പറമ്പിലും മറ്റും താഴെവീണ് പാഴായിപ്പോകുന്ന ചക്കകളിലും, കമുകിൻ പാളകളിലും ഓല മഡലിലും ഒക്കെ സാധാരണയായി വലിച്ചെറിയുകയാണ് പതിവ്. എന്നാൽ ഇവയൊക്കെ മികച്ച വാണിജ്യ സാധ്യതകളുള്ളവയാണെന്ന് കാണിച്ചുതരുകയാണ് ഈ ദമ്പതികൾ. പ്ലാസ്റ്റിക്ക് ബദലായി എത്രയെത്ര ഉൽപ്പന്നങ്ങൾ. പാഴായിപ്പോകുന്ന കമുകിൻ പാളകളിൽ നിന്ന് 18-ലധികം ഉത്പന്നങ്ങൾ വിപണിയിലെത്തിച്ച് ശ്രദ്ധേയരാകുകയാണ് കാസര്‍ഗോഡുകാരായ ഈ ദമ്പതികൾ.
കവുങ്ങിന് നല്ല വിളവ് ലഭിക്കാൻ ഒക്ടോബറിൽ വളം നൽകണം
ഗൾഫിൽ ജോലി ചെയ്തിരുന്ന ദേവകുമാറും ഭാര്യ ശരണ്യയും നാട്ടിൽ എത്തി 2018-ൽ ആണ് വേറിട്ട സംരംഭം തുടങ്ങുന്നത്. പാളകൊണ്ടുള്ള പ്ലേറ്റുകളും മറ്റും വിപണിയിൽ പുതിയതല്ലെങ്കിലും ഇരുവരും ചേര്‍ന്ന് മികച്ച സാങ്കേതിക വിദ്യയിലെ മെഷീനുകൾ ഉപയോഗപ്പെടുത്തി ഈ രംഗത്ത് കൂടുതൽ ഉത്പന്നങ്ങൾ വിപണിയിൽ എത്തിച്ചു. പ്ലാസ്റ്റിക്കിന് ഉഗ്രൻ ബദൽ ആയതിനാലും ആരോഗ്യത്തിന് ഹാനികരമല്ലാത്തതിനാലും മികച്ച ഡിമാൻഡും ലഭിച്ചു.
പാള കൊണ്ടുള്ള ടേബിൾ വെയര്‍ ഉൽപ്പന്നങ്ങളിൽ പ്ലേറ്റുകളും ഗ്ലാസുകളും, സ്പൂണും എല്ലാം ഉണ്ട്. ഇപ്പോൾ ഭക്ഷണം പദാര്‍ത്ഥം പാക്ക് ചെയ്യുന്ന ബോക്സുകൾ ഉൾപ്പെടെ നിരവധി ഉൽപ്പന്നങ്ങൾ ആണ് ഇവര്‍ പാപ്ല എന്ന ബ്രാൻഡിൽ പുറത്തിറക്കുന്നത്. വിദേശ രാജ്യങ്ങളിലേക്കും കയറ്റുമതിയുണ്ട്.
കമുക് കര്‍ഷകരിൽ നിന്ന് പ്രാദേശികമായി പാളകൾ ശേഖരിച്ചാണ് സംരംഭം. കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ചാണ് എൻജിനിയര്‍മാരായ ദമ്പതികൾ ബിസിനസ് രംഗത്ത് എത്തുന്നത്. ബിസിനസ് വലിയ രീതിയിൽ തന്നെ വിപുലീകരിക്കുകയാണ് ലക്ഷ്യം. പണ്ട് ഗ്യാസ് മെഷീൻ ഉപയോഗിച്ചായിരുന്നു പാള ഉപയോഗിച്ചുള്ള ഉത്പന്നങ്ങൾ നിര്‍മിച്ചിരുന്നതെങ്കിൽ ഇവയിലെ പൂപ്പലും ഫംഗസ് ബാധയും ഒക്കെ തടയുന്ന അത്യാധുനിക മെഷിനറികൾ ഉപയോഗിച്ചാണ് ഇവര്‍ ഉത്പന്നങ്ങൾ നിര്‍മിക്കുന്നത്. ഏഴ് ജീവനക്കാരോളമുണ്ട്. തുടക്കം മുതൽ പ്ലാസ്റ്റിക്കിന് ബദലായ പാള ഉത്പന്നങ്ങൾക്ക് മികച്ച ഡിമാൻഡും ഉള്ളതിനാൽ ബിസിനസ് കൂടുതൽ വിപുലീകരിക്കുകയാണ് ലക്ഷ്യമെന്ന് ദേവകുമാര്‍ പറയുന്നു. ഇതിനായി നിക്ഷേപകരെ തേടുന്നുണ്ട്.
കാസര്‍ഗോഡുള്ള കര്‍ഷകരിൽ നിന്നാണ് കൂടുതൽ പാള ശേഖരിക്കുന്നത്. കര്‍ണാടകയിലെ ഷിമോഗയിൽ നിന്നുൾപ്പെടെ പാളകൾ എത്തുന്നുണ്ട്. കേരളത്തിൽ ഇപ്പോഴും കമുകിൻ പാളകളിൽ അധികവും പാഴായിപ്പോകുകയാണ്. കാസഗോഡും കമുക് കര്‍ഷകര്‍ ഉണ്ടെങ്കിലും മിക്ക ഇടത്തും ഇത് തന്നെ സ്ഥിതി. സംരംഭം വിപുലീകരിക്കുന്നതിലൂടെ കൂടുതൽ കമുകിൻ കര്‍ഷകരിൽ നിന്ന് പാളകൾ സ്വീകരിക്കാനും ഇവര്‍ക്ക് പദ്ധതിയുണ്ട്. ഉത്പന്നങ്ങളിൽ ഏറ്റവുമധികം ഡിമാൻഡുള്ളത് പ്ലേറ്റുകൾക്കാണ്. 10 ഇഞ്ച് സൈസിലെ പ്ലേറ്റുകൾക്കൊപ്പം കണ്ടെയ്നറുകളും ധാരാളം വിറ്റു പോകുന്നുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളിലും വിദേശ വിപണിയിലും പാപ്ല ഉത്പന്നങ്ങൾ എത്തുന്നു.