വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും സംയുക്തമായി സംഘടിപ്പിച്ച പേവിഷബാധ നിയന്ത്രണ തീവ്രയജ്ഞ കുത്തിവെപ്പ് ക്യാമ്പിന് സമാപനമായി. ക്യാമ്പില്‍ 380 വളര്‍ത്തുമൃഗങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കി. ഗ്രാമപഞ്ചായത്തിലെ വാര്‍ഡുകളിലും മൃഗസംരക്ഷണ കേന്ദ്രങ്ങളിലുമായാണ് തീവ്ര പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടന്നത്.
ബന്ധപ്പെട്ട വാർത്തകൾ: Hardhenu Cow: പ്രതിദിനം 60 ലിറ്റർ പാൽ, ഈ പശുവിനെ വളർത്തിയാൽ നിങ്ങൾ സമ്പന്നനാകും
പഞ്ചായത്തില്‍ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തില്‍ 900-ത്തോളം വളര്‍ത്തുമൃഗങ്ങള്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്. കൂടാതെ എല്ലാ ബുധനാഴ്ചകളിലും മൃഗാശുപത്രിയില്‍ കുത്തിവയ്പ് നടന്നു വരുന്നുണ്ട്. ക്യാമ്പില്‍ പങ്കെടുക്കാത്തവര്‍ക്ക് ഈ ദിവസങ്ങളില്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെപ്പെടുക്കാമെന്ന് വടക്കഞ്ചേരി മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി. ശ്രീദേവി അറിയിച്ചു. ഓരോ മാസവും മൃഗാശുപത്രിയില്‍ കുറഞ്ഞത് നൂറ് വളര്‍ത്തുമൃഗങ്ങള്‍ക്ക് കുത്തിവെപ് നടക്കുന്നുണ്ട്.
ബന്ധപ്പെട്ട വാർത്തകൾ: ചാണകം കൊണ്ടുണ്ടാക്കിയ വിറകുകൊണ്ടുള്ള ലാഭകരമായ ബിസിനസ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ
വളര്‍ത്തു നായ്ക്കളെയും പൂച്ചകളെയും പ്രതിരോധ കുത്തിവെപ്പിന് വിധേയമാക്കുന്നതിനും നിര്‍ബന്ധമായും ലൈസന്‍സ് എടുക്കുന്നതിനും വേണ്ട നടപടികള്‍ ഗ്രാമപഞ്ചായത്തില്‍ നടന്നുവരികയാണ്. വടക്കഞ്ചേരി മൃഗാശുപത്രി സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. പി. ശ്രീദേവി, ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരായ സജി, ബിന്ദു എന്നിവര്‍ വാക്‌സിനേഷന് നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്തിലെ തെരുവുനായ്കള്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നതിനും ഇവയെ പിടിക്കുന്നതിനും സന്നദ്ധരായവരുടെ രജിസ്‌ട്രേഷന്‍ നടന്നു വരികയാണ്. നാല് പേരാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തത്. സന്നദ്ധരായ കൂടുതല്‍ പേരെ കണ്ടെത്തി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശീലനം നല്‍കും.
പേവിഷബാധയേറ്റ് ചത്ത ഇന്‍ഷുറന്‍സ് ഇല്ലാത്ത രണ്ട് പശുക്കളുടെ ഉടമസ്ഥര്‍ക്ക് ജില്ലാ കലക്ടറുടെ ദുരന്തനിവാരണ ഫണ്ടില്‍ നിന്നും നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനും ഇന്‍ഷുറന്‍സ് ഉള്ള രണ്ട് വളര്‍ത്തുമൃഗങ്ങളുടെ ഉടമസ്ഥര്‍ക്ക് ക്ലെയിം ലഭിക്കുന്നതിനും വേണ്ട നടപടികള്‍ ഗ്രാമപഞ്ചായത്തും മൃഗാശുപത്രിയും സ്വീകരിച്ചു കഴിഞ്ഞതായും സീനിയര്‍ വെറ്ററിനറി സര്‍ജന്‍ പറഞ്ഞു.