പ്രധാൻ മന്ത്രി ഗരിബ് കല്യാൺ യോജന (നാലാം ഘട്ടം) പ്രകാരം 2021 ജൂലൈ മുതൽ നവംബർ വരെ, ഒരാൾക്ക് പ്രതിമാസം 5 കിലോ നിരക്കിൽ, അഞ്ചു മാസത്തേക്ക് സൗജന്യമായി അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി.
നേരിട്ടുള്ള ആനുകൂല്യ കൈമാറ്റ (ഡിബിടി) പ്രകാരവും, ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻഎഫ്‌എസ്‌എ) പരിധിയിൽ വരുന്നതുമായ അന്ത്യോദയ അന്ന യോജന, മുൻഗണനാ കുടുംബങ്ങളിലെ പരമാവധി 81.35 കോടി ഗുണഭോക്താക്കൾക്ക് സൗജന്യമായി ഇതിന്റെ ആനുകൂല്യം ലഭിക്കും.
ഇത്തരത്തിൽ 81.35 കോടി വ്യക്തികൾക്ക് അധികമായി ഭക്ഷ്യധാന്യം നൽകുന്നതിന് 64,031 കോടി രൂപയുടെ ഭക്ഷ്യ സബ്സിഡി വേണ്ടിവരും.
ഈ പദ്ധതിയുടെ മുഴുവൻ ചെലവും സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശ ഗവൺമെന്റ്കളുടെ വിഹിതം ഇല്ലാതെ കേന്ദ്ര ഗവൺമെന്റ് വഹിക്കുന്നതിനാൽ, ഗതാഗതം, കൈകാര്യം ചെയ്യൽ, എഫ്പിഎസ് ഡീലർമാരുടെ ലാഭം തുടങ്ങിയവയ്ക്കായി ഏകദേശം 3,234.85 കോടി രൂപ അധിക ചിലവ് ആവശ്യമാണ്. മൊത്തത്തിൽ ഇതിനായി കേന്ദ്ര ഗവൺമെന്റ് വഹിക്കേണ്ടി വരുന്ന ചെലവ് 67,266.44 കോടി രൂപയായി കണക്കാക്കപ്പെട്ടിരിക്കുന്നു.
ഗോതമ്പ് / അരി എന്നിവയുടെ വിഹിതം ഭക്ഷ്യ, പൊതുവിതരണ വകുപ്പ് തീരുമാനിക്കും. കൂടാതെ, മഴക്കാലം, മഞ്ഞുവീഴ്ച മുതലായ പ്രതികൂല കാലാവസ്ഥ, വിതരണശൃംഖലയിലെ തടസ്സം, കോവിഡ് മൂലമുണ്ടാകുന്ന നിയന്ത്രണങ്ങൾ തുടങ്ങിയവ മൂലം, പ്രവർത്തന ആവശ്യങ്ങൾക്കനുസൃതമായി, പിഎംജികെഎയുടെ മൂന്നാം ഘട്ടം, നാലാം ഘട്ടം എന്നിവ പ്രകാരം വിതരണ കാലയളവ് നീട്ടുന്നത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പിന് തീരുമാനമെടുക്കാം.
ഭക്ഷ്യധാന്യങ്ങളുടെ മൊത്തം വിഹിതം ഏകദേശം 204 ലക്ഷം മെട്രിക് ടൺ ആയിരിക്കും . കൊറോണ വൈറസ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ദരിദ്രർ നേരിടുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനു അധിക വിഹിതം സഹായിക്കും.
അടുത്ത അഞ്ച് മാസം സാമ്പത്തിക പ്രതിസന്ധി മൂലം ഭക്ഷ്യധാന്യങ്ങൾ ലഭ്യമാകാതെ ഒരു ദരിദ്ര കുടുംബവും കഷ്ടപ്പെടില്ലെന്ന് ഗവൺമെന്റ് ഉറപ്പുവരുത്തും.