Updated on: 12 December, 2024 4:48 PM IST
കാർഷിക വാർത്തകൾ

1. സംസ്ഥാന വിള ഇൻഷ്വറൻസ് പദ്ധതിയിൽ ഏലം കൃഷി ഇൻഷുറൻസ് ചെയ്യുന്നതിന് ഏറ്റവും കുറഞ്ഞ പരിധി ഒരേക്കർ ആക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ചെറുകിടക്കാരായ ഒട്ടനവധി ഏലം കർഷകർക്ക് ഈ ഉത്തരവിന്റെ പ്രയോജനം ലഭിക്കും. ഭേദഗതി വരുത്തിയ ഉത്തരവ് പ്രകാരം 100 സെന്റ് കായ്ഫലം ഉള്ള ഏലം കൃഷി ഒരു വർഷത്തേക്ക് ഇൻഷ്വർ ചെയ്യുന്നതിന് 600 രൂപയാണ് പ്രീമിയം. മൂന്നുവർഷത്തേക്ക് ഒരുമിച്ച് ഇൻഷുർ ചെയ്യാൻ 1500 രൂപ അടച്ചാൽ മതിയാകും. 100 സെന്റിൽ ഉണ്ടായ പൂർണമായ ഏലം കൃഷി നാശത്തിന് 24000 രൂപയാണ് നഷ്ടപരിഹാരതുകയായി നിശ്ചയിച്ചിരിക്കുന്നത്. കൂടുതല്‍ കര്‍ഷകരെ വിള ഇന്‍ഷ്വറന്‍സ്‌ പദ്ധതിയുടെ കീഴില്‍ കൊണ്ടു വരുന്നതിന്‌ ഇത് വഴിയൊരുക്കും. സംസ്ഥാനത്തെ പ്രധാനപ്പെട്ട കാര്‍ഷിക വിളകള്‍ക്ക്‌ ഇൻഷുറൻസ് പരിരക്ഷ ഉറപ്പ്‌ വരുത്തുന്നതിന് നിലവിലുള്ള വൃവസ്ഥകളില്‍ ഭേദഗതി വരുത്തി കൂടുതല്‍ വിളകള്‍ ഉള്‍പ്പെടുത്തുന്നതിനും നഷ്ടപരിഹാര തുക വര്‍ദ്ധിപ്പിക്കുന്നതിനുമായുള്ള പദ്ധതികൾ സർക്കാർ തയ്യാറാക്കി വരികയാണ്.

2. കന്നുകാലി, മൃഗസംരക്ഷണ മേഖലയിലെ സമഗ്ര വികസനവും ക്ഷീരകര്‍ഷകരുടെ ഉല്‍പാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവ് ഈ മാസം 20 മുതല്‍ പൂക്കോട് കേരള വെറ്റിനറി സര്‍വകലാശാലയില്‍ വച്ച് സംഘടിപ്പിക്കും. കോണ്‍ക്ലേവിന്റെ ഉദ്ഘാടനകർമം 21-ാം തീയതി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിര്‍വഹിക്കും. ടി സിദ്ധിഖ് എം.എല്‍.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സര്‍വകലാശാല ഭരണസമിതി അംഗങ്ങളായ കെ എം സച്ചിന്‍ദേവ് എം.എല്‍.എ, ഇ കെ വിജയൻ എം.എല്‍.എ എന്നിവര്‍ മുഖ്യാഥിതികളാകും. കന്നുകാലി-ക്ഷീര കാർഷിക മേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ച് കൊണ്ട് യുവജനതയെ ഈ മേഖലയിലേക്ക് ആകർഷിക്കുക ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേരള വെറ്റിനറി സര്‍വകലാശാല ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

3. ബംഗാൾ ഉൾക്കടൽ ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്തിൽ സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ശ്രീലങ്കൻ തീരത്തോട് ചേർന്നാണു ന്യൂനമർദം രൂപപ്പെട്ടത്. ഇന്നും നാളെയും മഴ കനക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. മധ്യ തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത പ്രവചിച്ചിരിക്കുന്നത്. ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽപറയുന്നു. അതേസമയം കേരള തീരങ്ങളിൽ ഇന്ന് മുതൽ ശനിയാഴ്ച വരെയും ലക്ഷദ്വീപ് തീരങ്ങളിൽ നാളെയും മറ്റന്നാളും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും അറിയിപ്പുണ്ട്.

English Summary: The Global Livestock Conclave will be held this month from 20... more Agriculture News
Published on: 12 December 2024, 04:48 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now