Updated on: 18 January, 2023 5:09 PM IST
TD Medical College at Vandanam with special facilities for surgery

ആലപ്പുഴ: വിവിധ വകുപ്പുകള്‍ക്ക് ശസ്ത്രക്രിയയ്ക്കുള്ള പ്രത്യേക സൗകര്യങ്ങളോടെയാണ് വണ്ടാനത്തെ ടി.ഡി. മെഡിക്കല്‍ കോളജിലെ സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കുന്നത്. എട്ട് മോഡുലാര്‍ ഓപ്പറേഷന്‍ തിയ്യറ്ററുകള്‍ തുടങ്ങുന്നതോടെ ഓരോ ദിവസവും വകുപ്പുകള്‍ക്ക് ഒരേ തിയ്യറ്റര്‍ തന്നെ ശസ്ത്രക്രിയയ്ക്ക് അനുവദിച്ചു നല്‍കുന്ന രീതിക്ക് മാറ്റം വരും. വകുപ്പുകള്‍ക്ക് എല്ലാ ദിവസവും ശസത്രക്രിയ സാധ്യമാകും. ഐ.സി.യു. ഉള്‍പ്പെടെ 250 പുതിയ കിടക്കകള്‍ വരുന്നതോടെ കൂടുതല്‍ രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമൊരുങ്ങും.

പുതിയ ആശുപത്രി ആരംഭിക്കുന്നതോടെ കയര്‍ മേഖലയിലേയും തീരദേശത്തേയും പാവപ്പെട്ട ജനങ്ങള്‍ക്ക് ആധുനിക സൗകര്യങ്ങളോടെയുള്ള ചികിത്സ ലഭ്യമാകുമെന്ന് ഇതു സംബന്ധിച്ച് മെഡിക്കല്‍ കോളജില്‍ നടത്തിയ പത്രസമ്മേളനത്തില്‍ എച്ച്. സലാം എം.എല്‍.എ. പറഞ്ഞു. ആശുപത്രിയുടെ ഉദ്ഘാടനം ജനുവരി 21-ന് വൈകിട്ട് അഞ്ചുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കേന്ദ്ര ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീന്‍ പവാര്‍ അധ്യക്ഷത വഹിക്കും. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് സ്വാഗതം ആശംസിക്കും. എം.പി.മാരും ജില്ലയിലെ എം.എല്‍.എ. മാരും ചടങ്ങില്‍ പങ്കെടുക്കും.

എന്‍ഡോക്രൈനോളജി, പ്ലാസ്റ്റിക് സര്‍ജറി വിഭാഗങ്ങള്‍ പുതുതായി തുടങ്ങുവാന്‍ കഴിയുമെന്ന് എം.എല്‍.എ. പറഞ്ഞു. 173.18 കോടി രൂപയാണ് പദ്ധതി ചെലവ്. ഇതില്‍ 120 കോടി രൂപ കേന്ദ്ര സര്‍ക്കാരും 53.18 കോടി രൂപ കേരള സര്‍ക്കാരുമാണ് ചെലവഴിച്ചിട്ടുള്ളത്. അത്യാധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിനായി 54.35 കോടി രൂപയും ചെലവിട്ടു. പി.എം.എസ്.എസ്.വൈ. പദ്ധതിയില്‍പ്പെടുത്തി അധികതുക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയാണ് ആശുപത്രി പൂര്‍ത്തിയാക്കിയത്. 2014-ലാണ് പദ്ധതി ആരംഭിച്ചതെങ്കിലും 2016-ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതെന്ന് എം.എല്‍.എ. പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, ജില്ല കളക്ടര്‍ വി. ആര്‍. കൃഷ്ണതേജ, മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.എ. സുമ, സൂപ്രണ്ട് ഡോ. എ. അബ്ദുള്‍ സലാം, ഹൈറ്റ്‌സ് ഇന്‍ഫ്രാസ്ട്രക്ചര്‍ വൈസ് പ്രസിഡന്റ് കെ.ജെ. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

ആറ് നിലകളിലായി 19,984 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ആശുപത്രി പണികഴിപ്പിച്ചത്. മാലിന്യസംസ്‌കരണ പ്ലാന്റ്, 1000 കിലോ ലിറ്റര്‍ ശേഷിയുള്ള ജലസംഭരണി, എയര്‍ കണ്ടീഷനിംഗ്, ആറ് ലിഫ്റ്റ് എന്നിവ ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക സി.ടി. സ്‌കാന്‍, കാത്ത് ലാബ്, ഡിജിറ്റല്‍ എസ്‌ക്‌റേ യൂണിറ്റ് എന്നിവയ്ക്കു പുറമെ സൗരോര്‍ജ പാനല്‍, പാര്‍ക്കിംഗ് സൗകര്യം എന്നിവയും പുതിയ സമുച്ചയത്തിനോട് ചേര്‍ന്ന് ഒരുക്കിയിട്ടുണ്ട്.

ന്യൂറോളജി, കാര്‍ഡിയോളജി, കാര്‍ഡിയോ തൊറാസിക് ആന്‍ഡ് വാസ്‌കുലര്‍ സര്‍ജറി, നെഫ്‌റോളജി, ജെനിറ്റോയൂറിനറി സര്‍ജറി, മെഡിക്കല്‍ ഗ്യാസ്‌ട്രോ എന്‍ട്രോളജി, പ്ലാസ്റ്റിക് സര്‍ജറി, എന്‍ഡോക്രൈനോളജി, ന്യൂറോ സര്‍ജറി എന്നിങ്ങനെ ഒമ്പത് സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണുള്ളത്. ഗ്രീന്‍ ബില്‍ഡിംഗ് ത്രീ സ്റ്റാര്‍ റേറ്റിങ്ങളുള്ള കെട്ടിടത്തിന്റെ നിര്‍മാണ ചുമതല വഹിച്ചത് എച്ച്.എല്‍.എല്‍. ഇന്‍ഫ്രാ ടെക് സര്‍വീസസ് ലിമിറ്റഡ് (ഹൈറ്റ്‌സ്) ആണ്.

English Summary: TD Medical College at Vandanam with special facilities for surgery
Published on: 18 January 2023, 05:09 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now