കോഴിക്കോട്: ലോക മണ്ണ് ദിനത്തിൽ ജില്ലാതല ഏകദിന ശില്പശാലയുമായി മണ്ണ് പര്യവേക്ഷണ വകുപ്പ്. ഡിസംബർ അഞ്ചിന് രാവിലെ 10 ന് പെരുവയൽ ഗ്രാമപ്പഞ്ചായത്ത് ഹാളിൽ നടക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി ഉദ്ഘാടനം ചെയ്യും. പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. കെ സുഹറാബി അധ്യക്ഷത വഹിക്കും.
പഞ്ചായത്തിലെ 50 കർഷകർക്കുള്ള സോയിൽ ഹെൽത്ത് കാർഡ് വിതരണം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് പാലാട്ട് നിർവ്വഹിക്കും. കർഷകർക്കായി 'മണ്ണു സംരക്ഷണ മാർഗങ്ങൾ' എന്ന വിഷയത്തിൽ മണ്ണ് സംരക്ഷണ ഓഫീസർ സൗദ നാലകത്ത്, 'മണ്ണ് സാമ്പിൾ ശേഖരണവും വിളകളിലെ പോഷക അപര്യാപ്തത ലക്ഷണങ്ങളും പരിഹാര മാർഗ്ഗങ്ങളും' എന്ന വിഷയത്തിൽ മേഖലാ മണ്ണ് പരിശോധനാ കേന്ദ്രം റിസർച്ച് അസിസ്റ്റന്റ് ധന്യ ബാലഗോപാൽ എന്നിവർ സംസാരിക്കും.
ബന്ധപ്പെട്ട വാർത്തകൾ: മണ്ണ് പരിശോധന എങ്ങനെ നടത്താം
ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് അവബോധം സൃഷ്ടിക്കുന്നതിന് വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ്, ചിത്രരചന മത്സരത്തിൽ പങ്കെടുത്തവർക്കുള്ള സമ്മാനദാനവും നടക്കും. സൗജന്യ മണ്ണ് പരിശോധനയ്ക്കായി സാമ്പിളുകൾ സ്വീകരിക്കും.
സിനിമാ പ്രവർത്തകൻ തേജസ് പെരുമണ്ണ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ സുധ കമ്പളത്ത്, ധനീഷ് ലാൽ, മറ്റു ജനപ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.