"ഞാൻ പരാജയപ്പെട്ടുപോയി", കാർഷിക വായ്പ ലഭിക്കാത്തതിനെ തുടർന്ന് കുട്ടനാട്ടിൽ ജീവനൊടുക്കിയ കെ.ജി പ്രസാദ് എന്ന കർഷകന്റെ അവസാന വാക്കുകളാണിത്. കർഷകർക്ക് വായ്പ അനുവദിക്കുന്നത് സിബിൽ സ്കോർ കണക്കാക്കിയാണ്. ബാങ്കിൽ നിന്നെടുത്ത വായ്പ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി പ്രസാദ് അടച്ചിരുന്നെങ്കിലും പിആർഎസ് കുടിശിക വന്നതിനാൽ സിബിൽ സ്കോർ കുറഞ്ഞു. തുടർന്ന് വായ്പ നൽകാൻ ബാങ്കുകൾ വിസമ്മതിച്ചതോടെ അദ്ദേഹം ജീവനൊടുക്കി. കാലാവസ്ഥ വ്യതിയാനവും വിള രോഗങ്ങളെക്കാളും കർഷകർക്ക് കുരുക്കാകുന്ന പിആർഎസും സിബിൽ സ്കോറും എന്താണ്? വായ്പകളിൽ നിന്ന് അനർഹരാകാതെ കർഷകർക്ക് എങ്ങനെ രക്ഷപ്പെടാം?
പിആർഎസ് കുടിശിക കുരുക്കാകുമ്പോൾ..
പാഡി റെസീപ്റ്റ് സ്ലിപ്പ് അഥവാ പിആർഎസ് കുടിശിക ആയാൽ അത് സിബിൽ സ്കോറിനെ ബാധിക്കും. 2016-ലാണ് പിആർഎസ് വായ്പയായി നെല്ലിന്റെ വില നൽകാൻ ആരംഭിക്കുന്നത്. ഉൽപാദിപ്പിക്കുന്ന നെല്ല് കർഷകർ സപ്ലൈകോയ്ക്ക് നൽകുകയും, സംഭരിക്കുന്ന നെല്ല് അരിയാക്കി സപ്ലൈകോ സർക്കാരിന് നൽകുകയും ചെയ്യുന്നു. 2016-ന് മുമ്പ് വരെ സംഭരിച്ച നെല്ലിന്റെ വില സപ്ലൈകോ തന്നെയാണ് കർഷകർക്ക് നൽകിയിരുന്നത്. എന്നാൽ ഇതിനുശേഷം, ഉത്പാദിപ്പിച്ച നെല്ലിന്റെ അളവ്, വില സംബന്ധിച്ച് സപ്ലൈകോ കർഷകർക്ക് പാഡി റെസീപ്റ്റ് സ്ലിപ്പ് നൽകും. ഈ സ്ലിപ്പ് കർഷകൻ ബാങ്കിൽ കൊടുത്ത് പണം കൈപ്പറ്റണം. അതായത് നെല്ലിന്റെ വില വായ്പയായി ലഭിക്കും. വായ്പയും, പലിശയും സർക്കാർ തന്നെ അടയ്ക്കും.
നെല്ലിന്റെ വില വൈകാതിരിക്കാനാണ് ഈ പദ്ധതി ആരംഭിച്ചത്. വായ്പ സർക്കാർ തിരിച്ചടയ്ക്കാതിരുമ്പോഴാണ് കർഷകർ അനർഹരാകുന്നത്. ഇതിൽ കർഷകനും ബാങ്കിനും എന്ത് ബന്ധം? ബാങ്കുകൾ കർഷകരിൽ നിന്നും ഒപ്പിട്ടുവാങ്ങുന്ന പേപ്പറുകളിൽ വായ്പ തിരിച്ച് അടച്ചില്ലെങ്കിൽ തുകയും പലിശയും തിരികെ അടയ്ക്കും എന്ന് രേഖപ്പെടുത്തിയിരിക്കും. സർക്കാർ തിരിച്ചടയ്ക്കാത്ത പക്ഷം കർഷകരുടെ സിബിൽ സ്കോറിനെ ഇത് ബാധിക്കുന്നു.
കൂടുതൽ വാർത്തകൾ: 4% പലിശയിൽ 3 ലക്ഷം വായ്പ, ഈട് വേണ്ട; കർഷകർക്ക് ഡിസംബർ 31നകം കിസാൻ ക്രെഡിറ്റ് കാർഡ്
സിബിൽ സ്കോർ
കർഷകരുടെ സിബിൽ സ്കോർ നിശ്ചയിക്കുന്നത് സിബിൽ സ്കോർ റേറ്റിംഗ് എന്ന ഏജൻസിയാണ്. വായ്പക്കാരനും ബാങ്കും തമ്മിലുള്ള ഇടപാടിന്റെ അടിസ്ഥാനത്തിലാണ് സിബിൽ സ്കോർ നിശ്ചയിക്കുന്നത്. 700 മുതൽ 850 വരെ സിബിൽ സ്കോർ ഉള്ളവർക്ക് വായ്പ ലഭിക്കും. 600-ന് താഴെ വായ്പ ലഭിക്കാതെ വരും. വായ്പ എടുത്ത് 91 ദിവസം കഴിയുമ്പോൾ തന്നെ റിസ്ക് കൂടും. ഒരാഴ്ചയ്ക്കുള്ളിൽ പ്രശ്നം പരിഹരിച്ചാൽ കുഴപ്പമില്ല. വ്യത്യസ്ത ബാങ്കുകളിൽ വ്യത്യസ്ത രീതിയിലാണ് സിബിൽ സ്കോർ കണക്കാക്കുക. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി വഴി വായ്പ തിരിച്ചടച്ചാലും പ്രയോജനമില്ല. ഇതാണ് കർഷകർക്ക് മരണക്കുരുക്ക് ആകുന്നത്.
ഉയർന്ന സിബിൽ സ്കോർ നിലനിർത്തുന്നത് എന്തിന്?
അതിവേഗം വായ്പ..
കൃഷി ഇറക്കാൻ, മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്ക്, സർക്കാർ ആനുകൂല്യങ്ങൾ, കാർഷിക ഉപകരണങ്ങൾ വാങ്ങാൻ, ജലസേചന സംവിധാനം മെച്ചപ്പെടുത്താൻ, കൃഷിയിടം വലുതാക്കാൻ തുടങ്ങിയ ആവശ്യങ്ങൾക്ക് ഉയർന്ന സിബിൽ സ്കോർ ഉള്ള കർഷകർക്ക് കുറഞ്ഞ പലിശ നിരക്കിലും സാമ്പത്തിക സഹായം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.
ഉയർന്ന സ്കോർ, ഉയർന്ന ജീവിത നിലവാരം
നല്ല സിബിൽ സ്കോർ ഉള്ള കർഷകന് വായ്പ ലഭിക്കാൻ മാത്രമല്ല. ആവശ്യപ്രകാരം കുറഞ്ഞ പലിശ നിരക്കിലുള്ള ലോണുകൾ തിരഞ്ഞെടുക്കാനുള്ള അവസരവും ലഭിക്കുന്നു. ഇതിലൂടെ കാർഷിക രംഗത്ത് പുരോഗതിയും, കർഷകർക്ക് ജീവിത നിലവാരം ഉയർത്താനും കഴിയുന്നു.
ഇൻഷുറൻസ് പ്രീമിയങ്ങളും റിസ്ക് മാനേജ്മെന്റും
നന്നായി പണം കൈകാര്യം ചെയ്യുന്നവരാണ് നല്ല ക്രെഡിറ്റ് സ്കോർ ഉള്ളവരെന്നാണ് കണക്കാക്കുന്നത്. ഇൻഷുറൻസ് തുക തീരുമാനിക്കുമ്പോൾ ഇൻഷുറൻസ് കമ്പനികൾ പലപ്പോഴും വ്യക്തികളുടെ ക്രെഡിറ്റ് സ്കോർ നോക്കുന്നു. ഇത് കർഷകരുടെ ഇൻഷുറൻസ് ചെലവ് കുറയ്ക്കുന്നു. കൂടുതൽ പണം ചെലവഴിക്കാതെ അവരുടെ കൃഷിയിടവും നിക്ഷേപങ്ങളും സംരക്ഷിക്കാനുള്ള മികച്ച മാർഗമായി ഇത് മാറുന്നു.
സ്മാർട് ടെക്നോളജി, സ്മാർട്ട് കൃഷി..
ഉയർന്ന ക്രെഡിറ്റ് സ്‌കോറുള്ള കർഷകർക്ക് ഹൈടെക് ഫാമിംഗ് ടൂളുകൾ, സ്‌മാർട്ട് ജലസേചന സംവിധാനം എന്നിവയ്‌ക്ക് ബാങ്കുകളിൽ നിന്നും എളുപ്പത്തിൽ പണം ലഭിക്കും. കർഷകരുടെ സാമ്പത്തിക പുരോഗതിയ്ക്ക് ഇത് സഹായിക്കും.