പുതുച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്യുകയും, ആ വാഹനം കേരളത്തിൽ ഉപയോഗിക്കപ്പെടുകയും ചെയ്യുമ്പോൾ മോട്ടോർ വാഹന നിയമം 1988, വകുപ്പ് 55 അനുസരിച്ച്, വാഹന രജിസ്ട്രേഷന്റെ ആധികാരികതയെക്കുറിച്ച് അന്വേഷണം നടത്തുവാനും, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കാൻ, പുതുച്ചേരി ഗതാഗതവകുപ്പനോട് ആവശ്യപ്പെടാൻ കേരള ഗതാഗത വകുപ്പിന് അധികാരമുണ്ട്.
കേരള മോട്ടോർ വെഹിക്കിൾസ് ടാക്സേഷൻ ആക്ട് 1976, വകുപ്പ് 3(6) പ്രകാരം അന്യസംസ്ഥാനങ്ങളിൽ Register ചെയ്ത നോൺ ട്രാൻസ്പോർട്ടിംഗ് വാഹനങ്ങൾ 30 ദിവസത്തിൽ കൂടുതൽ കേരളത്തിൽ ഉപയോഗിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ഉപയോഗിക്കണമെങ്കിൽ ടി വാഹനം കേരളത്തിൽ രജിസ്റ്റർ ചെയ്യുകയും, ലൈഫ് ടാക്സ് അടയ്ക്കുകയും വേണം.
മോട്ടോർ വാഹന നിയമം വകുപ്പ് 40 പ്രകാരം വാഹന ഉടമ എവിടെയാണോ താമസിക്കുന്നത്, അതല്ലെങ്കിൽ ജോലി ചെയ്യുന്നത് അവിടെയാണ് വാഹനം രജിസ്റ്റർ ചെയ്യേണ്ടത്.
വകുപ്പ് 46 പ്രകാരം വാഹനം ഇന്ത്യയിൽ എവിടെ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്നതും, അങ്ങനെ രജിസ്റ്റർ ചെയ്താൽ ആ രെജിസ്ട്രേഷൻ ഉള്ള വാഹനം ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഉപയോഗിക്കാവുന്നതാണ്.
വകുപ്പ് 48 പ്രകാരം വാഹന ഉടമയുടെ മേൽവിലാസത്തിൽ മാറ്റം ഉണ്ടാകുമ്പോൾ, 30 ദിവസത്തിനുള്ളിൽ പുതിയ രജിസ്ട്രെഷൻ അധികാരിയെ അറിയിക്കേണ്ടതാണ്.
അങ്ങനെ അറിയിച്ചില്ലെങ്കിലോ, വാഹന രെജിസ്ട്രേഷൻ തെറ്റായ രേഖകളുടെ അടിസ്ഥാനത്തിൽ ആണെങ്കിലോ വകുപ്പ് 55(2) പ്രകാരം വാഹനം ഉപയോഗിക്കപ്പെടുന്ന സംസ്ഥാനത്തെ അധികാരി, വാഹനം രജിസ്റ്റർ ചെയ്ത സംസ്ഥാനത്തെ അധികാരിയെ വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുവാൻ രേഖാമൂലം അറിയിക്കും.
നിയമം ഇങ്ങനെയായിരിക്കെ കേരളത്തിൽ സ്ഥിരതാമസം ഉള്ള വ്യക്തി, പുതുച്ചേരിയിൽ വാഹനം തെറ്റായ രേഖകളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ, മേൽപ്പറഞ്ഞ വാഹന രജിസ്ട്രേഷനെ കുറിച്ച് അന്വേഷിച്ചു രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുവാൻ പുതുച്ചേരി ഗതാഗത വകുപ്പിനോട് ആവശ്യപ്പെടാൻ കേരള ഗതാഗത വകുപ്പിന് അധികാരമുണ്ട്. എന്നാൽ രെജിസ്ട്രേഷൻ ക്യാൻസൽ ചെയ്യുവാൻ ഉള്ള അധികാരം പുഡുശ്ശേരി ഗതാഗത വകുപ്പിനാണ് ഉള്ളത്.