മനുഷ്യൻമാരുള്ള എല്ലാ സ്ഥലങ്ങളിലും മൂട്ട വരാനുള്ള സാധ്യതയുണ്ട്. മനുഷ്യരക്തം തന്നെയാണ് ഇവയുടെ പ്രധാന ഭക്ഷണം. ട്രെയിനിലോ അല്ലെങ്കിൽ മൂട്ടയുള്ള മറ്റു ഇടങ്ങളിൽ പോയി ഇരുന്നാൽ അവ നമ്മുടെ വസ്ത്രങ്ങളിലൂടെ നമ്മുടെ വീട്ടിലും കയറിക്കൂടാൻ എളുപ്പമാണ്. പെറ്റുപെരുകാനും എളുപ്പമാണ്.
മറ്റുള്ള പ്രാണികളിൽ നിന്ന് വിരുദ്ധമായി മൂട്ടകൾ വിശേഷിച്ചൊരു രോഗവും പരത്തുന്നില്ല എന്നതുകൊണ്ടു തന്നെ മൂട്ടകളെ ഉന്മൂലനാശനം ചെയ്യാനുള്ള റിസർച്ചൊന്നും അധികമാരും നടത്തിയിട്ടില്ല. അത് കാർഷിക വിളകളെ ബാധിക്കാത്തതുകൊണ്ട് കീടനാശിനി കമ്പനികളും മൂട്ടക്കുവേണ്ടി എന്നപേരിൽ അധികം ഉൽപ്പന്നങ്ങളുണ്ടാക്കിയിട്ടില്ല. അതേ സമയം മൂട്ടകടി എന്നത് തൊലിപ്പുറത്ത് ചൊറിച്ചിലും, തടിച്ചിലും, അലർജിയും ഒക്കെ ഉണ്ടാക്കുന്ന വളരെയധികം ശല്യങ്ങളുള്ള ഒരു പ്രശ്നം തന്നെയാണുതാനും.
ബന്ധപ്പെട്ട വാർത്തകൾ: പോത്തിന് ചെള്ള്, മൂട്ട, പേൻ, ചാഴി ഒരു പ്രശ്നമാണോ ഇതാ ഒരു ഉത്തമ മരുന്ന്.
മനുഷ്യനെ ഒന്നു കടിക്കാൻ പുറത്തിറങ്ങുന്ന സമയത്തൊഴിച്ച് ബാക്കി എല്ലാ സമയത്തും മൂട്ടകൾ ഒളിവിലായിരിക്കും എന്നതാണ് മൂട്ടകളുടെ ഒരു പ്രത്യേകത. കിടക്കയുടെ ഉള്ളിലും, കട്ടിലിലെ മരത്തിൻറെയും പ്ലൈവുഡിൻറെയും വിള്ളലുകളിലും ഒക്കെ അവയ്ക്ക് ആഴ്ചകളോളം ഭക്ഷണമോ വെള്ളമോ ഇല്ലാതെ കഴിച്ചുകൂട്ടാനാകും. അതിനാൽ നമ്മൾ കൊല്ലാൻ വേണ്ടി പ്രയോഗിക്കുന്ന കെമിക്കൽ ഈ മൂട്ടയുടെ ദേഹത്ത് ഏൽപ്പിക്കുക എന്നത് വളരെ ബുദ്ധിമുട്ടുള്ള ജോലിയാണ്.
മൂട്ടശല്യം തിരിച്ചറിയാനുള്ള വഴികൾ
ഇവ നമ്മുടെ ശരീരത്തിൽ കടിച്ച ശേഷം തൊലിപ്പുറത്ത് അനുഭവപ്പെടുന്ന ചൊറിച്ചിൽ മാത്രമാണ് മൂട്ടകടിച്ചാലുണ്ടാകുന്ന ഒരേയൊരു ലക്ഷണം. നമ്മളെ മൂട്ടകൾ കടിക്കുമ്പോൾ ഉണ്ടാകുന്ന ചൊറിച്ചിൽ തന്നെയാണ് നമ്മുടെ വീട്ടിൽ മൂട്ടശല്യമുണ്ട് എന്നാണതിൻറെ പ്രഥമലക്ഷണം.
ബന്ധപ്പെട്ട വാർത്തകൾ: പുകയില കഷായം വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാം
വെളുത്ത ഷീറ്റുകളിൽ ചിലപ്പോൾ ഇവയെ നമുക്ക് കാണാനുമാകും. മനുഷ്യരെപ്പോലെ മൂട്ടകൾക്കും ഇടക്കൊക്കെ ഒന്നു വിസർജ്ജിക്കേണ്ടതുണ്ട്. കറുത്ത നിറത്തിലുള്ള മൂട്ടകളുടെ വിസർജ്യവും ഇവയുടെ സാന്നിധ്യത്തിന്റെ തെളിവുകളാണ്. മൂട്ടകൾ നിങ്ങളുടെ കിടക്കയിൽ ധാരാളമുണ്ടെങ്കിൽ ഒരു പ്രത്യേകതരത്തിലുള്ള ദുർഗന്ധം കിടക്കയിൽ നിന്ന് പുറപ്പെടുകയും ചെയ്യും. ഒരു പറ്റം മൂട്ടകൾ ഒന്നിച്ച് അവയുടെ ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്ന അലാം ഫെറോമോണുകൾ എന്നറിയപ്പെടുന്ന കെമിക്കലുകൾ പുറത്തുവിടുമ്പോഴാണ് ഈ ഗന്ധം മനുഷ്യർക്ക് അനുഭവപ്പെടുക.
ഇടയ്ക്കിടെ പുറം തൊലി പൊഴിക്കുന്ന പതിവും മൂട്ടകൾക്കുണ്ട്. അവയുടെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ 'എക്സോ സ്കെലിറ്റനു'കൾ എന്നറിയപ്പെടുന്ന ഈ പുറംതൊലി അവ പൊഴിച്ചിടും. തലവെക്കുന്ന ഭാഗത്ത് ഇവയുടെ സാന്നിധ്യമുണ്ടോ എന്ന് പരിശോധിച്ചാലും നമുക്ക് മൂട്ടകളുടെ സാന്നിധ്യം തിരിച്ചറിയാനാകും.
ബന്ധപ്പെട്ട വാർത്തകൾ: എരിക്കിന് ചില ഔഷധപ്രയോഗങ്ങൾ കൂടിയുണ്ട്..
മൂട്ടശല്യം എങ്ങനെ ഒഴിവാക്കാം?
മുറി നല്ലപോലെ വൃത്തിയാക്കുക എന്നതാണ് ഒരു വഴി. വൃത്തികേടായി കിടക്കുന്നിടങ്ങളിലാണ് സാധാരണ മൂട്ടകൾ വരിക. വാക്വം ക്ലീനർ ഉപയോഗിച്ചാലും മൂട്ടകൾ പോയിക്കിട്ടും. കിടക്കയിലെ വിരിപ്പുകൾ മാറ്റി പുതിയ വിരിപ്പുകൾ വിരിക്കുക. കിടക്കകൾ വെയിലത്ത് കൊണ്ടിട്ട് നല്ല പോലെ ചൂടാക്കിയാൽ കിടക്കയിൽ കേറിക്കൂടിയ മൂട്ടകൾ ഇറങ്ങിപ്പൊയ്‌ക്കോളും
പലവട്ടം പ്രയോഗിച്ച് പല പെസ്റ്റ് കൺട്രോൾ കെമിക്കൽസിനോടും ഇപ്പോൾ മൂട്ടകൾക്ക് റെസിസ്റ്റൻസ് ഉണ്ട്. മൂട്ടകൾക്ക് റെസിസ്റ്റൻസ് കിട്ടുന്നതിനനുസരിച്ച് കടുപ്പം കൂട്ടിക്കൂട്ടി ഇപ്പോൾ 'മൂട്ടകളെ കൊല്ലും' എന്ന് ഉറപ്പിച്ചു പറയുന്ന പല കെമിക്കലുകളും വളരെയധികം വിഷാംശമുള്ളതായതിനാൽ ബെഡ്റൂമിലും മറ്റും പ്രയോഗിക്കുന്നത് ഏറെ അപകടകരമായ ഒരു തെരഞ്ഞടുപ്പാണ്. കഴിവതും കെമിക്കൽസ് ഒഴിവാക്കുന്നതുതന്നെയാകും നല്ലത്.
പരിസ്ഥിതിയും ജീവിതശൈലിയും എന്ന വിഭാഗത്തിൽ കൂടുതൽ വായിക്കാൻ, malayalam.krishijagran.com എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്‌ത് 'Environment & Lifestyle'ൽ ക്ലിക്ക് ചെയ്യുക. ഞങ്ങളുടെ വായനക്കാരുമായി പങ്കിടാൻ ആഗ്രഹിക്കുന്ന ഇത്തരത്തിലുള്ള വിവരങ്ങൾ അറിയാമെങ്കിൽ, അത് malayalam@krishijagran.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക.