Updated on: 1 March, 2021 7:56 PM IST
ഡെങ്കിപ്പനി: ജാഗ്രത പാലിക്കണം

ജില്ലയുടെ ചില ഭാഗങ്ങളില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും രോഗപപ്പകര്‍ച്ച തടയാനുളള പ്രതിരോധ നടപടികള്‍ കൈക്കൊള്ളണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. നാരായണ നായ്ക് അറിയിച്ചു.
പെട്ടെന്നുളള അസഹ്യമായ തലവേദന, കണ്ണുകള്‍ക്കുപിറകില്‍ വേദന, സന്ധികളിലും പേശികളിലും വേദന, അഞ്ചാംപനി പോലെ നെഞ്ചിലും മുഖത്തും തടിപ്പ് എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍, പകല്‍നേരങ്ങളില്‍ കടിക്കുന്ന ഈഡിസ് കൊതുകകളാണ് ഈ രോഗം പരത്തുന്നത്.

ശുദ്ധജലത്തില്‍ മുട്ടയിടുന്ന ഇത്തരം കൊതുകുകളുടെ പ്രജനനം തടയുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈഡിസ് കൊതുകുകള്‍ സാധാരണയായി മുട്ടയിട്ടു വളരുന്ന ചിരട്ട, ടയര്‍, കുപ്പി, ഉരകല്ല്, ഉപയോഗശൂന്യമായ പാത്രങ്ങള്‍, വെള്ളം കെട്ടി നില്‍ക്കാവുന്ന മറ്റു സാധനങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സംസ്‌ക്കരിക്കുകയോ വെള്ളം വീഴാത്ത സ്ഥലങ്ങളില്‍ സൂക്ഷിക്കുകയോ ചെയ്യണം. ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, ചെടിച്ചട്ടിക്കടിയില്‍ വെക്കുന്ന പാത്രം, പൂക്കളും ചെടികളും ഇട്ടുവെക്കുന്ന പാത്രം, ടെറസ്, ടാങ്ക് എന്നിവയില്‍ നിന്നും ആഴ്ചയിലൊരിക്കല്‍ വെള്ളം ഊറ്റിക്കളയണം.

ജലം സംഭരിച്ചു വെക്കുന്ന ടാങ്കുകളും പാത്രങ്ങളും സിമന്റ് തൊട്ടികളും മറ്റും കൊതുക് കടക്കാത്ത വിധം മൂടിവെക്കണം. ഇതിനായി അടപ്പുകളോ കൊതുകുവലയോ അല്ലെങ്കില്‍ സാധാരണ തുണിയോ ഉപയോഗിക്കാം. ഇവയിലെ വെള്ളം ആഴ്ചയിലൊരിക്കല്‍ ചോര്‍ത്തിക്കളഞ്ഞു ഉള്‍വശം ഉരച്ചുകഴുകി ഉണക്കിയ ശേഷം വീണ്ടും നിറക്കാം. എലി, അണ്ണാറക്കണ്ണന്‍ മുതലായ ജന്തുക്കള്‍ തുരന്നിടുന്ന നാളികേരം, കൊക്കോ കായ്കള്‍ എന്നിവ ആഴ്ചയിലൊരിക്കല്‍ കത്തിച്ചുകളയുകയോ കുഴിച്ചിടുകയോ ചെയ്യുക.

റബര്‍ തോട്ടങ്ങളില്‍ റബര്‍പാല്‍ ശേഖരിക്കുവാന്‍ വച്ചിട്ടുള്ള ചിരട്ട/കപ്പ് എന്നിവ കമഴ്ത്തിവെക്കുക. അടയ്ക്കാ തോട്ടങ്ങളില്‍ വീണു കിടക്കുന്ന പാള ആഴ്ചയിലൊരിക്കല്‍ ശേഖരിച്ച് കത്തിച്ചുകളയുക. അല്ലെങ്കില്‍ അവയില്‍ വെള്ളം കെട്ടി നില്‍ക്കാതെ സൂക്ഷിക്കുക. ടയര്‍ ഡിപ്പോകളിലും ഗാരേജുകളിലും സൂക്ഷിച്ചിരിക്കുന്ന ടയറുകള്‍ വെള്ളം വീഴാത്ത സ്ഥലത്തേക്ക് മാറ്റിവെക്കുക. ഉപയോഗശൂന്യമായ ടയറുകളില്‍ സുഷിരങ്ങളിട്ടോ മണ്ണിട്ടു നിറച്ചോ വെള്ളം കെട്ടിനില്‍ക്കാതെ നോക്കുക.

മുളംകുറ്റികള്‍ വെള്ളം കെട്ടിനില്‍ക്കാത്തവണ്ണം വെട്ടിക്കളയുകയോ അവയില്‍ മണ്ണിട്ടു മൂടുകയോ ചെയ്യുക. ടാര്‍പോളിന്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ എന്നിവയില്‍ വെള്ളം കെട്ടി നില്‍ക്കാന്‍ അനുവദിക്കാതിരിക്കുക. മഴക്കാലത്ത് ടെറസ്സിനു മുകളിലും സണ്‍ഷേഡിലും വെള്ളം കെട്ടിനില്‍ക്കാതിരിക്കാന്‍ ശ്രമിക്കുക. വീടിന്റെ പരിസരത്തും പുരയിടങ്ങളിലും കാണുന്ന കുഴികള്‍ മണ്ണിട്ടു മൂടുക. അല്ലെങ്കില്‍ ചാല് കീറി വെള്ളം വറ്റിച്ചുകളയുക. ഓടകളിലും ചാലുകളിലും വെള്ളം സുഗമമായി ഒഴുകിപ്പോകുന്നതിനായി ചപ്പുചവറുകളും മണ്ണും മറ്റും കാലാകാലങ്ങളില്‍ നീക്കം ചെയ്യുക.

വീടിനു ചുറ്റും കാണുന്ന പാഴ്‌ച്ചെടികള്‍, ചപ്പുചവറുകള്‍ എന്നിവ നീക്കം ചെയ്യുക. കിണറുകള്‍, കുളങ്ങള്‍, ടാങ്കുകള്‍, ഫൗണ്ടനുകള്‍, താല്‍ക്കാലിക ജലാശയങ്ങള്‍ മുതലായവയില്‍ കൂത്താടിഭോജി മത്സ്യങ്ങളായ മാനത്തുകണ്ണി, ഗപ്പി, ഗംബൂസിയ തുടങ്ങിയവയെ നിക്ഷേപിക്കുക. ഈഡിസ് കൊതുകിന്റെ കടിയേല്‍ക്കാതിരിക്കാന്‍ പകല്‍ സമയത്ത് ഉറങ്ങുന്നവര്‍ കൊതുകുവല ഉപയോഗിക്കുക. കീടനാശിനിയില്‍ മുക്കിയ കൊതുകുവല ഉപയോഗിക്കുന്നതാണ് ഏറെ ഉത്തമം.

കൊതുകിനെ അകറ്റുവാന്‍ കഴിവുള്ള ലേപനങ്ങള്‍ ദേഹത്ത് പുരട്ടുക, ശരീരം നന്നായി മൂടിയിരിക്കുന്ന വസ്ത്രങ്ങള്‍ ധരിക്കുക, ജനല്‍, വാതില്‍, വെന്റിലേറ്റര്‍ മുതലായവയില്‍ കൊതുകു കടക്കാതെ വല ഘടിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കണം.

English Summary: The District Medical Officer said that the public should be vigilant and take preventive measures against the spread of dengue fever in some parts of the district
Published on: 01 March 2021, 07:56 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now