വൈക്കം : ആശ്രമം സ്‌കൂളിലെ വിദ്യാർഥികൾ കൃഷിപാഠം പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കപ്പ കൃഷിയ്ക്ക് നൂറുമേനി വിളവ്. തലയാഴം പഞ്ചായത്തിലെ രണ്ടര ഏക്കർ സ്ഥലത്താണ് കപ്പ കൃഷി നടത്തിയത്.
ഒന്നിൽനിന്നുതന്നെ 15 കിലോയിലധികം കപ്പ. വിദ്യാർഥികൾ നേടിയ കൃഷിപാഠം അറിവാണ് ഈ കൃഷി വിജയത്തിന് പിന്നിൽ.
തലയാഴം പഞ്ചായത്തിലെ രണ്ടര ഏക്കറിലാണ് ഏക്കറിലാണ് 1000മൂട് കപ്പ വിദ്യാർത്ഥികൾ കൃഷി ചെയ്തത്. കൃത്യമായ മേൽനോട്ടം അധ്യാപകരും നടത്തിയിരുന്നു. പൂർണ്ണമായും ജൈവവളം ഉപയോഗിച്ചുള്ള കൃഷി ആയിരുന്നു. ആദ്യ വിളവെടുപ്പിൽ 1700 കിലോ കപ്പ കിട്ടി. വിളവെടുപ്പ് പൂർണ്ണമായിട്ടില്ല. ലാഭകരമായ കൃഷി ആയിരുന്നു ഇതെന്ന് അധ്യാപകർ പറയുന്നു.
കൃഷിയുടെ വിളവെടുപ്പ്, സഹപാഠിക്കൊരു സാന്ത്വനം പദ്ധതി ജനറൽ കൺവീനർ വൈ ബിന്ദു ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പാൾമാരായ ഷാജി ടി കുരുവിള, എ ജ്യോതി, പ്രധാനാധ്യാപിക പി ആർ ബിജി, എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ മഞ്ജു എസ് നായർ, ടി പി അജിത്, അധ്യാപകരായ റജി എസ് നായർ, പ്രീതി വി പ്രഭ, അമൃത പാർവതി എന്നിവർ സംസാരിച്ചു.
കപ്പ കൃഷി, മത്സ്യ കൃഷി, നെൽകൃഷി, വിവിധയിനം പച്ചക്കറി കൃഷി, സ്‌കൂൾവളപ്പിൽ ചീര കൃഷി എന്നിവയിലും ഈ സ്‌കൂളിലെ വിദ്യാർഥികൾക്ക് മികച്ച നേട്ടം ലഭിച്ചിരുന്നു. വിദ്യാർഥികൾക്കൊപ്പം അധ്യാപകർ, പിടിഎ, എൻഎസ്എസ് യൂണിറ്റ്, എസ്‌പിസി എന്നീ വിഭാഗങ്ങളുടെ കൂട്ടായ പ്രവർത്തനമാണ് പദ്ധതികൾക്ക് മികച്ച വിജയം സമ്മാനിച്ചത്.