അനധികൃത മത്സ്യബന്ധനം (illegal fishing) നടത്തിയതിന് മലപ്പുറം പൊന്നാനിയിലും താനൂരിലുമായി മൂന്ന് വള്ളങ്ങൾ ഫിഷറീസ് വകുപ്പ് പിടികൂടി. നിരോധിത മത്സ്യങ്ങള്‍ പിടികൂടിയതിനാണ് വള്ളങ്ങള്‍ പിടിച്ചെടുത്തത്. താനൂരിൽ അൽജാരിയ, അൽ മൈന വള്ളവും പൊന്നാനിയിൽ അൽ അമീൻ വള്ളവുമാണ് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ കെ.ടി. അനിതയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
മത്സ്യ സമ്പത്തിന്റെ നാശത്തിന് വഴിയൊരുക്കുന്ന ചെറു മത്സ്യങ്ങളെ പിടികൂടുന്നത് വ്യാപകമായതോടെ ചെറുമീനുകളുടെ മത്സ്യബന്ധനവും വില്‍പ്പനയും ഫിഷറീസ് വകുപ്പ് കഴിഞ്ഞ ദിവസം നിരോധിച്ചിരുന്നു.
നിയമാനുസൃതമായ കുറഞ്ഞ വലിപ്പത്തില്‍ താഴെയുള്ള മത്സ്യങ്ങള്‍ വിപണിയില്‍ സുലഭമായി കഴിഞ്ഞ ദിവസം കാണപ്പെട്ടതാണ് മുന്നറിയിപ്പിനും കര്‍ശന നിയന്ത്രണങ്ങള്‍ക്കും കാരണമായത്. തുടർന്ന് ജില്ലയിൽ നടത്തിയ കർശന പരിശോധനയിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. കസ്റ്റഡിയിലെടുത്ത വള്ളത്തിലെ ചെറുമീനുകളെ തിരികെ കടലില്‍ കൊണ്ടുപോയി തള്ളി.
ബന്ധപ്പെട്ട വാർത്തകൾ: ഈ വർഷം 14,610 സംരംഭങ്ങൾ, വ്യവസായ മേഖലയിൽ വൻ കുതിപ്പിനൊരുങ്ങി എറണാകുളം
എക്സ്റ്റൻഷൻ ഓഫീസർമാരായ ഗ്രേസി,അസിസ്റ്റൻറ് എക്സ്റ്റൻഷൻ ഓഫീസറായ കെ.പി അംജത്, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുൺ ഷൂറി , എ.സുലൈമാൻ ഇബ്രാഹിംകുട്ടി, റസ്ക്യൂ ഗാഡുമാരായ ജാഫർ , അൻസാർ സമീർ സലിം, അസ്ഹർ, കോസ്റ്റൽ പോലീസ് സ്റ്റേഷൻ സി.ഐ. രാജ്മോഹൻ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
കർശന നടപടിയെന്ന് സജി ചെറിയാൻ
കേരള തീരക്കടലിൽ അശാസ്ത്രീയവും നിയമവിരുദ്ധവുമായ രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്നവർക്കും യാനങ്ങൾക്കുമെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ രണ്ട് ദിവസം മുൻപ് അറിയിച്ചു.
പുതുക്കിയ ചട്ടങ്ങൾ പ്രകാരം ട്രോൾ വലകളുടെ കോഡ് എന്റിൽ സ്‌ക്വയർ മെഷ് നിർബന്ധമാക്കിയിട്ടുണ്ട്. പ്രധാന വലകളുടെ പരമാവധി വലിപ്പവും, കുറഞ്ഞ കണ്ണിവലിപ്പവും നിശ്ചയിച്ചിട്ടുണ്ട്. പേഴ്‌സിൻ, പെലാജിക് ട്രോൾ , മിഡ് വാട്ടർ ട്രോൾ, ബുൾ ട്രോൾ (പെയർ ട്രോൾ) എന്നിവ പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
പുതുക്കിയ ചട്ടം അനുസരിച്ച് നശീകരണ മത്സ്യബന്ധന രീതികളായ ഡൈനാമൈറ്റ് പോലുള്ള സ്‌ഫോടക വസ്തുക്കൾ, വിഷം, മറ്റ് മാരകമായ രാസവസ്തുക്കൾ, കൃത്രിമ പ്രകാശം എന്നിവ ഉപയോഗിച്ചുളള മത്സ്യബന്ധനവും, തെങ്ങിന്റെ ക്ലാഞ്ഞിൽ, വൃക്ഷ ശിഖരങ്ങൾ എന്നിവ ഉപയോഗിച്ചും പ്ലാസ്റ്റിക് ബോട്ടിലുകൾ, ഉപയോഗശൂന്യമായ വല എന്നിവ കൂട്ടികെട്ടിയുമുള്ള മത്സ്യബന്ധനവും നിരോധിച്ചിട്ടുണ്ട്.
ട്രോളിങ് നിരോധനം നിലനിൽക്കുന്ന കാലയളവ് കേരളത്തിൽ സുലഭമായ പ്രധാന മത്സ്യങ്ങളുടെ പ്രജനന കാലമാണ്. എന്നാൽ ഈ മത്സ്യങ്ങളെ പരമ്പരാഗത വള്ളങ്ങൾ അശാസ്ത്രീയ മത്സ്യബന്ധനത്തിലൂടെ പിടിച്ച് വളത്തിനായി വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ചെറുമത്സ്യങ്ങളെ ഇങ്ങനെ വൻതോതിൽ പിടിച്ച് നശിപ്പിക്കുന്നത് കടൽമത്സ്യസമ്പത്തിന്റെ ശോഷണത്തിന് കാരണമാകുമെന്നതിനാൽ അത്തരം തെറ്റായ മത്സ്യബന്ധന രീതികളിൽ നിന്നും മത്സ്യത്തൊഴിലാളികൾ വിട്ടുനിൽക്കണം.
ഇക്കാര്യം ഉറപ്പുവരുത്താനായി സംസ്ഥാനത്തെ എല്ലാ ഹാർബറുകളിലും ലാന്റിംഗ് സെന്ററുകളിലും പരിശോധന ശക്തമാക്കും. നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാൽ യാനത്തിന്റെ രജിസ്‌ട്രേഷനും ലൈസൻസും റദ്ദു ചെയ്യുന്നതുൾപ്പെടെയുള്ള കർശനനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: ആഴ്ചയിൽ 3 അവധി ദിനങ്ങൾ, ശ്രീലങ്കയുടെ ഈ പുതിയ നടപടിയ്ക്ക് പിന്നിൽ ശക്തമായ ഒരു കാരണമുണ്ട്