തലസ്ഥാന നഗരമായ ഡൽഹിയിലെ സാധാരണ ജനജീവിതത്തിന് നേരിട്ട ആഘാതത്തെ തെല്ലൊന്ന് ശാന്തമാക്കുന്നതാണ് വെള്ളപ്പൊക്കമുണ്ടായ ഇടങ്ങളിൽ നിന്ന് യമുന നദിയിലെ ജലം വിടവാങ്ങാൻ തുടങ്ങിയ കാഴ്ച്ച. വെള്ളമിറങ്ങിയെങ്കിലും വെള്ളപ്പൊക്കസാധ്യത പൂർണമായും മാറിയിട്ടില്ല എന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.
മണിക്കൂറിൽ കുറച്ച് സെന്റീമീറ്റർ വേഗതയിൽ വെള്ളം കുറഞ്ഞു തുടങ്ങി. എന്നിരുന്നാലും, നദി ഇപ്പോഴും അപകടകരമായ 205.33 മീറ്ററിൽ നിന്ന് രണ്ട് മീറ്ററിലധികമായി കവിഞ്ഞൊഴുകുകയാണ്. ഇത് കൂടാതെ, ഡൽഹിയിൽ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (IMD) ശനിയാഴ്ച ഡൽഹിയിൽ 'യെല്ലോ' അലർട്ട് പ്രഖ്യാപിച്ചു. തലസ്ഥാനത്തു ഇന്നും കൂടുതൽ മഴ പെയ്യുമെന്നുള്ള കാലാവസ്ഥാ പ്രവചനങ്ങൾ യാഥാർത്ഥ്യമായാൽ, അത് വീണ്ടും വെള്ളപ്പൊക്കത്തിനിടയാക്കിയേക്കുമെന്ന് വിദഗ്ദ്ധർ അറിയിച്ചു.
സെൻട്രൽ വാട്ടർ കമ്മിഷന്റെ (CWC) വെള്ളപ്പൊക്ക നിരീക്ഷണ പോർട്ടൽ പ്രകാരം യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച രാത്രി 8 മണിക്ക് 208.66 മീറ്ററിൽ നിന്ന് ശനിയാഴ്ച രാവിലെ 7 മണിയോടെ 207.62 മീറ്ററായി കുറഞ്ഞുവെന്നാണ്. ഹരിയാനയിലെ യമുനാനഗറിലെ ഹത്നികുണ്ഡ് ബാരേജിൽ നിന്നുള്ള നീരൊഴുക്ക് കഴിഞ്ഞ രണ്ട് ദിവസമായി കുറഞ്ഞതോടെ കൂടുതൽ ഇടിവ് പ്രതീക്ഷിക്കുന്നതായും വിദഗ്ദ്ധർ പറഞ്ഞു.
എന്നിരുന്നാലും, അടുത്ത അഞ്ച് ദിവസങ്ങളിൽ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്തതോ അതിശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രതീക്ഷിക്കുന്നു, ഇത് നദിയിലെ ജലനിരപ്പ് ഉയരുമെന്ന ആശങ്ക ഉയർത്തുന്നു.ഡൽഹിയിൽ കൂടുതൽ മഴ പെയ്യുന്ന സാഹചര്യത്തിൽ, കാറ്റു വീശുമ്പോൾ വെള്ളം ഒഴുകിയെത്തുന്നതിനാൽ പതിവിലും കൂടുതൽ സമയമെടുക്കും വെള്ളമിറങ്ങാൻ. ഇത് നിലവിലെ വെള്ളക്കെട്ട് സ്ഥിതി കൂടുതൽ വഷളാക്കുമെന്ന് വിദഗ്ധർ പറഞ്ഞു. ഒരാഴ്ചയായി തലസ്ഥാനനഗരം വെള്ളക്കെട്ടും വെള്ളപ്പൊക്കവും മൂലം ബുദ്ധിമുട്ടുകയാണ്.
ബന്ധപ്പെട്ട വാർത്തകൾ: ബൈപാർജോയ് ചുഴലിക്കാറ്റിൽ നാശം നേരിട്ട കർഷകർക്ക് 240 കോടിയുടെ ദുരിതാശ്വാസ പാക്കേജ്
Pic Courtesy: Pexels.com