയും ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തിരുവനന്തപുരം ആർസിസിയിൽ സംസ്ഥാനത്ത് സർക്കാർ മേഖലയിൽ ആദ്യമായി ലുട്ടീഷ്യം ചികിത്സ ആരംഭിച്ചു. നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കിയാണ് ഈ രണ്ട് കാൻസർ സെന്ററുകളിലും ഇവ യാഥാർത്ഥ്യമാക്കിയത്.

സംസ്ഥാനത്തെ കാൻസർ നിയന്ത്രണ പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് കാൻസർ കെയർ പോർട്ടൽ അടുത്തിടെ സജ്ജമാക്കിയിരുന്നു. ആരോഗ്യ വകുപ്പിന്റെ ‘അൽപം ശ്രദ്ധ, ആരോഗ്യം ഉറപ്പ്’ എന്ന കാമ്പയിന്റെ ഭാഗമായി 40 ലക്ഷത്തോളം ആളുകളിൽ ജീവിതശൈലീ രോഗ സാധ്യതാ സ്‌ക്രീനിംഗ് നടത്തി. അതിൽ 2.60 ലക്ഷം ആളുകളെയാണ് ഈ പോർട്ടൽ വഴി കാൻസർ ക്ലിനിക്കൽ സ്‌ക്രീനിംഗിന് വിധേയമാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളുടെ കണ്ണിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കണ്ണിൽ വരുന്ന കാൻസർ ചികിത്സയാണ് എംസിസിയിൽ സജ്ജമാക്കിയിരിക്കുന്നത്. കണ്ണിന്റെ കാഴ്ച്ച പൂർണമായും നഷ്ടപ്പെടാനിടയുള്ള ഈ കാൻസർ നേരത്തെ കണ്ടെത്തി ചികിത്സിച്ചാൽ പൂർണമായും കാഴ്ച്ചയും ജീവനും നിലനിർത്താൻ കഴിയും. നൂതന ചികിത്സാ സജ്ജീകരണങ്ങൾ ഒരുക്കിയാണ് സംസ്ഥാനത്ത് ആദ്യമായി റെറ്റീനോ ബ്ലാസ്റ്റോമ സമഗ്ര ചികിത്സാ സംവിധാനം യാഥാർത്ഥ്യമാക്കിയത്. ഈ ചികിത്സയ്ക്കായി സംസ്ഥാനത്തിന് പുറത്തേയ്ക്കു പോയിക്കൊണ്ടിരിക്കുന്ന രോഗികൾക്ക് ഇതോടെ ആശ്വാസമാകും. കുട്ടികളുടെ കാൻസർ ചികിത്സയ്ക്കായി വിവിധ സർക്കാർ പദ്ധതികളിലൂടെ തീർത്തും സൗജന്യമായി സമഗ്ര ചികിത്സ നൽകുന്നതിനുള്ള സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്.

ലേസർ ചികിത്സ, ക്രയോതെറാപ്പി തുടങ്ങിയ കണ്ണിലേക്ക് നേരിട്ട് നൽകുന്ന ചികിത്സയും കൂടാതെ ആവശ്യമായ സാഹചര്യങ്ങളിൽ കീമോതെറാപ്പി, റേഡിയേഷൻ എന്നിവയുമാണ് ചികിത്സാ രീതി. സിസ്റ്റമിക് കീമോതെറാപ്പി, ഇൻട്രാ ആർട്ടീരിയൽ കീമോതെറാപ്പി, ഇൻട്രാവിട്രിയൽ കീമോതറാപ്പി, സബ്ടീനോൺ കീമോതറാപ്പി എന്നിവയാണ് റെറ്റീനോ ബ്ലാസ്റ്റോമ ഭേദമാക്കാനുള്ള കീമോതെറാപ്പികൾ.

എംസിസിയിൽ ന്യൂറോ സർജിക്കൽ ഓങ്കോളജി സംവിധാനവും ആരംഭിച്ചു. തലച്ചോറിലെയും സുഷുമ്ന നാഡിയിലെയും കാൻസറിന്റെയും മറ്റു മുഴകളുടെയും ശസ്ത്രക്രിയ സംവിധാനമാണ് എംസിസിയിൽ ആരംഭിച്ചത്. ഇതിനാവശ്യമുള്ള നൂതന സൗകര്യങ്ങൾ എംസിസിയിൽ ഒരുക്കിയിട്ടുണ്ട്. ഈ ചികിത്സയ്ക്കായി ശ്രീചിത്ര തിരുനാൾ ആശുപത്രിയെയും മെഡിക്കൽ കോളേജുകളെയും ആശ്രയിച്ചിരുന്ന രോഗികൾക്ക് ഇതേറെ ആശ്വാസം നൽകുന്നതാണ്. കുട്ടികൾക്കായുള്ള മജ്ജ മാറ്റിവക്കൽ ചികിത്സ, ലിംബ് സാൽവേജ് ശസ്ത്രക്രിയ, ബ്രെയിൻ ട്യൂമർ സർജറി, ചികിത്സാനുബന്ധ പുനരധിവാസം (റീഹാബിലിറ്റേഷൻ) എന്നീ സൗകര്യങ്ങളും എംസിസിയിൽ ലഭ്യമാണ്.

ആർസിസിയിലെ ന്യൂക്ലിയർ മെഡിസിൻ ഡിപ്പാർട്ട്‌മെന്റിലാണ് ലുട്ടീഷ്യം ചികിത്സ ആരംഭിച്ചത്. ന്യൂറോ എൻഡോക്രൈൻ ട്യൂമറുകളുടെ ചികിത്സയ്ക്കാണ് ലുട്ടീഷ്യം ചികിത്സ സജ്ജമാക്കിയിരിക്കുന്നത്. കേരളത്തിൽ സർക്കാർ മേഖലയിൽ ആദ്യമായിട്ടാണ് ഈ സൗകര്യം ലഭ്യമാകുന്നത്. ഇതിനോടനുബന്ധിച്ചുള്ള ഗാലിയം ജനറേറ്റർ ഈ മാസം അവസാനം ആർസിസിയിൽ കമ്മീഷൻ ചെയ്യും.

ബന്ധപ്പെട്ട വാർത്തകൾ: സ്കിൻ കാൻസർ കൂടുതൽ ബാധിക്കുന്നത് പുരുഷന്മാരെയോ?

English Summary: State about progress in the field of cancer treatment
Published on: 08 November 2022, 04:32 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now