തക്കാളി ഉൾപ്പെടെ പച്ചക്കറികളുടെ വില ദിനംപ്രതി കുതിച്ചുയരുന്ന സാഹചര്യത്തിൽ വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ ഊർജ്ജിതശ്രമം നടത്തുകയാണ്. ഇതിനായി ഇടനിലക്കാരെ ഒഴിവാക്കികൊണ്ട്, തമിഴ്നാട്ടിലെ പ്രാദേശിക കർഷകരിൽ നിന്നും നേരിട്ട് സംഭരണം നടത്തി പച്ചക്കറികൾ കേരളത്തിലെ വിപണികളിലേക്ക് എത്തിക്കുന്നതിനും ഹോർട്ടികോർപ്പ് പ്രയത്നിച്ചു.
എന്നാൽ ഇങ്ങനെ പച്ചക്കറി എത്തിക്കുന്നതിന് ഇനിയും ഒരാഴ്ച കൂടി നീളുമെന്നതിനാൽ, വിലയുടെ കുതിപ്പിനെ പിടിച്ചുകെട്ടാനായി സർക്കാരും കൃഷി വകുപ്പും പല മാർഗങ്ങൾ തേടുന്നുണ്ട്.
ഹോർട്ടികോർപ്പ് മുഖാന്തരം ആന്ധ്രാപ്രദേശിലെ കർഷകരിൽ നിന്ന് 10 ടൺ തക്കാളി
കൂടി കേരളത്തിൽ എത്തിക്കാൻ കൃഷി വകുപ്പ് ശ്രമിച്ചിരുന്നു.
ഇന്ന് ആന്ധ്രയിൽ നിന്നും തക്കാളി ലോഡുമായുള്ള വാഹനം തിരുവനന്തപുരത്ത് ആനയറയിൽ എത്തുമെന്ന് കൃഷി മന്ത്രി പി. പ്രസാദ് അറിയിച്ചു. ആന്ധ്രയിലെ മുളകാലച്ചെരുവിൽ നിന്നുള്ള കർഷകരിൽ നിന്നാണ് തക്കാളി സംഭരിക്കുന്നത്. ആന്ധ്രാപ്രദേശിൽ നിന്നും തിങ്കളാഴ്ച രാവിലെ എത്തുന്ന തക്കാളി ആനയറ വേൾഡ് മാർക്കറ്റിൽ കൃഷി ഡയറക്ടർ സുഭാഷ് ഐ.എ.എസ് ലോഡ് സ്വീകരിക്കും. ഈ തക്കാളി കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്രിസ്മസ് പുതുവത്സര വിപണികളിലേക്ക് കൂടി അടിയന്തരമായി ഉൾപ്പെടുത്തും.
അതേ സമയം, തെങ്കാശിയിലെ കർഷകരിൽ നിന്നും പച്ചക്കറി സംഭരിച്ച്
കേരളത്തിലെ വിപണിയിലേക്ക് വിൽപ്പനയ്ക്ക് എത്തിക്കുന്നതിനായി കഴിഞ്ഞ ആഴ്ച
ഹോർട്ടികോർപ്പ് ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു.
തമിഴ്നാട് അഗ്രി മാർക്കറ്റിങ് ആൻഡ് ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റ് നിശ്ചയിക്കുന്ന മൊത്തവ്യാപാര വില അനുസരിച്ചാണ് പച്ചക്കറികൾ ർഷകരിൽ നിന്ന് ഹോർട്ടികോർപ്പ് സംഭരിക്കുക.
ബന്ധപ്പെട്ട വാർത്തകൾ: പച്ചക്കറി വില മാറ്റമില്ലാതെ തുടരും
പച്ചക്കറികൾ ഉല്പാദിപ്പിക്കുന്ന തെങ്കാശി ജില്ലയിലെ ഏഴ് ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷനുകളിൽ നിന്നും ഗ്രേഡ് ചെയ്ത പച്ചക്കറികൾ ഇതുവഴി ഹോർട്ടികോർപ്പ് സംഭരിക്കും.
ഇതുവഴി വിലക്കയറ്റത്തിൽ കാര്യമായ നിയന്ത്രണം കൊണ്ടുവരാനാകുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ഇടനിലക്കാരുടെ ചൂഷണം ഒഴിവാക്കാനാകുമെന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. അടുത്ത ആഴ്ച മുതൽ തെങ്കാശിയിലെ കർഷകരിൽ നിന്ന് ശേഖരിക്കുന്ന പച്ചക്കറികൾ കേരളത്തിൽ എത്തിത്തുടങ്ങും.
പച്ചക്കറി വിലക്കയറ്റത്തിൽ നിന്നും കേരളത്തിന് ഇത് ആശ്വാസമാണെന്നതിന് ഉപരി, തെങ്കാശിയിലെ കർഷകർക്കും ഇത് ഗുണപ്രദമാണ്.