Updated on: 28 March, 2023 10:44 PM IST
എൻറെ കേരളം മെഗാ എക്‌സിബിഷന്‍ സംസ്ഥാനതല ഉദ്ഘാടനം എറണാകുളത്ത്

കൊച്ചി - വികസന, ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച മികവും നേട്ടങ്ങളും അവതരിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം മറൈന്‍ഡ്രൈവ് മൈതാനത്ത് ഏപ്രില്‍ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഏപ്രില്‍ ഒന്നു മുതല്‍ എട്ടു വരെയാണ് മേള. യുവതയുടെ കേരളം, കേരളം ഒന്നാമത് എന്ന വിഷയത്തെ ആസ്പദമാക്കിയാണ് മേള ആവിഷ്‌കരിച്ചിരിക്കുന്നത്. എറണാകുളത്തിന് പിന്നാലെ 13 ജില്ലകളിലും മേള സംഘടിപ്പിക്കും.

ഏപ്രില്‍ ഒന്നിന് വൈകിട്ട് ഏഴു മണിക്ക് ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍കുട്ടി, എ.കെ. ശശീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു, പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, മേയര്‍ എം. അനില്‍കുമാര്‍, എം.എല്‍.എമാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ.ബി. ഗണേശ് കുമാര്‍, കെ.പി. മോഹനന്‍, കോവൂര്‍ കുഞ്ഞുമോന്‍ എന്നിവര്‍ പ്രസംഗിക്കും. ജില്ലയില്‍ നിന്നുള്ള എം.പിമാരും എം.എല്‍.എമാരുമടക്കമുള്ള ജനപ്രതിനിധികള്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കും.

സര്‍ക്കാര്‍ വകുപ്പുകളും പൊതുമേഖലാ സ്ഥാപനങ്ങളും പങ്കെടുക്കുന്ന പ്രദര്‍ശനം, വ്യവസായ വകുപ്പിന് കീഴിലെ എം.എസ്.എം.ഇ യൂണിറ്റുകള്‍, കുടുംബശ്രീ, സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്വയം തൊഴില്‍ സംരംഭങ്ങള്‍ എന്നിവര്‍ അണിനിരക്കുന്ന വിപണനമേള, ബി ടു ബി മീറ്റ്, പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നതിനും ധനസഹായത്തിന് വഴി കാട്ടുന്നതിനുമുള്ള ക്ലിനിക്കുകള്‍, ടെക്‌നോളജി പ്രദര്‍ശനം, ചര്‍ച്ചാവേദി, ഭക്ഷ്യമേള എന്നിവയോടെയാണ് മെഗാ എക്‌സിബിഷന്‍ നടക്കുന്നത്. എല്ലാ ദിവസവും വൈകിട്ട് പ്രമുഖ കലാസംഘങ്ങള്‍ അണിനിരക്കുന്ന സാംസ്‌കാരിക പരിപാടികളും ഉണ്ടായിരിക്കും. പൊലീസ്, കൃഷി, വ്യവസായം എന്നിവയുടെ പവിലിയനുകള്‍ മേളയുടെ ആകര്‍ഷണമാകും.

ഏപ്രില്‍ ഏഴ് ഒഴികെ എല്ലാ ദിവസവും വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സെമിനാറുകളും ബോധവത്കരണ പരിപാടികളും നടക്കും. ഏപ്രില്‍ രണ്ടിന് രാവിലെ  മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് സെമിനാര്‍ സംഘടിപ്പിക്കും. ഉച്ചക്ക് ശേഷം കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള സെമിനാറും നടത്തും. മൂന്നാം തീയതി രാവിലെ വിദ്യാഭ്യാസ സെമിനാറും ഉച്ചയ്ക്ക് ശേഷം എക്‌സൈസും പൊലീസും ചേര്‍ന്ന് ലഹരിവിരുദ്ധ ബോധവല്‍ക്കരണ സെമിനാറും സംഘടിപ്പിക്കും.

ബന്ധപ്പെട്ട വാർത്തകൾ: എന്റെ കേരളം 2023 മെഗാ പ്രദര്‍ശനം: പവലിയന്‍ നിര്‍മ്മാണം ആരംഭിച്ചു

നാലിന് രാവിലെ ഡിജിറ്റല്‍ റീ സര്‍വെ പ്രവര്‍ത്തനങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രത്യേക പരിപാടി നടത്തും. ഉച്ചയ്ക്ക് ശേഷം മോട്ടോര്‍ വാഹന വകുപ്പിന്റെ ട്രാഫിക് ബോധവത്കരണവും കെ.എസ്.ഇ.ബിയുടെ നേതൃത്വത്തില്‍ സൗരോര്‍ജവുമായി ബന്ധപ്പെട്ട അവതരണവും നടക്കും.

അഞ്ചിന് രാവിലെ വ്യവസായ വകുപ്പിന്റെ  സംരംഭക സാധ്യതകളെ കുറിച്ചുള്ള പരിപാടിയും ഉച്ചക്ക് ശേഷം സ്ത്രീ സുരക്ഷ സെമിനാറും സംഘടിപ്പിക്കും.

ആറിന് രാവിലെ കാര്‍ഷിക സെമിനാറും ഉച്ചക്ക് ശേഷം സഞ്ചാരികളെ ആകര്‍ഷിക്കുന്നതുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാര വകുപ്പിന്റെ സെമിനാറുമാണ് സംഘടിപ്പിക്കുന്നത്. അവസാന ദിവസമായ എപ്രില്‍ എട്ടിന് രാവിലെ ആരോഗ്യ സെമിനാറും ഉച്ചയ്ക്ക് ശേഷം സഹകരണ വകുപ്പ് നടത്തുന്ന സെമിനാറും സംഘടിപ്പിക്കും.

ആധാര്‍ രജിസ്‌ട്രേഷന്‍, പുതുക്കല്‍ തുടങ്ങിയ സേവനങ്ങള്‍ തത്സമയം അക്ഷയയുടെ പവിലിയനില്‍ ലഭിക്കും. റേഷന്‍ കാര്‍ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഭക്ഷ്യവകുപ്പിന്റെ സ്റ്റാളില്‍ പരിഹരിക്കാം. റവന്യൂ സംബന്ധമായ സേവനങ്ങളുമായാണ് റവന്യൂ വകുപ്പിന്റെ സ്റ്റാള്‍. മാലിന്യ സംസ്‌കരണത്തിലെ പുതിയ മാതൃകകള്‍ ശുചിത്വ മിഷന്‍ അവതരിപ്പിക്കും. യുവജനങ്ങള്‍ക്കായി സേവനം, വിദ്യാഭ്യാസം, തൊഴില്‍ എന്നീ മൂന്ന് വിഭാഗങ്ങളിലായി സ്റ്റാളുകളൊരുക്കും. സ്റ്റാര്‍ട്ടപ്പ് മിഷന്‍, തൊഴില്‍ - എംപ്ലോയ്‌മെന്റ് വകുപ്പുകള്‍, പൊതുവിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസം, അസാപ് തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഈ വിഭാഗത്തിലുണ്ടാകും. ഊര്‍ജമേഖലയുമായി ബന്ധപ്പെട്ട നൂതന മാതൃകകള്‍ അനര്‍ട്ടിന്റെയും എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെയും സ്റ്റാളുകളില്‍ പ്രദര്‍ശിപ്പിക്കും. കിഫ്ബിയുടെ പ്രത്യേക പവിലിയനില്‍ കിഫ്ബി പദ്ധതികളുടെ അവതരണം നടക്കും.

സഹകരണം, മൃഗസംരക്ഷണം, ക്ഷീരവികസനം, സപ്ലൈകോ, എക്‌സൈസ്, ഫയര്‍ ആന്‌റ് റെസ്‌ക്യൂ, കെ.എസ്.ഐ.ഡി.സി, കിന്‍ഫ്ര, മോട്ടോര്‍ വെഹിക്കിള്‍, പൊതുമരാമത്ത്, രജിസ്‌ട്രേഷന്‍, സോഷ്യല്‍ ജസ്റ്റിസ്, വനിത ശിശുക്ഷേമം, സാമൂഹ്യനീതി, പട്ടികജാതി, പട്ടികവര്‍ഗം, കയര്‍, ലീഗല്‍ മെട്രോളജി, ഹോമിയോ, വനം, ഫിഷറീസ് വകുപ്പുകളും പ്രദര്‍ശനത്തില്‍ പങ്കെടുക്കും. കൃഷി, വനം, പൊലീസ് വകുപ്പുകളുടെ ഔട്ട് ഡോര്‍ ഡിസ്‌പ്ലെ സോണുകളും സജ്ജമാക്കുന്നുണ്ട്. പൊലീസിന്റെ ആഭിമുഖ്യത്തില്‍ ദിവസവും ഡോഗ് ഷോ, വാഹന പ്രദര്‍ശനം, സ്വയരക്ഷാ പരിശീലന പ്രദര്‍ശനം എന്നിവയും പ്രദര്‍ശന നഗരിയില്‍ അരങ്ങേറും.

ഉദ്ഘാടന ദിവസമായ ഏപ്രില്‍ ഒന്നിന് സ്റ്റീഫന്‍ ദേവസിയുടെ ബാന്‍ഡ് അരങ്ങേറും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ (ഏപ്രില്‍ 6 വരെ) ജാസി ഗിഫ്റ്റ് മ്യൂസിക് നെറ്റ്, ദുര്‍ഗ വിശ്വനാഥ് - വിപിന്‍ സേവ്യര്‍ ഗാനമേള, താമരശ്ശേരി ചുരം ബാന്‍ഡ്, ഗിന്നസ് പക്രു സൂപ്പര്‍ മെഗാഷോ, ആട്ടം ചെമ്മീന്‍ ബാന്‍ഡ് എന്നിവ അരങ്ങേറും. ഏപ്രില്‍ എട്ടിന് വൈകിട്ട് ഏഴു മണിക്ക് അലോഷിയുടെ ഗസല്‍ രാത്രിയോടെയാണ് സമാപനം.

മറൈന്‍ഡ്രൈവില്‍ പ്രദര്‍ശന നഗരിയുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. വന്‍ ജനപങ്കാളിത്തമാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്.

English Summary: State Level Inauguration of "Ente Keralam" Mega Exhibition at Ernakulam
Published on: 28 March 2023, 08:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now