1. കേരളത്തിൽ വരും ദിവസങ്ങളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 7 ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള ജില്ലകൾ യെല്ലോ അലർട്ടിലായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം, കോട്ടയം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾ നാളെ യെല്ലോ അലർട്ടിലായിരിക്കും. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. കൂടാതെ, കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.
2. കൃഷിവകുപ്പ് ഫാമുകള്‍ കാര്‍ബണ്‍ തുലിതമാക്കുമെന്ന് കൃഷി മന്ത്രി പി. പ്രസാദ്. കൃഷിവകുപ്പിലെ തിരഞ്ഞെടുക്കപ്പെട്ട 13 ഫാമുകളെ കാര്‍ബണ്‍ തുലിത കൃഷി ഫാമുകളായി ഉയര്‍ത്തുന്നതിനായി ആലുവ പാലസില്‍ നടന്ന ദ്വിദിന സംസ്ഥാനതല ശില്പശാലയുടെ ഉദ്ഘാടനം മന്ത്രി നിര്‍വഹിച്ചു. ചെറുധാന്യങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ധന, വിപണനം, ബ്രാന്‍ഡിങ് എന്നീ മേഖലകള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി കൃഷി വകുപ്പും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മില്ലറ്റ് റിസര്‍ച്ചും ചേർന്ന് ധാരണപത്രം ഒപ്പുവച്ചു.
കൂടുതൽ വാർത്തകൾ: 1 കിലോ തക്കാളിക്ക് 10 രൂപ; റോഡിൽ ഉപേക്ഷിച്ച് കർഷകർ!
3. പട്ടുനൂല്‍ കൃഷി വ്യാപനത്തിനായി നടപ്പിലാക്കുന്ന സില്‍ക്ക് സമഗ്ര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പട്ടികജാതി വിഭാഗക്കാരായ കര്‍ഷകര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുന്നു. ഇതിന്റെ ഭാഗമായി അതത് ബ്ലോക്കുകളിലെ പട്ടികജാതി വികസന ഓഫീസര്‍, പട്ടുനൂല്‍ കൃഷി ചെയ്യാന്‍ താത്പര്യമുള്ള കര്‍ഷകര്‍, എസ്.സി പ്രൊമോട്ടര്‍ എന്നിവര്‍ക്ക് പരിശീലനം നല്‍കുന്നു. സ്വന്തമായോ പാട്ടത്തിനെടുത്തതോ ആയ ഒരേക്കര്‍ സ്ഥലത്ത് മള്‍ബറി കൃഷിയും പട്ടുനൂല്‍പ്പുഴു വളര്‍ത്തലും നടത്തുന്ന കര്‍ഷകര്‍ക്ക് വിവിധ ഘടകങ്ങളായി നിബന്ധനകള്‍ക്ക് വിധേയമായി 3,73,750 രൂപ സഹായധനമായി നല്‍കുന്നത് സംബന്ധിച്ച് വിശദീകരിക്കുന്നതിനും പരിചയപ്പെടുത്തുന്നതിനുമാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 17 ന് രാവിലെ 10.30 ന് കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് നെന്മാറ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഒക്ടോബര്‍ 18 ന് രാവിലെ 10.30 ന് ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഉച്ചയ്ക്ക് 2.30 ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിലും ഒക്ടോബര്‍ 19 ന് രാവിലെ 10.30ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം നടക്കുക. ഫോണ്‍: 9447443561