1. സംസ്ഥാനത്ത് ഏപ്രിൽ 14, 15 തീയതികളിൽ താപനില ഉയരുമെന്ന് മുന്നറിയിപ്പ്. തൃശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ താപനില 39°C വരെ, സാധാരണയെക്കാൾ 3°C മുതൽ 4°C വരെ കൂടുതൽ ഉയരാൻ സാധ്യതയുണ്ട്. അതെ സമയം, കോട്ടയം, കോഴിക്കോട് ജില്ലകളിൽ 37°C വരെയും, സാധാരണ താപനിലയെക്കാൾ 2°C മുതൽ 3°C വരെ കൂടുതൽ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതിനാൽ ജനങ്ങൾ കടുത്ത ജാഗ്രതാ പാലിക്കണമെന്ന് ഓദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
2. വി.കെ.മോഹനന്‍ കാര്‍ഷിക സംസ്‌കൃതിയുടെ നേതൃത്വത്തില്‍, കേരള സംസ്ഥാന കൃഷി വകുപ്പിന്റെയും, ശ്രീരാമന്‍ചിറ പാടശേഖരസമിതിയുടെയും സഹകരണത്തോടെ നടത്തുന്ന തണ്ണിമത്തന്‍ കൃഷിയുടെ വിളവെടുപ്പ് ഉദ്ഘാടനം, കേരള കൃഷി മന്ത്രി പി. പ്രസാദ് നിര്‍വ്വഹിച്ചു. മുൻ കൃഷിവകുപ്പ് മന്ത്രി വി.എസ്. സുനിൽ കുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സിനിമ സംവിധായകൻ സത്യൻ അന്തിക്കാട് ആദ്യ വില്പന നടത്തി. ഉദ്‌ഘാടന ചടങ്ങിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ അടക്കം നിരവധി പേർ പങ്കെടുത്തു.
3. വാഴക്കന്നു പിഴുതെടുക്കുന്ന യന്ത്രത്തിനും, കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രത്തിനുമാണ് പേറ്റന്റ് ലഭിച്ചത്. വാഴക്കന്നുകള്‍ കേടുവരാതെ മാതൃസസ്യത്തില്‍ നിന്നു പിഴുതെടുക്കുന്നതിനു സഹായിക്കുന്നതാണ് ഈ യന്ത്രം. കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന ട്രാക്ടര്‍ പോലുള്ള ഹൈഡ്രോളിക് യന്ത്രങ്ങളില്‍ ബന്ധിപ്പിച്ച് ഇത് ഉപയോഗിക്കാം. ദിവസവും 180 വാഴകളില്‍ നിന്നു യന്ത്രം ഉപയോഗിച്ച് കന്നുകള്‍ പിഴുതുമാറ്റാമെന്നും അധികൃതർ പറയുന്നു. വീടുകളില്‍ ഉപയോഗിക്കുന്ന ഗ്രൈന്‍ഡറില്‍ ഘടിപ്പിക്കാവുന്നതാണ് കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രം, കൂര്‍ക്കയുടെ തൊലി കൂടുതല്‍ കളയാനും, പൊട്ടല്‍ കുറയ്ക്കുന്ന രീതിയിലുമാണ് ഇത് രൂപകല്‍പന ചെയ്തിട്ടുള്ളത്.
4. സംസ്ഥാനത്തെ റബ്ബര്‍കൃഷിയ്ക്ക് വ്യക്തമായ ഒരു ഇരിപ്പിടം ഒരുക്കി കൊടുത്ത റബ്ബർ ബോർഡിന് ഇന്നേക്ക് 75 വർഷം. സംസ്ഥാനത്ത് റബ്ബർ ബോര്‍ഡ് രൂപവത്കരിക്കുന്നതിന് കാരണമായ റബ്ബര്‍ ആക്ടിനും ഇന്നേയ്ക്ക് 75 തികയുന്നു. റബ്ബര്‍ ആക്ട് 1947 ഏപ്രില്‍ 18-നാണ് നിലവില്‍ വന്നത്. കാലത്തിനനുസരിച്ചു വന്ന മാറ്റങ്ങളിലൂടെ കടന്ന് പോയ റബ്ബർ കൃഷിയ്ക്ക് വേണ്ടി, 6 തവണ റബ്ബർ ആക്ടു ഭേദഗതി ചെയ്തു.
5. സപ്ലൈകോ നെല്ല് നൽകിയ വകയിൽ, കർഷകർക്ക് ലഭിക്കാനുള്ള പണം ഇനിയും വൈകുമെന്ന് സൂചന. നെല്ല് സംഭരണത്തിനായി കേന്ദ്രസർക്കാർ അനുവദിച്ച പണം തീർന്നതോടെ, കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തുന്നത് താൽക്കാലികമായി നിലച്ചു. നിലവിൽ നെല്ല് സംഭരണം നടക്കുന്ന പുഞ്ചകൃഷിയുടെ ആദ്യഘട്ടത്തിൽ, കർഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിയിരുന്നു. എന്നാൽ, കേന്ദ്രസർക്കാർ നൽകിയ വിഹിതമായി 378 കോടി രൂപയാണ് ഇത് വരെ കർഷകർക്ക് സപ്ലൈകോ നൽകിയിരുന്നത്. ഇത് പൂർണമായും കഴിഞ്ഞതോടെയാണ്, അക്കൗണ്ട് വഴിയുള്ള പണം വിതരണം താൽക്കാലികമായി നിലച്ചത്.
6. കേരള സംസ്ഥാന അതിർത്തിയിലെ തേനിയിൽ, കമ്പം മേഖലയിൽ മുന്തിരിയ്ക്ക് കേന്ദ്ര സർക്കാറിന്റെ ഭൗമസൂചിക പദവി ലഭിച്ചത്, കർഷകരെ സന്തോഷത്തിന്റെ കൊടുമുടിയിൽ എത്തിച്ചു. നീണ്ട വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ്, കമ്പത്തെ മുന്തിരിയ്ക്ക് കേന്ദ്ര അംഗീകാരം ലഭിക്കുന്നത്. സ്വദേശപരമായ സവിശേഷതയും, ഭൂമിശാസ്ത്രപരമായ പ്രത്യേകതയും, പരമ്പരാഗത മേന്മയും കണക്കിലെടുത്താണ് ഭൗമസൂചിക പദവി ലഭിക്കുന്നത്. കൃത്യമായ പഠനങ്ങൾക്കും വിലയിരുത്തലുകൾക്കും ശേഷം, മികച്ച ഗുണനിലവാരവും തനിമയുമുള്ള ഉൽപന്നങ്ങൾക്കാണ് പ്രദേശത്തിന്റെ പേരിൽ ഇത്തരം അംഗീകാരം നൽകുന്നത്.
7. സംസ്ഥാന കൃഷിവകുപ്പിന്റെ നേതൃത്വത്തിൽ ഇസ്രായേൽ കൃഷി പഠിക്കാനായി പോയ കർഷകർ, ഇനി മുതൽ അവിടെ നിന്ന് പഠിച്ചെടുത്ത നൂതന കൃഷിരീതികൾ, ഇനി കേരളത്തിലെ മണ്ണിൽ യാഥാർഥ്യമാകും. പരീശീലനം ലഭിച്ച കർഷകർ, അവരുടെ കൃഷിയിടത്തിൽ ഇസ്രായേൽ കൃഷി രീതികൾ ആരംഭിക്കുകയും, താൽപര്യമുള്ള കർഷകർക്ക് പരിശീലനം നൽകുകയും ചെയ്യുന്നതാണ്. കേരളത്തിലെ എല്ലായിടങ്ങളിലും, ഇസ്രായേൽ മാതൃകകൾ പരിശീലിപ്പിക്കുന്ന മാസ്റ്റർ ട്രെയിനേഴ്സായി ഇസ്രായേൽ സന്ദർശിച്ച കർഷകർ പ്രവർത്തിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ് അറിയിച്ചു.
8. എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ രണ്ടാം എഡിഷന്‍ ഇടുക്കി ജില്ലാ മേളയുടെ സ്വാഗത സംഘം ഓഫീസിനു തുടക്കമായി. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ ഓഫീസ് ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ സേവനങ്ങളും വികസന പദ്ധതികളും ജനങ്ങളിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സംസ്ഥാന വ്യാപകമായി എന്റെ കേരളം പ്രദര്‍ശന വിപണന മേള സംഘടിപ്പിക്കുന്നതെന്ന് മന്ത്രി അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കാനും, അവര്‍ക്ക് മികച്ച സേവനം നല്‍കാനും കഴിയുന്ന സ്റ്റാളുകള്‍ തയ്യാറാക്കാന്‍ എല്ലാ വകുപ്പുകളും ശ്രദ്ധിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
9. ഇടുക്കിയിലെ സേനാപതി ഗ്രാമപഞ്ചായത്തില്‍ CDS കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മൈക്രോ ക്രെഡിറ്റ് വായ്പാ വിതരണവും നടന്നു. പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍, കേരള സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ മുഖേന ലഭിച്ച 1.92 കോടി രൂപയുടെ വായ്പ്പ, കുടുംബശ്രീ അംഗങ്ങള്‍ക്ക് കൈമാറി. വനിത വികസന കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം ശൈലജ സുരേന്ദ്രന്‍ സംഘാംഗങ്ങള്‍ക്ക് ചെക്ക് നല്‍കി വായ്പ വിതരണം ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.
10. അടൽ ഇന്നൊവേഷൻ മിഷൻ (AIM), നിതി ആയോഗ്, കേന്ദ്ര കാർഷിക, കർഷക ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്ര (KVK), അഗ്രികൾച്ചറൽ ടെക്നോളജി മാനേജ്‌മെന്റ് ഏജൻസി (ATMA) എന്നിവയുമായി സഹകരിച്ച് ഇന്ത്യയിലുടനീളമുള്ള സ്‌കൂൾ വിദ്യാർത്ഥികളിലൂടെ കാർഷിക മേഖലയിലെ നൂതനാശയങ്ങൾ പ്രോത്സാഹിപ്പിക്കാനായി പദ്ധതിയിടുന്നു. പദ്ധതി നടപ്പാക്കലിന്റെ ആദ്യ ഘട്ടത്തിൽ, 11 അഗ്രികൾച്ചറൽ ടെക്‌നോളജി ആപ്ലിക്കേഷൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകളുടെ (ATARI) കീഴിലുള്ള ഓരോ KVKയും ഉൾപ്പെടുന്നതാണ്. ഈ നീക്കം രാജ്യത്തിന്റെ കാർഷിക മേഖലയിൽ, നൈപുണ്യ വികസന പരിപാടികൾ സുഗമമാക്കുമെന്ന് NITI ആയോഗിന്റെ ഓദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ബന്ധപ്പെട്ട വാർത്തകൾ: അടുത്ത അഞ്ച് ദിവസങ്ങളിൽ താപനില 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ ഉയരും: IMD