Updated on: 27 December, 2022 4:14 PM IST
Water Fest: A food and flea market with mind-blowing delicacies and a music and dance party

ഉപ്പു തൊട്ട് കർപ്പൂരം വരെ എന്ന പോലെ വൈവിദ്ധ്യമാർന്ന ഭക്ഷ്യ വിഭവങ്ങളുമായി ഒരു മാർക്കറ്റ്. ഏതാണെന്നല്ലേ? ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂരിലൊരുക്കിയ ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റിലാണ് കോഴിക്കോട്ടുകാർക്ക് വിരുന്നൊരുക്കിയത്. പ്രവേശന കവാടം കടന്നാലുടൻ കാണുന്നത് ഒരു പഞ്ചാബി ധാബയാണ്. പാനി പുരി, ഭേൽ പുരി, സമോസ ചാറ്റ്, പപ്പടി ചാറ്റ്, പഞ്ചാബി കുൽഫി തുടങ്ങിയ അടിപൊളി പഞ്ചാബി രുചികൾ ട്രൈ ചെയ്യാൻ പറ്റിയ സ്പോട്ടാണിത്. തൊട്ടടുത്തായി വിവിധ തരം കുലുക്കി സർബത്തുകളുമായി കുലുക്കി കൾട്ട് സ്റ്റാളുണ്ട്. ചൂടത്ത് ഒരിത്തിരി കൂൾ ആകാനായി ആളുകൾ ഇവിടെയെത്തുന്നു. വിവിധ തരം മട്ടൺ ഷവർമകൾ, കുഴിമന്തി, ഫ്രൈഡ് ചിക്കൻ എന്നിവ ലഭിക്കുന്ന നിരവധി സ്റ്റാളുകളും ഭക്ഷ്യമേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ഫലാഫിൽ, ബർഗർ, ചിക്കൻ പോപ്പ് തുടങ്ങി വിവിധ റോളുകൾ 30 രൂപ മുതൽ ലഭിക്കുന്ന സ്റ്റാളിലും വൻ തിരക്കാണ്.

നല്ല ചായയും ചൂടു പലഹാരങ്ങളുമായി സൊറ പറഞ്ഞിരിക്കുന്ന ഒട്ടേറെ പേരെ ഇവിടെ കാണാം. സന്ദർശകർക്ക് ഇരുന്നു കഴിക്കാനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. വിവിധ തരം ബജികൾ, ചില്ലി ഗോപി തുടങ്ങി കോഴിക്കോടിന്റെ തനതു പലഹാരങ്ങളായ സമോസ, ഉന്നക്കായ, ചട്ടിപ്പത്തിരി എന്നിവയും ഇവിടെ നിന്നും വാങ്ങാം. ജല മാമാങ്കം ആസ്വദിക്കാനെത്തുന്നവരാരും ഫുഡ്‌ ആന്റ് ഫ്ളീ മാർക്കറ്റിൽ കയറാതെ പോകുന്നില്ല എന്നതാണ് സത്യം. ദം ബിരിയാണി, തലശ്ശേരി ബിരിയാണി തുടങ്ങി വെറൈറ്റി മലബാറി ബിരിയാണികളും മനസ്സു നിറയെ ഇവിടെ നിന്നും കഴിക്കാം.

വ്യത്യസ്തമായ പേരുകളാൽ ആളുകളെ ആകർഷിക്കുന്ന ചില സ്റ്റാളുകളും ഇവിടെ കാണാം. കടാത്തെ ബട്ക്കണിയാണ് ഇതിൽ ഒന്ന്. അവിടെ ചെന്നാൽ ത്രെഡ് ചിക്കൻ, ബ്രെഡ്‌ റോൾ, ചെമ്മീൻ ബോൾ എന്നിങ്ങനെ വെറൈറ്റി പലഹാരങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ഈന്തും പിടിയുമാണ് ഭക്ഷ്യമേളയിലെ മറ്റൊരു താരം. നല്ല നാടൻ രുചികളുമായി എത്തിയ സ്റ്റാളിൽ തേങ്ങാചോറ്, കപ്പ, ഈന്തും പിടിയും തുടങ്ങി വെറൈറ്റി രുചിക്കൂട്ടുകൾ കഴിക്കാൻ ഒത്തിരി പേരാണ് എത്തുന്നത്. ലൈവ് കൗണ്ടറുകളാണ് മറ്റൊരു പ്രധാന ആകർഷണം. ഓരോന്നും ഉണ്ടാക്കുന്നത് ലൈവായി കാണാം. ഒപ്പം ചൂടോടെ രുചിക്കാം എന്നതു തന്നെയാണ് പ്രത്യേകത. ചക്ക, മാങ്ങ, തേങ്ങ ഐസ്ക്രീമുകളുള്ള സ്റ്റാളുകളിൽ കുട്ടികളാണ് കൂടുതലുമെത്തുന്നത്. ഫിഷറീസ് വകുപ്പിന്റെ സ്റ്റാളിൽ ചെമ്മീൻ കട്ലറ്റ്, ഫിഷ് കൽമാസ്, കല്ലുമ്മക്കായ നിറച്ചത്, ചെമ്മീൻ ലോലിപോപ്പ് തുടങ്ങിയ മത്സ്യരുചികളുടെ കലവറ ഇവിടെയുണ്ട്. കപ്പയും മീൻ കറിയുമാണ് അവിടെ ആളുകൾ ചോദിച്ചെത്തുന്ന മറ്റൊരു ഐറ്റം.

വാട്ടർ ഫെസ്റ്റ്: 'നവ്യാനുഭവമായി' സംഗീത നൃത്ത വിരുന്ന്

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ മൂന്നാം നാൾ നവ്യ നായരും സംഘവും അവതരിപ്പിച്ച സംഗീത - നൃത്ത വിരുന്ന് കാണികൾക്ക് നവ്യാനുഭവമായി മാറി. ക്ലാസ്സിക്കൽ നൃത്തവുമായി വേദിയിലെത്തിയ നവ്യ നായർ കലാകാരോടുള്ള കോഴിക്കോടിന്റെ സ്നേഹത്തെ പ്രകീർത്തിച്ചു സംസാരിച്ചു. കടൽകാറ്റിനൊപ്പം ചിലങ്കയുടെ മണി നാദവും കൂടിച്ചേർന്നപ്പോൾ മനോഹരമായ ഒരു സായംസന്ധ്യയാണ് കോഴിക്കോട്ടെ കലാസ്വാദകർക്ക് വാട്ടർ ഫെസ്റ്റ് സമ്മാനിച്ചത്. നിരവധി ഗാനങ്ങൾ കോർത്തിണക്കിയതിനൊപ്പം നവ്യ നായരും സംഘവും താളത്തിൽ നൃത്തം ചെയ്തു.

കൊത്ത് എന്ന സിനിമയിലെ 'തേൻ തുള്ളി പോലെ' എന്ന ഗാനവുമായി ഗായകൻ നിഷാദും വേദിയിൽ എത്തിയപ്പോൾ കാണികൾക്ക് ആവേശമായി. പിന്നീട് 'നാദങ്ങളായ് നീ വരൂ' എന്ന മനോഹര ഗാനവുമായി ഗായിക ദേവനന്ദയും 'ഹമ്മ ഹമ്മ' എന്ന പാട്ടുമായി ഗായകൻ സാദിക്കും വേദിയിലെത്തി. മലയാളി മനസ്സിൽ ഇടം പിടിച്ച കലാഭവൻ മണിയുടെ സൂപ്പർ ഹിറ്റ്‌ നാടൻ പാട്ടുകളും സംഘം ആലപിച്ചു. കലാസന്ധ്യ ആസ്വദിക്കാൻ ബേപ്പൂർ മറീന ബീച്ചിലെത്തിയ മന്ത്രി പി.എ മുഹമ്മദ്‌ റിയാസിനൊപ്പം കുട്ടികളും പരിപാടി ആഘോഷമാക്കി. വേദിയിൽ നൃത്ത വിരുന്നൊരുക്കിയ നവ്യ നായർക്ക് മന്ത്രി ഉപഹാരം സമർപ്പിച്ചു.

ബന്ധപ്പെട്ട വാർത്തകൾ: കനത്ത മൂടൽമഞ്ഞ്: ഡൽഹിയിൽ വ്യോമ, റെയിൽ ഗതാഗതം തടസ്സപെട്ടു

English Summary: Water Fest: A food and flea market with mind-blowing delicacies and a music and dance party
Published on: 27 December 2022, 04:10 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now