കാലങ്ങളായി കൃത്യമായി മഴപെയ്യുകയും രണ്ടു വെള്ളപ്പൊക്കമുണ്ടാവുകയും ചെയ്ത നമ്മുടെ നാട്ടിൽ ഇന്ന് കൊടും വേനൽ കൊണ്ട് ജനം പൊറുതി മുട്ടുന്നു. ഒപ്പം കടുത്ത വരൾച്ചയും തുടങ്ങിയിട്ടുണ്ട്. വരൾച്ചാ കാലത്ത് മഴക്കുഴി, മഴവെള്ളസംഭരണികൾ ഒക്കെ ഒരു പരിഹാരമാണ്.
മുറ്റത്തും പറമ്പിലും കിണറിനുചുറ്റും മഴവെള്ളം കെട്ടിനിര്‍ത്തി കിണറ്റിലേയും ഭൂഗര്‍ഭജലപത്തായത്തിലേയും ജലവിതാനം പിടിച്ചുനിര്‍ത്തുക, കിണറിനെ ലവണമുക്തമാക്കുന്നതിന് മേല്‍ക്കൂരയിലെ മഴവെള്ളം കിണറ്റിലേക്ക് തിരിച്ചുവിടുക, കാനയില്‍ക്കൂടി ജലം ഒഴുക്കിവിടുന്നിന് പകരം ഭൂഗര്‍ഭ ജലപത്തായത്തിലേക്ക് തിരിച്ചുവിടുക തുടങ്ങിയ മാർഗങ്ങളും നോക്കാം .
വീടുകളുടെ കാര്‍പോര്‍ച്ചിന്റെ ഭാഗത്തെ കോണ്‍ക്രീറ്റ് ഒഴിവാക്കി മെറ്റലുകളും ഇഷ്ടികകളും ഉപയോഗിച്ച് നിലം ഒരുക്കി വെള്ളം മഴക്കുഴിയിലേക്ക് തിരിച്ചുവിടാം. പിവിസി പൈപ്പ് ഉപയോഗിച്ച് മെറ്റലും ഇഷ്ടികയും നിറച്ച കാര്‍പോര്‍ച്ചിന്റെ അടിഭാഗത്തേക്ക് മഴവെള്ളം തിരിച്ചുവിടാവുന്നതാണ്.ഇങ്ങനെ ചെയ്താൽ കടുത്ത വേനലിലും കിണറിലെ ജലവിതാനം കുറയില്ല എന്ന് അനുഭവസ്ഥർ .
മഴക്കുഴികളില്ലാതെയും വെള്ളംശേഖരിക്കാം.കുഴിയുടെ മുകളില്‍ ഉപരിതലകൃഷി, കിണര്‍കുഴിക്കുമ്പോള്‍ കിണറിന് സമീപത്തെ ഉപരിതലത്തില്‍ നിന്ന് ഭൂഗര്‍ഭത്തിലേക്കെ ത്തുന്ന ജലം പൈപ്പ് ഉപയോഗിച്ച് കിണറ്റിലേക്ക് തിരിച്ചുവിടുക തുടങ്ങിയവായും ചെയ്യാം.കൂടാതെ കാനകളില്‍ രണ്ടുവശവും കോണ്‍ക്രീറ്റ് ചെയ്ത് അടിഭാഗം കോണ്‍ക്രീറ്റ് ഒഴിവാക്കിയാല്‍ വെള്ളം ഒഴുകിപ്പോവാതെ ഭൂഗര്‍ഭത്തിലേക്ക് താഴും. ഇതിന് മെറ്റലുകളും ഇഷ്ടികയും അടിഭാഗത്ത് നിരത്തിയാൽ മതി.