വസ്തു രജിസ്ട്രേഷന് മുൻപ് പ്രമാണവും രേഖകളും കാണിച്ചു അഭിഭാഷകന്റെ നിയമോപദേശം നേടണമോ ?
രാജേഷ് എറണാകുളത്തുള്ള സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ് കൊല്ലം ജില്ലയിൽ തനിക്ക് ഓഹരിയായി ലഭിച്ച വസ്തുവകകൾ വിറ്റിട്ടാണ് എറണാകുളം നഗരത്തിൽ എളംകുളം വില്ലേജിൽ നാല് സെന്റ് വസ്തു വാങ്ങുവാനുള്ള തീരുമാനം എടുത്തത്. തുടർന്ന് കൂട്ടുകാരുടെ അഭിപ്രായം സ്വീകരിച്ച് വസ്തു രജിസ്റ്റർ ചെയ്യുകയും ചെയ്തു.
ഒരു വർഷത്തിനു ശേഷം ലോൺ എടുക്കുവാൻ ബാങ്കിൽ വസ്തുവിന്റെ പ്രമാണവും രേഖകളും സമർപ്പിച്ചപ്പോഴാണ് വസ്തു ഡാറ്റ ബാങ്കിൽ ഉൾപ്പെട്ടതാണെന്നുള്ള വിവരം അറിഞ്ഞത്. ഇപ്പോൾ ഡാറ്റാ ബാങ്കിൽ നിന്നും വസ്തു നീക്കം ചെയ്യുവാനുള്ള ശ്രമത്തിലാണ് അദ്ദേഹം.
വസ്തുവിന്റെ വില സെന്റിന് ആയിരങ്ങൾ മാത്രം ഉണ്ടായ ഒരു കാലഘട്ടമുണ്ടായിരുന്നു. ഇന്ന് അത് ലക്ഷങ്ങളിലേക്ക് മാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു വ്യക്തിയുടെ ആയുഷ്കാല സമ്പാദ്യം മുഴുവൻ ഉപയോഗിച്ചാണ് ഇപ്പോൾ വസ്തു വാങ്ങുന്നത്. അതുകൊണ്ട് തന്നെ റിസ്ക് കൂടുതലുമാണ്. വാങ്ങുന്നതിനു മുമ്പ് വസ്തുവിന്റെ രേഖകൾ കൃത്യമായി വിശകലനം ചെയ്യപ്പെട്ടിട്ടില്ലെങ്കിൽ ആയുഷ്കാലം മുഴുവൻ സിവിൽ കോടതിയുടേയും, സർക്കാർ ഓഫീസുകളുടെയും വരാന്തകളിൽ ചിലവഴിക്കേണ്ടി വന്നേക്കാം.
മിനിക്കഥ പോലെ വായിക്കുവാൻ പറ്റുന്നതാണ് ആധാരമെങ്കിലും, ടി പ്രമാണം താഴെപ്പറയുന്ന ചില നിയമങ്ങളിലൂടെ കടന്നുപോകുന്നതായിരിക്കും.
1. ട്രാൻസ്ഫർ ഓഫ് പ്രോപ്പർട്ടി ആക്ട്
2. ഇന്ത്യൻ കോൺട്രാക്ട് ആക്ട്
3. കേരള രജിസ്ട്രേഷൻ ആക്ട്.
4. വിവിധ മതങ്ങളുടെ പിൻതുടർച്ചാവകാശ നിയമങ്ങൾ
5. വിവിധ ഭൂനിയമങ്ങൾ,
6. കേരള തണ്ണീർത്തട നിയമം.
7. തീരദേശ സംരക്ഷണ നിയമം
8. ടൗൺപ്ലാനിങ് ആക്ട് etc
മേൽ പറഞ്ഞ നിയമങ്ങളെല്ലാം വസ്തു രജിസ്ട്രേഷനിൽ പ്രതിഫലിക്കും. ഒരു അഭിഭാഷകനോ, റിട്ടയേർഡ് തഹസിൽദാരിൽ കുറയാത്ത ഉദ്യോഗസ്ഥനോ മാത്രമേ ആധികാരികമായിരേഖകളിലെ പോരായ്മകൾ കണ്ടുപിടിക്കുവാൻ സാധിക്കുകയുള്ളൂ.
രജിസ്റ്റർ ചെയ്യുവാനെത്തിയിരിക്കുന്ന ആധാരത്തിലെ തെറ്റുകൾ കണ്ടുപിടിക്കുവാൻ സബ് രജിസ്ട്രാർക്ക് ഉത്തരവാദിത്വം ഉണ്ടോ ?
ഇല്ല.