1. Cash Crops

കയ്യെത്തും ഉയരത്തില്‍ ഒരു കമുക്

ഒരാളുടെ ഉയരത്തില്‍ മാത്രം വളരുന്ന 'ഹീരെഹളളി ഡ്വാര്‍ഫ്' എന്ന കുളളന്‍ കമുക് ശ്രദ്ധേയമാണ്. ബാംഗ്ലൂരിനടുത്ത് ഹീരെഹളളി എന്ന ഗ്രാമത്തിലെ സാധാരണ നാടന്‍ ഇനം കമുകിന്റെ പ്രകൃതിദത്തമായ ഉല്‍പരിവര്‍ത്തനത്തിലൂടെ ഉണ്ടായ ഇനമാണിത്.

KJ Staff
Arecanut tree

ഒരാളുടെ ഉയരത്തില്‍ മാത്രം വളരുന്ന 'ഹീരെഹളളി ഡ്വാര്‍ഫ്' എന്ന കുളളന്‍ കമുക് ശ്രദ്ധേയമാണ്. ബാംഗ്ലൂരിനടുത്ത് ഹീരെഹളളി എന്ന ഗ്രാമത്തിലെ സാധാരണ നാടന്‍ ഇനം കമുകിന്റെ പ്രകൃതിദത്തമായ ഉല്‍പരിവര്‍ത്തനത്തിലൂടെ ഉണ്ടായ ഇനമാണിത്. 1963 - ല്‍ കണ്ടെത്തിയ ഈ കുളളന്‍ കമുകിനെ മറ്റിനങ്ങളില്‍ നിന്ന് വേഗം തിരിച്ചറിയാം. ഓലകള്‍ എല്ലാം കൂടി കൂട്ടമായിട്ടാണ് കമുകിന്‍ മണ്ടയില്‍ കാണുക. ഓലയുടെയും പാളയുടെയും നീളവും വീതിയും വളരെ കുറവ്. കടും പച്ച നിറത്തില്‍ അടുത്തടുത്ത് ഏറെക്കുറെ കുത്തനെ നില്‍ക്കുന്ന ഓലകളോടുകൂടിയ കമുകിന്‍ മണ്ടയില്‍ നീളം കുറഞ്ഞ് വീതിയുളള പൂങ്കുലകളും കൂടിയാകുമ്പോള്‍ കാണാന്‍ നല്ല ഭംഗിയാണ്. പൂക്കളുടെ സ്വഭാവവും മറ്റും നാടന്‍ ഇനത്തെപ്പോലെയാണ്. ഓലകള്‍ കൊഴിയുമ്പോള്‍ തടിയിലുണ്ടാകുന്ന പാടുകള്‍ വളരെ അടുത്തടുത്തായി കാണാം. പതിനഞ്ചു വര്‍ഷം പ്രായമായ ഒരു കുളളന്‍ കമുകിന്റെ ഉയരം ഏകദേശം 2 മീറ്റര്‍ മാത്രം. ഇങ്ങനെയുളള ലക്ഷണങ്ങള്‍ ഇവയെ മറ്റിനങ്ങളില്‍നിന്നു വേര്‍തിരിച്ചു കാണിക്കുന്നു.
നാടനിനങ്ങളെ അപേക്ഷിച്ച് കുളളന്‍ കമുകിന്റെ അടയ്ക്ക വളരെ ചെറുതാണ്. മാത്രമല്ല ഒരു കുലയില്‍ അടയ്ക്കയുടെ എണ്ണവും വളരെ കുറവ്. മഞ്ഞയോ ഓറഞ്ചു കലര്‍ന്ന ചുവപ്പു നിറമോ ഉളള അടയ്ക്ക ഉരുണ്ടതോ അണ്ഡാകൃതിയുളളതോ ആണ്. ദക്ഷിണ കന്നട ജില്ലയിലും മറ്റും കൃഷിചെയ്യുന്ന നാടന്‍ ഇനങ്ങളില്‍ ഒരു മരത്തില്‍നിന്ന് ഒരു വര്‍ഷം ശരാശരി 2 കി. ഗ്രാം കൊട്ടടയ്ക്ക കിട്ടുമ്പോള്‍ ഹീരെഹളളി ഡ്വാര്‍ഫിന്റെ ഉത്പാദനം കഷ്ടിച്ച് അര കി. ഗ്രാം കൊട്ടടയ്ക്കയാണ്. ലാഭകരമല്ലാത്തതുകൊണ്ട് കുളളന്‍ കമുകിന് വാണിജ്യാടിസ്ഥാനത്തില്‍ കൃഷിയില്ല.

പ്രകൃതിദത്തമായ പരാഗണത്തിലൂടെ കുളളന്‍ കമുകിലുണ്ടായ പഴുത്തു പാകമായ അടയ്ക്കാ പാകുകയാണെങ്കില്‍ ഏതാണ്ട് 55 - 64% കുറിയ ഇനം തൈകള്‍ കിട്ടും. ഉയരം കുറഞ്ഞ തൈകളില്‍ കടും പച്ച നിറത്തിലുളള കുറിയ കുഞ്ഞോലകള്‍ അടുത്തടുത്ത് വിന്യസിച്ചിരിക്കുന്നു. ഈ ലക്ഷണങ്ങള്‍ നോക്കി കുളളന്‍ തൈകളെ നഴ്‌സറിയില്‍ നിന്ന് തെരെഞ്ഞെടുക്കാം. പാര്‍ക്കിലും വീട്ടുമുറ്റത്തും സര്‍പ്പക്കാവുകള്‍ക്കു ചുറ്റും പല സ്ഥാപനങ്ങളുടെയും പൂന്തോട്ടങ്ങളിലും മറ്റും ഒരു അലങ്കാരവൃക്ഷമായി നട്ടുവളര്‍ത്താന്‍ യോജിച്ച ഇനമാണ് കുളളന്‍ കമുക്. കൃഷി ശാസ്ത്രജ്ഞന്മാര്‍ക്കും കമുകു കൃഷിക്കാര്‍ക്കും പ്രകൃതിദത്തമായി കിട്ടിയ വരദാനമാണ് ഹിരെഹളളി ഡ്വാര്‍ഫ്.

കുളളന്‍ കമുകും അത്യുല്‍പാദനശേഷിയുളള ഇനങ്ങളും തമ്മില്‍ കൃത്രിമ പരാഗണത്തിലൂടെ ഉത്പാദിപ്പിച്ച സസങ്കരയിനങ്ങള്‍ തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ (സി.പി.സി.ആര്‍.ഐ) വിറ്റല്‍ (കര്‍ണാടക) പ്രാദേശിക കേന്ദ്രത്തില്‍ നിന്ന് 2006 ല്‍ പുറത്തിറക്കി. ഈ കുളളന്‍ സങ്കരയിനങ്ങളില്‍ പ്രധാനം VTLAH - 1 (ഹീരഹളളി ഡ്വാര്‍ഫ് x സുമംഗള ), VTLAH- 2 (ഹീരെഹളളി ഡ്വാര്‍ഫ് x മോഹിത് നഗര്‍) എന്നിവയാണ്. വിളവിന്റെ കാര്യത്തില്‍, നാടനിനങ്ങളേക്കാള്‍ ഇവ കൂടുതല്‍ വിളവ് തരുന്നു. കുളളനിനത്തെപ്പോലെ പതിനഞ്ചു വര്‍ഷം പ്രായമാകുമ്പോഴും ഏകദേശം 2 മീറ്റര്‍ ഉയരമേ ഇവയ്ക്ക് ഉണ്ടായിരിക്കുകയുളളൂ. കുളളന്‍ ഇനത്തെപ്പോലെ, കുളളന്‍ സങ്കരയിനങ്ങളും 4 വര്‍ഷം പ്രായമാകുമ്പോള്‍ കായ്ക്കും. ചില പ്രധാന ഇനങ്ങളുടെ വിളവ് പട്ടികയില്‍ സങ്കരയിനങ്ങളുമായി താരതമ്യം ചെയ്തത് നോക്കുക. മരുന്നു തളി ഉള്‍പ്പെടെയുളള പരിപാലനമുറകള്‍ക്ക് കുളളന്‍ ഇനങ്ങള്‍ നടുന്നതാണു നല്ലത്.

ഇനം പഴുക്ക (കി. ഗ്രാം) കൊട്ടടയ്ക്ക (കി.ഗ്രാം)

മംഗള 7.75 3.0

സുമംഗള 9.67 3.28

ശ്രീ മംഗള 9.05 3.18

മോഹിത് നഗര്‍ 12.08 3.67

ഹീരെഹളളി ഡ്വാര്‍ഫ്
(കുളളന്‍) 1.14 0.454

VTLAH- 1
(ഹീരെഹളളി
ഡ്വാര്‍ഫ് x സുമംഗള) 9.14 2.55

VTLAH- 2
(ഹീരെഹളളി ഡ്വാര്‍ഫ് x
മോഹിത് നഗര്‍) 7.85 2.64


കൂടുതല്‍ വിവരങ്ങള്‍ക്ക് കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനം, വിട്ടല്‍ - 08255239238

 

 

 

English Summary: Dwarf Aracanut tree

Like this article?

Hey! I am KJ Staff. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds