Facebook, Instagram, Linkedin, WhatsApp, Telegram, Twitter, Blogs, YouTube, തുടങ്ങി സമൂഹ മാധ്യമങ്ങൾക്ക് നിരവധി സാധ്യതകളാണ് ഇപ്പോൾ ഉള്ളത്. പരമ്പരാഗത ബിസിനസ് മോഡലുകൾ ഉടച്ചു വാര്‍ത്ത് പുതിയ സാധ്യതകളെ കൂട്ടുപിടിച്ചാൽ ബിസിനസിൽ നിന്ന് മികച്ച ലാഭം നേടാം.
കൂടുതൽ ഉപഭോക്താക്കളുമായി നേരിട്ട് ആശയവിനിമയം നടത്താം
ടെക്സ്റ്റൈൽ ഷോപ്പോ, ഫൂഡ് ബിസിനസോ നിങ്ങളുടെ സംരംഭം എന്തുമാകട്ടെ. നല്ലൊരു വെബ്സൈറ്റ് തുടങ്ങാം. ഇനി വെബ്സൈറ്റ് ഇല്ലെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടിലൂടെ ഓഫറുകളും ഉത്പന്നങ്ങളുടെ സവിശേഷതയുമെല്ലാം പങ്കുവയ്ക്കാം. നല്ലൊരു ഫേസ്ബുക്ക് പേജോ, ഇൻസ്റ്റഗ്രാം അക്കൗണ്ടോ ഒക്കെ ഇതിനായി ഉപയോഗിക്കാം. നിലവിലെ ഉപഭോക്താക്കളെ നിലനിര്‍ത്താനും ഈ അക്കൗണ്ടുകൾ സഹായകരമാണ്.
പുതിയ ഓര്‍ഡറുകൾ ലഭിക്കാനും സമൂഹമാധ്യമ അക്കൗണ്ടുകൾ സഹായകരമാകും. അക്കൗണ്ട് ആകര്‍ഷകമാക്കാനും ലൈവ് ആയി നില നിര്‍ത്താനും അൽപ്പം ഒന്ന് മെനക്കെടണം എന്ന് മാത്രം. ഉപഭോക്താക്കളിൽ നിന്ന് നേരിട്ട് അഭിപ്രായങ്ങൾ അറിയാനും കൂടുതൽ വിപണിയും ഉത്പന്നങ്ങളും കണ്ടെത്താനും ഒക്കെ ഈ അക്കൗണ്ടുകൾ സഹായകരമാകും.
ഓൺലൈൻ ബിസിനസ് ശക്തമാക്കാം
ലോകം ഓൺലൈനിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഓൺലൈനിൽ സാന്നിധ്യം ശക്തമാക്കുന്നത് റീട്ടെയ്ൽ സ്റ്റോറിൽ നിന്നുള്ളതിനൊപ്പം ബിസിനസിൽ നിന്ന് അധിക വരുമാന നേടാൻ സഹായകരമാകും. ലോക്ക്ഡൗൺ കാലത്ത് പലവ്യഞ്ജനങ്ങളുടെ ഉൾപ്പെടെ ഓൺലൈൻ വിൽപ്പന കുതിച്ചുയര്‍ന്നിരുന്നു. ഓൺലൈനിൽ സാന്നിധ്യം ശക്തമാക്കാനും സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്യാൻ ഇതിൽ വൈദഗ്ധ്യമുള്ളവരെ വിനിയോഗിക്കാം.
ബിസിനസുമായി ബന്ധപ്പെട്ട മികച്ച കണ്ടൻറുകൾ, ഉത്പന്നങ്ങളുടെ ചിത്രങ്ങൾ എന്നിവയെല്ലാം ഉപഭോക്താക്കളിൽ എത്തിക്കാം. ഉപഭോക്താക്കളിൽ നിന്ന് ശേഖരിച്ച മെയിൽ ഐഡി, ഫോൺ നമ്പര്‍ എന്നിവ ബിസിനസ് പ്രമോഷനായി ഉപയോഗിക്കാം. ആകര്‍ഷകമായ ഓഫറുകളും ആനുകൂല്യങ്ങളും ഉപഭോക്താക്കളിൽ എത്തിക്കാം. വിപണിയെക്കുറിച്ച് പഠിക്കുന്നതിനും വിപണന ചെലവ് കുറയ്ക്കുന്നതിനും ഒക്കെ ഓൺലൈൻ സാന്നിധ്യം സഹാകരമാകും.
ഉപഭോക്തൃ നെറ്റ്‌വർക്കുകളിലൂടെ ബിസിനസിന് ശക്തമായ അടിത്തറ ഉണ്ടാക്കുന്നതും ബിസിനസ് വളരാൻ സഹായകരമാകും. ബ്രാൻഡ് വളര്‍ത്താൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കാം.