1. Vegetables

അകത്തി കൃഷിയിൽ മികച്ച വിളവിന് നൂതന മാർഗങ്ങൾ

അഗസ്ത്യമുനിക്ക് പ്രിയമുള്ള സസ്യമായതിനാൽ അഗസ്തി എന്നും മുനിദ്രുമം എന്നും അറിയപ്പെടുന്നു. വളരേ വേഗം വളരുന്ന മരമായ അകത്തി രുദ്രമന്ദാരം എന്നും അറിയപ്പെടുന്നു. ജന്മദേശം ഇന്തോനേഷ്യയാണെന്ന് കരുതുന്നു. 5-6 വർഷം ആയുസ്സുള്ള ഈ മരം ദക്ഷിണേന്ത്യയിലും ഗുജറാത്ത് പോലുള്ള വരണ്ട സംസ്ഥാനങ്ങളിലും കൃഷിചെയ്യുന്നു. പൂവിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും ചുവന്ന അകത്തിയും വെള്ള അകത്തിയും രണ്ടിനങ്ങളായി കണ്ടുവരുന്നു. സൂര്യപ്രകാശം കൂടുതലുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അമേരിക്ക എന്നിവിടങ്ങളിൽ സമൃദ്ധമായി കൃഷിചെയ്തുവരുന്നു.

Arun T

അഗസ്ത്യമുനിക്ക് പ്രിയമുള്ള സസ്യമായതിനാൽ അഗസ്തി എന്നും മുനിദ്രുമം എന്നും അറിയപ്പെടുന്നു. വളരേ വേഗം വളരുന്ന മരമായ അകത്തി രുദ്രമന്ദാരം എന്നും അറിയപ്പെടുന്നു. ജന്മദേശം ഇന്തോനേഷ്യയാണെന്ന് കരുതുന്നു. 5-6 വർഷം ആയുസ്സുള്ള ഈ മരം ദക്ഷിണേന്ത്യയിലും ഗുജറാത്ത് പോലുള്ള വരണ്ട സംസ്ഥാനങ്ങളിലും കൃഷിചെയ്യുന്നു. പൂവിന്റെ നിറത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമായും ചുവന്ന അകത്തിയും വെള്ള അകത്തിയും രണ്ടിനങ്ങളായി കണ്ടുവരുന്നു. സൂര്യപ്രകാശം കൂടുതലുള്ള സ്ഥലങ്ങളിൽ നന്നായി വളരുന്നു. ഇന്ത്യ, ശ്രീലങ്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, അമേരിക്ക എന്നിവിടങ്ങളിൽ സമൃദ്ധമായി കൃഷിചെയ്തുവരുന്നു. വിവിധ ഇനങ്ങൾ പാതവക്കിൽ തണൽ-അലങ്കാര വൃക്ഷമായും വളർത്തിവരുന്നു. നെൽപാടങ്ങളിൽ വരമ്പിൽ നട്ടു അധിക താപം കുറയ്ക്കാനും ഉപയോഗിച്ചുവരുന്നു.

സസ്യ വിശേഷങ്ങൾ :

ഔഷധ പ്രാധാന്യമുള്ള പയറുവർഗ്ഗ സസ്യമാണ് അകത്തി. ഏകദേശം 5-9  മീറ്റർ വരെ നീളമുള്ളതും ശാഖോപശാഖകളോട് കൂടി  കാണപ്പെടുന്നതുമായ 5-6 വർഷം ആയുസ്സുള്ള ബഹുവർഷി സസ്യമാണ് അകത്തി. ഇലയും പൂവും ആഹരമായി ഉപയോഗിക്കപ്പെടുന്ന വൃക്ഷം.

ഉപയോഗങ്ങൾ :

ഇല:

ഇലക്കറിയായി ഉപയോഗപ്പെടുത്താവുന്ന സസ്യമാണ് അകത്തി. മൂത്രവിസർജ്ജനം ത്വരിതപ്പെടുത്തുന്നതിനും, വിരേചനത്തിനും ഔഷധമായി ഉപയോഗിക്കുന്നു. വായയ്ക്കും, തൊണ്ടയ്ക്കും പൊട്ടലുണ്ടാകുമ്പോൾ രോഗാണുനാശിനിയായും ഉപയോഗിക്കുന്നു.

പൂവ് :

അകത്തിപ്പൂവ് അഹാരമായി ഉപയോഗിക്കുന്നു. കറികളിലും സലാഡുകളിലും ഉപയോഗിക്കാറുണ്ട്. ഔഷധാവശ്യങ്ങൾക്ക് പൂവ് ഉപയോഗിക്കാറുണ്ട്.

കാണ്ഡം:

അകത്തി കാണ്ഡം പൾപ്പിന് ഉപയോഗിക്കുന്നു. ആയുർവേദ- സിദ്ധ വൈദ്യങ്ങളിൽ ഉപയോഗിക്കുന്നു.

വിത്ത്:

അകത്തിയുടെ മുളപ്പിച്ചവിത്തിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

വേര്:

അകത്തിവേര് ആയുർവേദ ചികിത്സയ്ക്ക് ഉപയോഗിക്കുന്നു.

ആയുർവേദ ഉപയോഗങ്ങൾ

പിത്തം, കഫം എന്നിവ ശമിപ്പിക്കും. പീനസം, ജ്വരം, തലവേദന എന്നിവ അകറ്റാൻ അകത്തി അത്യുത്തമം.

അകത്തിപ്പൂക്കൾ തലവേദന, കാഴ്ച്ചക്കുറവ്, പീനസം, കഫം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു.

അകത്തിക്കായ്കൾ പനി, വേദന, ചുമ, വിളർച്ച, മുഴകൾ, സന്ധിവേദന, എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നതോടൊപ്പം വിഷ ചികിത്സയ്ക്കും ഉപയോഗിക്കുന്നു.

അകത്തി മരത്തൊലി ടോണിക് നിർമ്മാണത്തിനും വയറിളക്കം, മണ്ണൻ എന്നിവയ്ക്ക് ഔഷധമായും ഉപയോഗിക്കുന്നു.

വേരുകൾ സന്ധിവേദന, കഫം, വേദനയോടുള്ള പൊള്ളലുകൾ, കാഴ്ച്ചക്കുറവ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്നു.

വിവിധ ഇനങ്ങൾ :

പൂവിന്റെ നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഇനങ്ങൾ തിരിച്ചിരിക്കുന്നത്. മരത്തിന്റെ ഇല, തടി, വളർച്ച എന്നിവയിൽ സാധാരണ വ്യത്യാസങ്ങൾ കാണാറില്ല. സാധാരണയായി രണ്ട് തരത്തിലുള്ള അകത്തിയാണ് കൂടുതൽ കണ്ടുവരുന്നത്. വെള്ള നിറത്തിലും ചുവപ്പ് നിറത്തിലുമാണുള്ളത്. ഇവ കൂടാതെ രണ്ടിനങ്ങൾകൂ‍ടിയുണ്ട്.

വെള്ള അകത്തി:

സാധാരണ അടുക്കളത്തോട്ടത്തിൽ വളർത്തിയെടുക്കുന്ന ഇനമാണ്. വെള്ള പൂക്കളാണുള്ളത്. പൂക്കാലത്ത് ധാരാളം പൂവുണ്ടാകും.ഇലകൾക്കും നട്ടുവളർത്താറുണ്ട്. തമിഴ്നാട്ടിൽ കൃഷിയിടങ്ങളിൽ പ്രത്യേകിച്ച് നെൽ വയലുകളിൽ തണൽ മരമായി വരമ്പുകളിൽ നടാറുണ്ട്. കമ്പോളങ്ങളിൽ വെള്ള അകത്തിപ്പൂക്കൾക്ക് വിപണി മൂല്യം കൂടുതലാണ്.

ചുവപ്പ് അകത്തി:

നാട്ടിൻപുറങ്ങളിൽ കാണുന്ന മറ്റൊരിനമാണ് ചുവന്ന അകത്തി. പൂവിന് ചുവപ്പ് നിറമാണുള്ളത്. വെള്ള കലർന്ന ചുവപ്പ് പൂക്കളും ചിലപ്പോൾ കാണാറുണ്ട്. ചെടിത്തോട്ടങ്ങളിൽ അലങ്കാര പുഷ്പവൃക്ഷമായും ഈ ഇനത്തെ വളർത്താറുണ്ട്. അടുക്കള തോട്ടത്തിൽ പൂവിനും ഇലയ്ക്കുമായും കൃഷിചെയ്തുവരുന്നു.

മഞ്ഞ അകത്തി:

അപൂർവ്വമായി കണ്ടുവരുന്ന ഇനമാണിത്. പൂക്കൾക്ക് മഞ്ഞ നിറമാണുള്ളത്. മഞ്ഞ മന്ദാര പൂക്കളേപ്പോലെ ആകർഷകവുമാണ്. ചെടിത്തോട്ടങ്ങളിൽ അലങ്കാര പുഷ്പവൃക്ഷമായും ഈ ഇനത്തെ വളർത്താറുണ്ട്.

നീല അകത്തി:

അപൂർവ്വമായി കണ്ടുവരുന്ന മറ്റൊരിനം അകത്തിയാണ് നീല അകത്തി. പൂക്കൾക്ക് നീല നിറമാണുള്ളത്. ചെടിത്തോട്ടങ്ങളിൽ അലങ്കാര പുഷ്പവൃക്ഷമായും ഈ ഇനത്തെ വളർത്താറുണ്ട്.

പരാഗണവും വിതരണവും :

തേനീച്ച, കാറ്റ് എന്നിവയുടെ സഹായത്താലും, സ്വപരാഗണത്താലും പരാഗണം നടക്കുന്നു.

സ്വഭാവികമായ വിതരണം കൂടാതെ പക്ഷികൾ, വാവലുകൾ, എലി, അണ്ണാൻ എന്നിവ മുഖേനെയും വിത്തുവിതരണം നടക്കുന്നു.

ഉത്പാദനവും വളപ്രയോഗവും :

വിത്ത് / വിത്ത് തൈതെരഞ്ഞെടുക്കൽ:

കായ്ക്കുള്ളിലാണ് വിത്തുകൾ കാണുന്നത്. ഒരു കായിൽ 17-20 വിത്തുകൾ. അവയിൽ പലതിനും പുനരുത്ഭവ ശേഷി കുറവാണ്. മുഴുപ്പുള്ള വിത്ത് നട്ടാണ് പുതിയ തൈകൾ ഉണ്ടാക്കുന്നത്. വിത്തുകൾ നടുന്നതിന് മുൻപുള്ള ഒരു രാത്രി തണുത്ത വെള്ളത്തിൽ കുതിർത്ത് വയ്ക്കണം. ചെറിയ പോളിത്തീൻ കവറുകളിൽ മണ്ണും ഇലപ്പൊടിയും ചാണകവും മണലും തുല്യ അളവിൽ കലർത്തി വെയിൽ മാഞ്ഞ ശേഷം വൈകിട്ട് വിത്ത് നടാവുന്നതാണ്. നനവുള്ളതിനാൽ ഉടൻ മുളപൊട്ടുകയും വളരുകയും ചെയ്യും, ചൂടുകാലത്ത് രണ്ട് നേരം നനയ്ക്കണം.

മണ്ണൊരുക്കലും, നടീൽ രീതിയും:

ഒക്ടോബർ-ജനുവരി മാസങ്ങളിലാണ് നിലമൊരുക്കാൻ പറ്റിയ സമയം. നിലമൊരുക്കിയ ശേഷം ഏതുകാലത്തും തൈ നടാമെങ്കിലും മേയ്- ജൂൺ മാസങ്ങളിലാണ് തൈകൾ നടുന്നതാണുത്തമം. 40 സെ. മീ. നീളം, 40 സെ. മീ. വീതി, 40 സെ. മീ. താഴ്ച ഉള്ള കുഴിയുടെ മധ്യഭാഗത്ത് ചരിയാതേയും, കവർ നീക്കുമ്പോൾ വേരിന് ക്ഷതം തട്ടാതേയും വേണം തൈകൾ നടേണ്ടത്. തൈ കുഴിയിൽ വച്ചശേഷം മേൽമണ്ണ്, ഇലപ്പൊടി, ചാണകം/കമ്പോസ്റ്റ് എന്നിവ തുല്യ അളവിൽ കുഴി നിറയ്ക്കണം. കാറ്റിൽ തൈകൾക്ക് ഉലച്ചിലുണ്ടാകാതിരിക്കാൻ താങ്ങ് കമ്പ് പിടിപ്പിക്കുകയും വേണം. തൈകൾക്ക് വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ കുറച്ച് ദിവസം തണൽ നൽകുന്നതും നന്ന്. വ്യാവസായികാടിസ്ഥാനത്തിൽ കൃഷി ചെയ്യുമ്പോൾ 2-3 മീറ്റർ അകലത്തിലാണ് അകത്തി നടേണ്ടത്.

ആദ്യ വർഷങ്ങളിൽ ശ്രദ്ധയും പരിചരണവും കൂടുതൽ ആവശ്യമാണ്. ഇക്കാലത്ത് കീടബാധ, കൊമ്പുണക്കം, അമിതമായ ചൂട്, ക്ഷതങ്ങൾ എന്നിവ ഉണ്ടായാൽ തൈകൾ നശിച്ചുപോകാൻ സാധ്യത കൂടുതലാണ്. കന്നുകാലികൾക്ക് നല്ല ഭക്ഷണമായതിനാൽ അവയുടെ ആക്രമണത്തിൽ നിന്നും ഒഴിവാക്കുകയും വേണം.

വളപ്രയോഗം, ജലസേചനം:

പയറുവർഗ സസ്യമായതിനാൽ സാധാരണ നിലയിൽ വേരുകളിൽ കാണുന്ന ബാക്ടീരിയകളുടെ സഹായത്താൽ വളം നിർമ്മിക്കാറുണ്ട്. ചുവടുമാറി വൃത്താകൃതിയിലുള്ള  കുഴിയെടുത്ത് അതിൽ ചാണകപ്പൊടി, ഇലപ്പൊടി, വേപ്പിൻ പിണ്ണാക്ക് എന്നിവ ചേർത്ത് കുഴി നിറയ്ക്കണം.

ചൂട് കൂടിയ ദിവസങ്ങളിൽ ദിവസത്തിലൊരിക്കൽ വീതം ചെറിയ അകത്തിത്തൈകൾക്ക് നനയ്ക്കേണ്ടതുണ്ട്. മൺസൂൺ മഴയ്ക്ക്ശേഷം ആവശ്യമെങ്കിൽ നനയ്ക്കാവുന്നതാണ്.

വിളവ് ലഭ്യത:

ആദ്യ വർഷം പൂവും ഇലകളും കുറവായിരിക്കുകയും പരിചരണം കൂടുതലായിരിക്കുകയും ചെയ്യും. എന്നാൽ ഇലകൾക്ക് വലുപ്പം അൽപ്പം കൂടുതലുമായിരിക്കും. ഒറ്റശാഖയായി വളരുകയും ചെയ്യും. രണ്ടാംവർഷം വശങ്ങളിൽ ശാ‍ഖകൾ പ്രത്യക്ഷപ്പെടുകയും കാണ്ഡം വണ്ണിക്കാൻ തുടങ്ങുകയും ചെയ്യും. മുഖ്യ മുകുളം ശ്രദ്ധാപൂർവം നുള്ളിയാൽ ശാഖാ മുകുളങ്ങൾ കരുത്തോടെ വളരുകയും വിളവ് കൂടുകയും ചെയ്യും. ഇക്കാലയളവിൽ പൂവിന്റെയും ഇലകളുടേയും എണ്ണത്തിൽ വർദ്ധനവ് ഉണ്ടാവുകയും ചെയ്യുന്നു.

രോഗങ്ങളും രോഗ നിവാരണവും :

രോഗം: ഇലപ്പൊട്ട് രോഗം (Gray leaf spot- Pseudocercospora sesbaniae)

ലക്ഷണം:ആദ്യകാലത്ത് വെള്ള നിറത്തിലും പിന്നീട് പാ‍ടുകൾ ഇലയുടെ നടുവിലും അരികുലുമാ‍യും കാണുന്നു. പിന്നീട് ഇല കൊഴിയുകയോ ചീയുകയോ ചെയ്യും.

പ്രതിവിധി:ഗന്ധകപ്പൊടി വെള്ളത്തിൽ കലക്കി സ്പ്രേ ചെയ്ത്  രോഗ നിവാരണം നടത്താം.

രോഗം: മൊസൈക് രോഗം (Mosaic virus)

ലക്ഷണം:വെള്ളീച്ച എന്ന കീടമാണ് രോഗവാഹി. ഇവ പരത്തുന്ന മൊസൈക് വൈറസ് ആക്രമണത്താൽ ചെടികളുടെ ഇലഞരമ്പുകളുടെ പച്ചപ്പ് നഷ്ടപ്പെട്ട് മഞ്ഞ നിറമാകുന്നു. ഇലകൊഴിയുകയും പിന്നീടുള്ളവ വളർച്ച മുരടിക്കുകയും ചെയ്യുന്നു.

പ്രതിവിധി:മൊസൈക് ബാധിച്ച ചെടികൾ വേരേടെ നശിപ്പിക്കലാണ് ഏറ്റവും നല്ല മാർഗ്ഗം. രോഗം വരാതിരിയ്ക്കാൻ വേപ്പെണ്ണ എമൽഷൻ അടക്കമുള്ള കീടനാശിനികൾ പ്രയോഗിക്കാവുന്നതാണ്. വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം  എന്നിവയുടെ പ്രയോഗത്താൽ വെള്ളീച്ചയെ തുരത്താവുന്നതാണ്.

കീടങ്ങളും കീട നിവാരണവും :

കീടം: ഇലതീനിപ്പുഴു(Leef feeder)

ലക്ഷണം: ഇളം ഇലകളിൽ കാണുന്ന പുഴുവാണ്. പച്ച, മഞ്ഞ, ബ്രൌൺ നിറങ്ങളിൽ കാണുന്നു. കൂട്ടമായെത്തുന്ന ഇവ ഇളം ഇലകൾ തിന്നു നശിപ്പിക്കുന്നു.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല- കൊങ്ങിണി പ്രയോഗങ്ങൾ, പുകയിലക്കഷായം,  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. കൊങ്ങിണിച്ചെടി സമൂലം ചതച്ച് പിഴിഞ്ഞ് അഞ്ചിരട്ടി വെള്ളം ചേർത്ത് തളിച്ചും ഇവയെ നശിപ്പിക്കാവുന്നതാണ്. പുകയില കഷായം കീടനിയന്ത്രണത്തിന് അത്യുത്തമമാണ്. 0.1% കാർബാറിൻ 1 ലിറ്റർ വെള്ളം ചേർത്ത് സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

കീടം: ഇലച്ചാടി

ലക്ഷണം: പുൽച്ചാടി വർഗ്ഗത്തിൽപ്പെട്ട ഇവ ഇളം ഇലകൾ കരണ്ട് തിന്നു ൻഅശിപ്പിക്കാറുണ്ട്. ഇലതീനിപ്പുഴുക്കളേപ്പോലെ കൂട്ടമായി ആക്രമിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ മറ്റു രോഗങ്ങളുടെ രോഗവാഹികളാകാറുമുണ്ട്.

നിവാരണം: ജൈവ കീടനാശിനിയായ പെരുവല പ്രയോഗം, വെളുത്തുള്ളി-മുളക് പ്രയോഗം എന്നിവ  പ്രയോജനപ്പെടുത്താവുന്നതാണ്. ഇരുപത് ഗ്രാം പെരുവല ഇല, പൂവ് എന്നിവ ഉൾപ്പടെ ഒരു ലിറ്റർ വെള്ളത്തിൽ താഴ്തി ഒരാഴ്ച അടച്ച് അഴുക്കിയശേഷം അരിച്ച് നേർപ്പിച്ച് ഉപയോഗിക്കാം. 100 ഗ്രാം വെളുത്തുള്ളി, 100 ഗ്രാം മുളക് 100 ഗ്രാം ഇഞ്ചി എന്നിവ വെള്ളത്തിൽ കുതുർത്ത് അരച്ചശേഷം അരിച്ച് ആവശ്യാനുസരണം നേർപ്പിച്ച് ഉപയോഗിക്കാം.  0.1% കാർബാറിൻ, 0.05% ഡൈമെത്തയേറ്റ് എന്നിവ സ്പ്രേ ചെയ്ത് ഇവയെ നശിപ്പിക്കാം.

കീടം: ഇലപ്പുഴു (Leaf Webber)

ലക്ഷണം:സസ്യങ്ങൾ അവയുടെ രൂപപ്രകൃതിക്ക് / സ്വാഭാവിക സവിശേഷതകൾക്ക് മാറ്റം വരുന്നതാണ് ലക്ഷണം. ഇലചുരുളൽ, നിറം മാ‍റ്റം, എന്നിവയും ഇലകൾ ചുരുട്ടി വലവയ്ക്കൽ ഇവയൊക്കെ പ്രധാന ലക്ഷണങ്ങളാണ്.

പ്രതിവിധി:ചെറിയ സസ്യങ്ങളിലാണെങ്കിൽ കണ്ടെത്തി നശിപ്പിക്കൽ, കൃത്രിമമോ (ഉദാ: ബോർഡോ മിശ്രിതം) , പ്രകൃത്യാലുള്ളതോ (ഉദാ: വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം)  ആയ കീടനാശിനി പ്രയോഗമോ നടത്തി രോഗ നിവാരണം നടത്താം.

കീടം: തണ്ടുതുരപ്പൻ പുഴു (Stem borer- Azygophleps scalaris)

ലക്ഷണം: കാണ്ഡഭാഗത്ത് സുഷിരങ്ങൽ കാണുന്നു. ഈ സുഷിരങ്ങൾ വഴി അകത്തു കടന്ന് ഉൾഭാഗം ഭക്ഷിക്കുന്നു. സുഷിരങ്ങളിലൂടെ വിസർജ്യം പുറത്തേക്ക് ഒഴുകുന്നതും ഇതിന്റെ സന്നിദ്ധ്യം ഉറപ്പിക്കാം. ഇലചുരുളൽ, നിറം മാറ്റം, തണ്ട് ചീയൽ എന്നിവ ഇതിന്റെ പ്രധാന ലക്ഷണങ്ങളാണ്.

നിവാരണം: 125 മി. ലിറ്റർ ക്രൂഡ് കാർബോളിക്കാ‍സിഡ്, 1 കി. ഗ്രാം അലക്ക് സോപ്പ് എന്നിവ 3.5 മി. ലിറ്റർ ചൂടുവെള്ളം ചേർത്ത് കുഴമ്പാക്കി ദ്വാരത്തിലടച്ചോ, ദ്വാരം വലുതാക്കി അലൂമിനിയം ഫോസ്ഫൈഡ് ഗുളിക നിക്ഷേപിച്ചോ ദ്വാരങ്ങളിൽ മണ്ണെണ്ണ ഒഴിച്ചോ ഇവയെ നശിപ്പിക്കാം. മരുന്ന് പ്രയോഗിച്ചശേഷം മണ്ണുപയോഗിച്ച് ദ്വാരം അടയ്ക്കാവുന്നതാണ്.

കീടം: വിത്ത് തീനി കടന്നൽ (Seed Chalcid- Bruchophagus mellipes)

ലക്ഷണം: പാകമാകാത്ത കാ‍യകളിലെ വിത്തു തിന്നുന്ന ചെറിയ കടന്നൽ വിഭാഗമാ‍ണ് വിത്ത് തീനി കടന്നൽ. കായ്കൾ വിളയുമ്പോൾ ആകൃതിയില്ലാതാവുകയും വിത്തുകളിൽ സുഷിരം കാണുകയും ചെയ്യുന്നു. ഇത്തരം വിത്തുകൾക്ക് പുനരുത്ഭവ ശേഷി കുറവായിരിക്കും,

നിവാരണം: പൂക്കാലം കഴിയുമ്പോൾ ഇവയുടെ സാന്നിദ്യം ശ്രദ്ധയിൽപ്പെട്ടാൽ; കൃത്രിമമോ (ഉദാ: ബോർഡോ മിശ്രിതം), പ്രകൃത്യാലുള്ളതോ (ഉദാ: വേപ്പിൻ കായ മിശ്രിതം, പെരുവല മിശ്രിതം, വെളുത്തുള്ളി - മുളകു പ്രയോഗം)  ആയ കീടനാശിനി പ്രയോഗമോ നടത്തി രോഗ നിവാരണം നടത്താം.

കീടം: നിമാ വിര (Root-knot nematode- Melodogyne incognita)

ലക്ഷണം:  വേരുകളിൽ കറുത്ത പുള്ളികൾ കാണുന്നതാണ് ലക്ഷണം. വേരുകളിൽ നിമാ വിരകൾ മുട്ടയിട്ട് പെരുകുകയും അവയുടെ ലാർവ്വ വേര് തിന്നുനശിപ്പിക്കുകയും ചെയ്യുന്നു. ഇത്തരം അകത്തികളിലെ വേരുകൾ പൂർണ്ണമായും നശിക്കുന്നതിനാൽ ഇല, പൂവ്, കായ് എന്നിവ കാര്യമായി കുറയുകയും ജലവും വളവും വലിച്ചെടുക്കാതിരിക്കുകയും ചെയ്യുന്നതാണ് ലക്ഷണം. ബാഹ്യമായ ലക്ഷണങ്ങളൊന്നും കാണിക്കാറില്ല.

നിവാരണം: കാർബോ ഫ്യൂറാൻ അല്ലെങ്കിൽ ഫോറേറ്റ് 10 ഗ്രാം വീതം വേപ്പിൻ പിണ്ണാക്കിനോടൊപ്പം അകത്തി നടുന്നതിനുമുൻപ് മണ്ണിൽ ഇളക്കി കിളയ്ക്കുന്നത് നിമാവിരയെ നശിപ്പിക്കാൻ കഴിയും. തൈക്കുഴിയിൽ വേപ്പിൻ പിണ്ണാക്ക് ചേർക്കൽ എന്നിവയും കുഴികളിൽ തൈനട്ട ശേഷം തകര, ഗുണ്ടുമല്ലി, എന്നിവ നടുകയോ ചെയ്താലും നിമവിരകളെ ഒഴിവാക്കാം.

മറ്റുപ്രത്യേകതകൾ:

പയറുവർഗ്ഗ സസ്യങ്ങളിലെ ഏറ്റവും വലിയ പൂവുള്ള സസ്യമാണ് അകത്തി.

കുരുമുളക് വെറ്റിലച്ചെടി എന്നിവയ്ക്ക് താങ്ങായി അകത്തി വച്ചുപൊടിപ്പിക്കാറുണ്ട്.

അകത്തിയുടെ വേരിൽ റൈസോബിയം ബാക്ടീരിയയുടെ അധിവാസമുള്ളതിനാൽ മണ്ണിൽ നൈട്രജൻ സന്നിദ്ധ്യം കൂടുതലാണ്.

ഇലകളും കായകളും കൂടുതൽ ലഭ്യമാകുന്നതിന് ശാഖകൾ കോതുന്നത് നല്ലതാണ്.

മുഖ്യശാഖ കോതുകയോ മുറിവേൽക്കുകയോ ചെയ്താൽ അകത്തി നശിക്കാറുണ്ട്.

പുതിയ ഇനം അകത്തികൾ അലങ്കാരത്തിനായി പൂന്തോട്ടങ്ങളിൽ വച്ചുപിടിപ്പിക്കാറുണ്ട്.

വെയിലുള്ള അടുക്കള തോട്ടങ്ങളിൽ വച്ചുപിടിപ്പിക്കാവുന്നതാണ്. ചെറു ചെടികൾക്ക് ചെറുതണൽ ലഭ്യമാകും.

ഫെൻസ് ലൈനുകൾ, പാടങ്ങളുടെ അതിര്, നെൽപ്പാ‍ട ബണ്ടുകൾ, കനാൽ തിട്ടകൾ എന്നിവിടങ്ങളിൽ സമൃദ്ധമായി വളർത്താവുന്നതാണ്.

റോഡ്, സ്റ്റേഡിയം എന്നിവിടങ്ങളിൽ തണൽ വൃക്ഷമായി നടാവുന്നതാണ്.

5-8 വർഷം വരെ വളർച്ച്യുള്ള മരങ്ങൾ തടിപ്പണികൾക്കും കരകൌശലപ്പണികൾക്കും ഉപയോഗിക്കാം.

ചെറുതടികൾ, ശാഖകൾ എന്നിവ വിറകിനാ‍യി ഉപയോഗിക്കാവുന്നതാണ്.

കന്നുകാലികൾക്ക് ഒന്നാന്തരം ഇലയാഹാ‍രമാണ്.

ഇല, പൂവ്, പാകമാകാത്ത കായ്കൾ എന്നിവ ഏഷ്യൻ വിപണികളിലെ സുലഭമായ പച്ചക്കറികളാണ്.

ഏഷ്യൻ ഭക്ഷ്യശാലകളിൽ അകത്തിയുപയോഗിച്ച് സ്റ്റ്യൂ, സൂപ്പ്, വിവിധയിനം കറികൾ എന്നിവ ഉണ്ടാക്കുന്നു.

അകത്തിയില ഉപ്പ് ചേർക്കാതെ വേവിച്ച് കഴിക്കുന്നത് വൈറ്റമിൻ എ യുടെ കുറവുകൊണ്ടുള്ള നേത്രരേഗം ശമിപ്പിക്കും.

അകത്തിയിലക്കറിയായി കുട്ടികൾക്ക് നൽകിയാൽ എല്ലുവളർച്ചയ്ക്ക് നന്നാണ്.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: നൂറുമേനി വിളവും ലാഭവും നേടാൻ ജാമ്പ കൃഷി

English Summary: Agastta tree farming techniques for better yield

Like this article?

Hey! I am Arun T. Did you liked this article and have suggestions to improve this article? Mail me your suggestions and feedback.

Share your comments

Subscribe to our Newsletter. You choose the topics of your interest and we'll send you handpicked news and latest updates based on your choice.

Subscribe Newsletters

Latest News

More News Feeds