1. Livestock & Aqua

ഊത്ത പിടിത്തം നിയമ വിരുദ്ധം

മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം. മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്

K B Bainda
ചെറിയ കണ്ണിയുള്ള  വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.
ചെറിയ കണ്ണിയുള്ള വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നു.

പുതുമഴയിൽ വീടിനടുത്തെ ജലാശയങ്ങളിലും വെള്ളം കുറഞ്ഞ വയലുകളിലും ചെറു തോടുകളിലും അരുവികളിലുമെല്ലാം പുഴയിൽനിന്നും മറ്റു ജലാശയങ്ങളിൽനിന്നും മത്സ്യങ്ങൾ കൂട്ടത്തോടെ കയറിവരുന്നത് മൺസൂൺ തുടക്കത്തിലെ പതിവു കാഴ്‌ചയാണ്.

തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ തുടക്കത്തിൽ പ്രജനനത്തിനായി ഇങ്ങനെ മത്സ്യങ്ങൾ നടത്തുന്ന ദേശാന്തരഗമനത്തെ ഊത്ത എന്നാണ് വിളിക്കുന്നത്. മീൻ പിടിക്കുന്നതിനെ ഊത്ത പിടുത്തം എന്നും. അത് നിയമവിരുദ്ധം എന്നാണ് പറയുന്നത്.
ഇങ്ങനെ മൽസ്യം ചെറു ജലാശയങ്ങളിലേക്ക് കയറിവരുന്നത് ഈ വർഷം മെയ് പകുതിയോടെ തന്നെ തുടങ്ങിക്കഴിഞ്ഞു.

 

കേരളത്തിലെ എല്ലാ പുഴതീര ഗ്രാമങ്ങളിലും നഗരങ്ങളിലും ഈ മത്സ്യ പ്രയാണങ്ങൾ കാണാം. ഊത്തക്കയറ്റം, ഊത്തയിളക്കം, ഊത്തൽ, ഏറ്റീൻ കയറ്റം എന്നിങ്ങനെ ഊത്തയ്ക്ക് പ്രാദേശിക പേരുകളുണ്ട്.പ്രജനനകാലത്തെ മത്സ്യങ്ങളുടെ ഈ ദേശാന്തരഗമനം ഇന്ന് അവയുടെ നാശത്തിനുതന്നെ കാരണമായിരിക്കുന്നു. കാരണം ഊത്തകയറ്റത്തിന്റെ സമയത്ത് അവയെ പിടിക്കാൻ വളരെ എളുപ്പമാണ്. വയർ നിറയെ മുട്ടകളുമായി വെള്ളം കുറഞ്ഞ വയലുകളിലേക്കും മറ്റു ചെറു ജലാശയങ്ങളിലേക്കും പ്രജനനത്തിനായി വരുമ്പോൾ മത്സ്യങ്ങൾ നിസഹായാവസ്ഥയിലാവും. മറ്റു സമയങ്ങളിൽ കാണിക്കുന്ന അതിജീവന സാമർഥ്യങ്ങളൊന്നും ഈ പൂർണ ഗർഭാവസ്ഥയിൽ മത്സ്യങ്ങൾക്ക് സാധ്യമല്ല.
പുതുവെള്ളത്തിലേക്കുള്ള മത്സ്യങ്ങളുടെ പാതകളിൽ നിന്നാൽ എളുപ്പത്തിൽ ആർക്കും ഇവയെ പിടിക്കാം.മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം. മുട്ടയിടാനാണ് മത്സ്യങ്ങൾ വയലിലേക്കും പുഴയിലേക്കും കയറി വരുന്നത്. ആ സമയത്ത് വയറ് നിറയെ മുട്ടയുള്ളതിനാൽ മത്സ്യങ്ങൾക്ക് രക്ഷപ്പെടാൻ കഴിയില്ല എന്നതിനാൽ നാം അവയെ വ്യാപകമായി വേട്ടയാടുന്നു.അറിയുക, ശുദ്ധജല മത്സ്യങ്ങൾ വംശനാശത്തിന്റെ വക്കിലാണ്. ഈ സമയത്തെ മീൻപിടുത്തം നിയമവിരുദ്ധമാണ്. കൃത്യമായ നിയമമുണ്ട്.

പ്രജനനകാലത്തായതിനാൽ ഓരോ മീൻവേട്ടയും ആയിരക്കണക്കിന് മത്സ്യങ്ങളുടെ നാശത്തിന് കാരണമാകുന്നു. അതുവഴി പല നാടൻ മത്സ്യങ്ങളും ഇന്നു വംശനാശ ഭീഷണിയിലാണ്. എകദേശം 60 ഇനം ഭക്ഷ്യയോഗ്യമായ മത്സ്യങ്ങളും 19 ഇനം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യങ്ങളും ഊത്തപ്പിടുത്തം വഴി വംശനാശഭീഷണിയിലാണ്.

മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം.
മത്സ്യങ്ങളുടെ പ്രജനനകാലമാണ് ജൂൺ മാസം.

ഊത്തപിടുത്തം വിനോദമല്ല,പ്രകൃതി ചൂഷണമാണ്

ഏറെ അപകടം പിടിച്ച രീതിയിലാണ് ഇന്ന് ഊത്തപിടുത്തം നടക്കുന്നത്. മീനുകൾ സഞ്ചരിക്കുമ്പോൾ അവയുടെ വഴികളെല്ലാം ചിറകെട്ടിയടച്ച്, അവിടെ പത്താഴം എന്നും കൂട് എന്നും വിളിക്കുന്ന കെണിയൊരുക്കി സകല മീനിനെയും പിടിക്കുന്ന രീതിയാണ് ഏറെ അപകടം. പുഴയിൽനിന്ന് വയലിലേക്ക് മത്സ്യങ്ങൾ കയറുന്ന തോടിലാവും ഈ കെണിയൊരുക്കുന്നത് എന്നതിനാൽ ഒരൊറ്റ മത്സ്യവും ഇതിൽനിന്ന് രക്ഷപ്പെടില്ല.

ഇത്തരം കെണികളില്ലാത്ത വഴിയിലൂടെ കയറിവന്ന മത്സ്യങ്ങൾ പിന്നെ പിടിക്കപ്പെടുന്നത് പ്രധാനമായും ഒറ്റാൽ, വല, വെട്ട് എന്നീ രീതികളിലാണ്. രാത്രി വെട്ടുകത്തിയും ടോർച്ചുമായി ഇറങ്ങി വെട്ടിപ്പിടിക്കുന്നവരാണ് ഇന്നു വയലുകളിൽ കൂടുതലായി കാണുന്നത്.മുളയും ഈറ്റയും കൊണ്ടു നിർമിച്ച ഒറ്റാൽ ഉപയോഗിച്ച് തീരെ ആഴംകുറഞ്ഞ ഇടങ്ങളിൽ മീൻ പിടിക്കുന്ന രീതിയും ഇപ്പോൾ കണ്ടുവരുന്നു.

വലയുടെ ഉപയോഗത്തിലാണ് ഇന്ന് ഏറെ അപകടം പതുങ്ങിയിരിക്കുന്നത്. ആദ്യകാലങ്ങളിൽ അകന്ന കണ്ണികളുള്ള വലകൾ മാത്രമെ മാർക്കറ്റിൽ ലഭ്യമായിരുന്നുള്ളു. പ്രധാനമായും അവ കൈകൊണ്ട് നെയ്‌തെടുക്കുന്നവയായിരുന്നു. ഇന്ന് ഫാക്‌ടറിയിൽനിന്ന് നിർമിച്ചെടുക്കുന്ന കൊതുകുവലയ്ക്കു സമാനമായ വലകൾ വളരെ വ്യാപകമായി ഉപയോഗിക്കുന്നത് കാണാം. ചെറിയ മീനുകളെപ്പോലും നശിപ്പിക്കുന്ന ഈ വലകൾ നിയമം മൂലം നിരോധിച്ചതാണെങ്കിലും ജനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

ഊത്ത പിടുത്തം വിനോദമല്ല , നിയമവിരുദ്ധമാണ്
ഊത്ത പിടുത്തം വിനോദമല്ല , നിയമവിരുദ്ധമാണ്

 

ദൂഷ്യവശങ്ങളെക്കുറിച്ചുള്ള ബോധവത്കരണമാണ് വേണ്ടത്

നൂറ്റാണ്ടുകളായി തുടരുന്ന മൺസൂൺ കാലത്തെ ഈ മത്സ്യവേട്ട ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലല്ലോ, അത് കർഷകരുടെയും പുഴയോരിത്തു താമസിക്കുന്നവരുടെയും ഇഷ്‌ടവിനോദമായി എത്രയോ കാലം തുടർന്നിട്ടും കുഴപ്പമുണ്ടായിട്ടില്ലോ എന്നാണ് ചോദ്യമെങ്കിൽ, അത് ഇന്നത്തെ നമ്മുടെ സാഹചര്യങ്ങളക്കുറിച്ചുള്ള തിരിച്ചറിവില്ലായ്‌മയിൽ നിന്നുണ്ടാകുന്നതാണ്.


വിശാലമായ വയലുകളുണ്ടായിരുന്നു ഒരുകാലത്ത് കേരളത്തിൽ അവ കായലും പുഴയുമായി നൂറുകണക്കിന് തോടുകളാലും അരുവികളാലും പരസ്‌പരം ബന്ധിക്കപ്പെട്ടിരുന്നു. പുഴയിൽനിന്ന് വയലിലേക്ക് മുട്ടയിടാനായി കയറാനുണ്ടായിരുന്ന പലവിധ മാർഗങ്ങളെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. തോടുകളിൽ എല്ലായിടത്തും തടയണകൾ വന്നു. ചെറിയ ഒരു വിടവിലൂടെ മാത്രമേ തടയണയുള്ള തോടുകളിൽ മത്സ്യങ്ങൾക്കു മുകളിലേയ്ക്കു കയറാൻ പറ്റുകയുള്ളു. പുഴയിലാണെങ്കിൽ റഗുലേറ്ററുകളും തടയണകളും വ്യാപകമായി.

 

എല്ലാ തടയണകളിലെയും പ്രധാന വഴികളെല്ലാം ഇന്നു പലവിധ വലകളാൽ നിറഞ്ഞിരിക്കുന്നു. വയലിലൂടെ ധാരാളം റോഡുകൾ വന്നപ്പോഴാണ് ഏറ്റവും വലിയ തടസം മത്സ്യങ്ങളുടെ ദേശാന്തര ഗമനത്തിന് നേരിടേണ്ടി വന്നത്. ഈ റോഡുകൾക്ക് അപ്പുറവും ഇപ്പുറവുമുള്ള വയലുകളെ ചെറിയ ഓവുചാലുകൾ വഴിയോ പൈപ്പുകൾ വഴിയോ ആണു ബന്ധിപ്പിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ മരണക്കെണിയാണ് ഈ ഓവുചാലുകൾ. മുകൾഭാഗത്തെ വയലിലേക്ക് കയറുന്ന മത്സ്യങ്ങളെല്ലാം ഓവുപാലത്തിന്റെ ചുവട്ടിലെ കെണിയിൽ എളുപ്പത്തിൽ കുടുങ്ങുന്നു.

നഞ്ചു കലക്കിയാൽ മുഴുവൻ മത്സ്യങ്ങളെയും പിടിക്കാം എന്നതിനാൽ അത്തരം പ്രവർത്തനങ്ങൾ പതിവാണ് ഈ കാലത്ത് . മനസ്സിലാക്കുക, ഇത് നമ്മുടെ ജലാശയങ്ങളിലെ മത്സ്യങ്ങളെ മുഴുവൻ കൊന്നൊടുക്കുന്ന പ്രവർത്തിയാണ്. ഓരോ വർഷവും നാം ഇത് ചെയ്തിട്ടു കൂടി വീണ്ടും മൽസ്യങ്ങൾ ഉണ്ടാവുന്നുണ്ടല്ലോ എന്നാണ് പറയാനുള്ളതെങ്കിൽ അറിയൂ പ്രകൃതി വീണ്ടും നമ്മളെ കരുതുകയാണ്. പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പ്രവർത്തികൾ ഓരോന്നായി നിർത്തുകയാണ് നാം അറിവുള്ള മനുഷ്യർ ചെയ്യേണ്ടത്.

തെക്കു പടിഞ്ഞാറൻ മൽസ്യസമ്പത്തിനെ സംരക്ഷിക്കാനായി കടലിൽ ട്രോളിങ് നിരോധനം നടപ്പാക്കുന്നത് അറിവുള്ളതാണല്ലോ നമുക്ക്. അതുപോലെ ശുദ്ധ ജലാശയങ്ങളിലും നിയം മൂലം നിരോധിക്കുക സാധ്യമല്ല. . അതിനാൽ നിയമം വഴിയുള്ള നിരോധന പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിനൊപ്പം ബോധവൽക്കരണ പ്രവർത്തനങ്ങളും ഊർജിതമാക്കണം. അറിയുക, പുതുമഴയിലെ ഏറ്റ് മീൻ/ ഊത്ത പിടുത്തം നിയമവിരുദ്ധം.

നിയമം;ആറു മാസം തടവ് ലഭിക്കുന്ന കുറ്റം

‘പ്രജനന സമയങ്ങളിൽ സഞ്ചാര പഥങ്ങളിൽ തടസം വരുത്തി മത്സ്യങ്ങളെ പിടിക്കുന്നതും അനധികൃത ഉപകരണങ്ങൾ ഉപയോഗിച്ച് മത്സ്യം പിടിക്കുന്നതും കേരള അക്വാകൾച്ചർ & ഇൻ ലാൻഡ് ഫിഷറീസ് ആക്ട് 2010 ചട്ടങ്ങൾ അധ്യായം 4, clouse 6, sub clouse 3,4,5 പ്രകാരം നിരോധിച്ചിരിക്കുന്നു.

അത്തരം പ്രവർത്തികളിൽ ഏർപ്പെടുന്നവർക്ക് 15000 രൂപ പിഴയും 6 മാസം തടവും ലഭിക്കുന്നതാണ്. ഫിഷറീസ്, റവന്യൂ, പോലീസ് വകുപ്പുകളും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനും ഈ വിഷയത്തിൽ നടപടികൾ സ്വീകരിക്കാവുന്നതാണ്.

ഊത്തപിടുത്തം നിരുത്സാഹപ്പെടുത്തുകയാണ് ചെയ്യേണ്ടത് ,അത് കണ്ടു നിൽക്കുകയല്ല. മാത്രമല്ല പോലീസിൽ അറിയിക്കുക.


കടപ്പാട് :ഫിഷ് വെസ്റ്റേൺ റൂട്ട്

English Summary: Fishing in fresh rains is illegal

Like this article?

Hey! I am K B Bainda. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds